പട്യാല: മൂന്ന് പതിറ്റാണ്ട് മുമ്പ് കാർപാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ മർദ്ദനമേറ്റ് മരിച്ച കേസിൽ പഞ്ചാബ് കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു പട്യാല കോടതിയിൽ കീഴടങ്ങി. കഴിഞ്ഞ ദിവസം സുപ്രീം കോടതി സിദ്ധുവിനെ ഈ കേസിൽ ഒരു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. സിദ്ധുവിനോട് കീഴടങ്ങാൻ നേരത്തെ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ കീഴടങ്ങുന്നതിന് കുറച്ചു കൂടി സമയം ആവശ്യപ്പെട്ടിരുന്നു.

1988 ഡിസംബർ 27നാണ് കേസിനാസ്പദമായ സംഭവം. പഞ്ചാബിലെ പട്യാലയിൽ നടുറോഡിൽ വാഹനം പാർക്ക് ചെയ്ത സിദ്ദുവിനെ പിന്നാലെ മറ്റൊരു വാഹനത്തിലെത്തിയ ഗുർണാം സിംഗ് (65) ചോദ്യം ചെയ്തു. സിദ്ദുവും സുഹൃത്ത് രൂപിന്ദർ സിംഗ് സന്ധുവും ചേർന്ന് ഗുർനാം സിംഗിനെ കാറിൽ നിന്ന് വലിച്ചിറക്കി മർദ്ദിക്കുകയും അയാൾ പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്തെന്നാണ് കേസ്.

1999ൽ പാട്യാല സെഷൻസ് കോടതി സിദ്ദുവിനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കി, സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതേ വിട്ടിരുന്നു. അതിനെതിരെ ഗുർനാംസിംഗിന്റെ ബന്ധുക്കൾ സമർപ്പിച്ച അപ്പീലിൽ പഞ്ചാബ് – ഹരിയാന ഹൈക്കോടതി സിദ്ദുവിനെ നരഹത്യയ്ക്ക് മൂന്ന് വർഷം തടവിന് വിധിച്ചു.

ഈ വിധിക്കെതിരായ അപ്പീലിൽ സിദ്ദുവിനെ കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയ സുപ്രീംകോടതി തടവ് ശിക്ഷ റദ്ദാക്കുകയും 1000 രൂപ പഴ ശിക്ഷ മാത്രം വിധിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും ഉൾപ്പെട്ട ബെഞ്ചിന്റെ ആ വിധിക്കെതിരെ ഗു‌ർ‌‌‌നാം സിംഗിന്റെ ബന്ധുക്കൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിലാണ് ഇപ്പോഴത്തെ വിധി.

കുറ്റകൃത്യത്തിന്റെ ഗൗരവവും ശിക്ഷയും തമ്മിൽ ന്യായമായ അനുപാതം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 1000 രൂപ പിഴയോടൊപ്പം ഒരു വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. അപര്യാപ്തമായ ശിക്ഷ നീതിന്യായ വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here