ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇത്രത്തോളം രൂക്ഷമായത് അടുത്തകാലത്താണ്. ഏകദേശം രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഇന്ത്യയുടെ ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലേക്ക് ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയതോടെ 2020 മേയ് മുതല്‍ സംഘര്‍ഷ സാഹചര്യമാണ്. ചൈനയുടെ പാലം നിര്‍മ്മാണത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ഇന്ത്യ. ഇതിന്റെ ഫലമായാണ് അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്ക് ബ്രഹ്മപുത്ര നദിക്ക് കുറുകെ തന്ത്രപ്രധാനമായ റോഡും റെയില്‍പ്പാതയും ഉള്‍പ്പെടുന്ന തുരങ്കപാത നിര്‍മ്മിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നത്. ചൈനീസ് വെല്ലുവിളി വര്‍ദ്ധിച്ചിരിക്കെ അടിയന്തരഘട്ടങ്ങളില്‍ അരുണാചല്‍ അതിര്‍ത്തിയിലേക്ക് എളുപ്പത്തില്‍ സൈനികരെയും ആയുധങ്ങളെയും എത്തിക്കാന്‍ ഈ പാത ഉപകരിക്കും.

കേന്ദ്ര റെയില്‍വേ, ഗതാഗത മന്ത്രാലയം, ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈനേഷന്‍ എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. പ്രതിരോധ മന്ത്രാലയത്തിന്റെ അനിവാര്യമായ ആവശ്യങ്ങളില്‍ ഒന്നാണ് ഈ തുരങ്കപാത എന്ന് റെയില്‍വേ മന്ത്രാലയ യോഗത്തിന്റെ മിനിട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അരുണാചല്‍ അതിര്‍ത്തിയില്‍ എത്താന്‍ സൈന്യത്തിന് പ്രധാന പ്രതിബന്ധം ബ്രഹ്മപുത്ര നദിയാണ്. തുരങ്കം വരുന്നതോടെ ഈ പ്രതിസന്ധി ഇല്ലാതാകും. അസമിലെ തെസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്ര നദിയുടെ പ്രവേശന മുഖം വരെയാണ് തുരങ്കം നിര്‍മിക്കുക. 7000 കോടിയാണ് പദ്ധതി ചെലവ്. നീളം 9.8 കിലോമീറ്റര്‍. ആഴം നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ 30 മീറ്റര്‍ വരെ. 2.5 വര്‍ഷം ആണ് നിര്‍മ്മാണ കാലയളവ്. ബ്രഹ്മപുത്ര നദിക്കടിയിലൂടെ മൂന്ന് തുരങ്കങ്ങള്‍ ആണ് നിര്‍മിക്കുക. ഇതില്‍ ഒന്ന് റോഡ് ഗതാഗതത്തിനും മറ്റൊന്ന് ട്രെയിന്‍ ഗതാഗതത്തിനും ആയി വിനിയോഗിക്കും. മൂന്നാമത്തെ പാത അടിയന്തര സേവനങ്ങള്‍ക്കായി മാറ്റിവയ്ക്കും. പ്രത്യേക ഇടനാഴിയിലൂടെ ഇവ മൂന്നും പരസ്പരം ബന്ധിപ്പിക്കും. ഇങ്ങനെ ചൈനീസ് പ്രകോപനത്തെ നേരിടാനാണ് ഇന്ത്യ സജ്ജമാകുന്നത്. അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കുകയാണ് ഇരു രാജ്യങ്ങളും. തിടുക്കപ്പെട്ടുള്ള ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നീക്കങ്ങളും എന്തിനെന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here