രാജേഷ് തില്ലങ്കേരി

തൃക്കാക്കരയിൽ യഥാർത്ഥത്തിൽ ആരൊക്കെ തമ്മിലാണ് മത്സരിക്കുന്നത് ? മുഖ്യമന്ത്രി പിണറായി വിജയനും കെ പി സി സി അധ്യക്ഷൻ കെ സുധാകരനും തമ്മിലാണേ്രത ഇവിടെ മൽസരം. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും, അവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോഴും മുഖ്യൻ മുഖ്യറോളിൽ ഉണ്ടായിരുന്നില്ല. ഏഴാംകടലിനക്കരെ നിന്നും ചികിത്സകഴിഞ്ഞ് മുഖ്യനെത്തുന്നതുവരെ തെരഞ്ഞുടുപ്പ് കാര്യങ്ങൾക്ക് ചുക്കാൻ പി ചിറ്റപ്പനായിരുന്നു മുഖ്യ നടത്തിപ്പുകാരനായി ഇ പി ചിറ്റപ്പൻ നല്ല പെർഫോമൻസിലുമായിരുന്നു. മുത്തായ ഡോക്ടറെ ഇടതുപക്ഷസ്ഥാനാർത്ഥിയായി ലഭിച്ചതിന്റെ സന്തോഷത്തിലിരിക്കുകയായിരുന്നു ചിറ്റപ്പനും സംഘവും.

ഇതിനിടയിലാണ് മഹാപിന്തിരിപ്പന്മാരായ കോൺഗ്രസുകാർ ഇടതു സ്ഥാനാർത്ഥിക്കെതിരെ രംഗത്തെത്തുന്നത്.  ഇത് മുത്തല്ലെന്നും, സഭാ ആസ്ഥാനത്തുനിന്നും പഴുപ്പിച്ച പാപത്തിന്റെ വിത്താണെന്നുമൊക്കെയായി കോൺഗ്രസ് ആരോപണം. ഇതോടെ തുടങ്ങിയതാണ് തൃക്കാക്കരയിലെ കോൺഗ്രസ്-സി പി എം പോര്. ആദ്യമൊക്കെ പ്രതിപക്ഷനേതാവായ വി ഡി സതീശനും എൽ ഡി എഫ് കൺവീനർ വി ഡി സതീശനും തമ്മിലായിരുന്നു പോരാട്ടമെങ്കിലും പിന്നീട് കണ്ണൂരിലെ ബന്ധവൈരികൾ തമ്മിലുള്ള പോരാട്ടമാണ് അരങ്ങേറിയത്. ഇതോടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കണ്ണൂർ സ്റ്റൈൽ ആരോപണവും പ്രത്യാക്രമണവുമായി.  

വികസനമാണ് പ്രധാന അജണ്ടയെന്നും കെ റെയിലാണ് പ്രധാന ചർച്ചയെന്നുമൊക്കെയായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും അതൊന്നുമല്ല പിന്നീട് കണ്ടത്. കെ റെയിൽ സർവ്വെയുടെ മഞ്ഞക്കുറ്റിയിടൽ പോലും അവസാനിപ്പിച്ച് ജനങ്ങൾക്ക് എല്ലാം അറിയാമെന്ന നിലപാട് സ്വീകരിച്ചിരിക്കയായിരുന്നു സി പി എം.

അമേരിക്കൻ യാത്രകഴിഞ്ഞ് കൊച്ചിയിലെത്തിയതോടെയാണ് മുഖ്യന് ഒരു കാര്യം ബോധ്യപ്പെട്ടത്.  തൃക്കാക്കര അത്രപെട്ടെന്ന് കടക്കാവുന്ന കരയല്ലെന്ന്. അതോടെയാണ് തൽക്കാലം തിരുവനന്തപുരത്തേക്കില്ലെന്നും, തൃക്കാക്കരയിൽ എന്തെങ്കിലുമൊക്കെ തീരുമാനമാവാതെ പിന്നീട്ടില്ലെന്നും പ്രഖ്യാപനമുണ്ടായത്. ഒരു ദിവസം പത്ത് യോഗങ്ങളിൽ വരെ പങ്കെടുത്തുകൊണ്ട് തൃക്കാക്കരയിൽ പിണറായി വീണ്ടും ക്യാപ്റ്റനായി. ഭയമാണ്  മുഖ്യനെന്നും, ചങ്ങലപൊട്ടിയ നായ ഓടുന്നതുപോലെയാണ് മുഖ്യനിപ്പോ ഓടുന്നതെന്നും കെ സുധാകരൻ അങ്ങ് വടക്കൻ ശൈലിയിൽ അങ്ങ് കാച്ചി. എന്നാൽ വടക്കൻ വീരഗാഥയും വടക്കൻ സെൽഫിയുമൊന്നും കാണാത്ത മന്ത്രി പി രാജീവ് മുഖ്യമന്ത്രി കെ സുധാകരൻ അധിക്ഷേപിച്ചു എന്ന ആരോപണവുമായി രംഗത്തെത്തി. ഒപ്പം ഇ പി ചിറ്റപ്പനും കെ സുധാകരനെതിരെ ആരോപണവുമായി രംഗത്തെത്തി. 

നിയമമന്ത്രികൂടിയായ പി രാജീവ് കെ സുധാകരനെതിരെ കേസെടുക്കാൻ നിയമമുണ്ടോ എന്ന് നിയമ പുസ്തകം പരിശോധിച്ചുകൊണ്ടിരിക്കെ സുധാകരൻ തിരുത്തലും ക്ഷമാപണവുമായി രംഗത്തെത്തിയെങ്കിലും അതൊന്നും ശരിയാവൂല എന്ന നിലപാടിലാണ് സി പി എം. കെ റെയിലിന്റെ മഞ്ഞക്കുറ്റി കോൺക്രീറ്റ് ജോലിക്കാർക്ക് റിഡക്ഷൻ വിലയ്ക്ക് വിൽക്കാൻ വച്ചതോടെ വിഷയമില്ലാതായി കിടന്ന സി പി എം ചങ്ങലപൊട്ടിയ നായ പ്രയോഗം കത്തിക്കാനുള്ള വഴിയാണ് തേടുന്നത്.

ഉറപ്പാണ് 100, ഉറപ്പാണ് തൃപ്പൂണിത്തുറയെന്ന പ്രചരണ മന്ത്രം എങ്ങിനെയും നടപ്പാക്കിയെടുക്കയാണ് സി പി എം ലക്ഷ്യം.
തൃക്കാക്കരയിൽ അതിശക്തമായ മത്സരമാണ് അരങ്ങേറുന്നത്. ഭരണ കക്ഷിയിലെ എല്ലാ എം എൽ എ മാരും തൃക്കാക്കരയിൽ കേന്ദ്രീകരിച്ചിരിക്കയാണ്. ഇതിനിടയിലാണ് കണ്ണൂരിലെ ചേകവർ വീണ്ടും ഏറ്റുമുട്ടുന്നത്. എന്തായാലും ബ്ര്ണ്ണൻ കലാപങ്ങൾ വീണ്ടും തുടങ്ങാതിരുന്നാൽ മതിയായിരുന്നു


 
തൃക്കാക്കരയിൽ പിണറായിക്കൊപ്പം “വഴിപാട്” നടത്തിയ തോമസ് മാഷിനെ കാണ്മാനില്ല!  

 

എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ ജോ ജോസഫിനെ സ്വന്തം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചും കോൺഗ്രസിനെ വെല്ലുവിളിച്ചും രംഗത്തെത്തിയ കെ വി തോമസിനെ കാണാനില്ലെന്ന് പരാതി. സ്വന്തം തെരഞ്ഞെടുപ്പായി കണ്ട് കളത്തിലിറങ്ങുകയാണെന്ന് പ്രഖ്യാപിച്ച് എൽ ഡി എഫ് കൺവെൻഷനിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട തോമസുമാഷെ പിന്നീടാരും കണ്ടിട്ടില്ലത്രേ…
 

വൈകിട്ടോടെ തന്റെ അനുയായികൾ കൂട്ടത്തോടെ വരുമെന്നായിരുന്നു പ്രതീക്ഷകൾ. എന്നാൽ അതുണ്ടായില്ല. കെ വി തോമസിനെ പുറത്താക്കിയ കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് രംഗത്തിറങ്ങാൻ ആരുമുണ്ടായില്ല. സ്വന്തം തട്ടകമായ  കുമ്പളങ്ങിയിൽപോലും ഒരു ചലനവും സൃഷ്ടിക്കാൻ  മാഷിന് സാധിച്ചില്ല. എങ്ങോട്ടും താനില്ലെന്നും ഞാനിപ്പോഴും കോൺഗ്രസുകാരനാണെന്നും തന്നെ ആർക്കു പുറത്താക്കാൻ കഴിയില്ലെന്നുമായിരുന്നു മാഷ് തുടരെ തുടരെ പറഞ്ഞിരുന്നത്. വികസന രാഷ്ട്രീയത്തിന്റെ അപ്പോസ്ഥലനായി രംഗത്തെത്തിയ കെ വി തോമസിനെ വികസന രാഷ്ട്രീയക്കാർ എന്തു ചെയ്യുമെന്നു മാത്രം അറിയില്ല. കോൺഗ്രസുകാരനായിരിക്കാൻ നാഷണലിസ്റ്റ് കോൺഗ്രസിൽ ചേരുന്നതാണ് നല്ലതെന്ന് പഴയ സഹപ്രവർത്തകനും എൻ സി പി സംസ്ഥാന അധ്യക്ഷനുമായ പി സി ചാക്കോ ഉപദേശിച്ചിട്ടുണ്ട്.

ആ പാലമല്ല, ഈ പാലം! പാലാരിവട്ടം ഹാങ് ഓവറിൽ ഒരു ജനത

കോഴിക്കോട് ജില്ലയിലെ കൂളികാവിൽ നിർമ്മാണത്തിലിരുന്ന പാലം നിലം പൊത്തിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കയാണ്. പാലം നിർമ്മാണത്തിലെ അഴിമതിയാണ് തകർച്ചയ്ക്ക് വഴിവച്ചതെന്നാണ് ലീഗുകാരുടെയും കോൺഗ്രസുകാരുടെയും ആരോപണം. കുറ്റക്കാരനായ മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.  എന്നാൽ ഹൈഡ്രോളിക്ക് ജാക്കിയാണ് വില്ലനെന്നും, വകുപ്പിന് വീഴ്ചയില്ലെന്നുമാണ് മന്ത്രിയും മറ്റ് സി പി എം നേതാക്കളും പറയുന്നത്.  
 

കോൺഗ്രസ് ഭരണകാലത്ത് പണിത പാലാരിവട്ടം പാലം പിന്നീട് പൊളിച്ചുമാറ്റേണ്ടിവന്നതാണ് അവരുടെ ആരോപണത്തിന് പിന്നിലെന്നും നിർമ്മാണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് കിഫ്ബിയും വ്യക്തമാക്കിയിരിക്കയാണ്. കിഫ്ബി ശരണം ഗച്ചാമി!



ശമ്പളമില്ല, കൊടിയ നഷ്ടത്തിലും; കെ എസ് ആർ ടി സിക്ക്  ബസ് വാങ്ങാൻ 450 കോടി!

കെ എസ് ആർ ടി സിയിലെ ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. ജീവനക്കാർക്ക് ശമ്പളം കൊടുക്കലല്ല തന്റെ പണിയെന്നും, അതൊന്നും ചോദിച്ച് ഇങ്ങോട്ടേക്ക് വരേണ്ടതില്ലെന്നുമാണ് മന്ത്രി ആന്റണി രാജുവിന്റെ തിട്ടൂരം. ട്രാൻസ്‌പോർട്ട് മന്ത്രിയെന്നാൽ ട്രാൻസ്‌പോർട്ട് ബസിന്റെ മാത്രം മന്ത്രിയല്ലെന്നും ആന്റണി രാജു വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം മാനേജ് മെന്റാണേ്രത ചെയ്യേണ്ടത്. എന്നാൽ ജീവനക്കാരില്ലാതെ, ഇന്ധനമില്ലാതെ എങ്ങിനെ വണ്ടി ഓടിക്കാമെന്ന് പഠി്ക്കാനായി വിദേശത്ത് പോയ എം ഡി തിരിച്ചുവരാത്തതിനാൽ ശമ്പളം എന്നു കൊടുക്കുമെന്നു മാത്രം പറയാൻ കഴിയാത്ത അവസ്ഥയിലുമാണ് മാനേജ്‌മെന്റ്.

വായ്പ എടുത്ത് ശമ്പളം നൽകാനാണ് പദ്ധതി, എന്നാൽ ആരെങ്കിലും വായ്പ കൊടുത്താലല്ലേ കാര്യം നടക്കൂ.
എന്തായാലും സർക്കാർ കെ എസ് ആർ ടി സിക്ക് വേണ്ടി 700 സി എൻ ജി ബസുകൾ വാങ്ങാൻ തീരുമാവിച്ചിരിക്കയാണ്. ഇതിനായി 450 കോടി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ഡീസൽ ബസുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സി എൻ ജി ബസുകൾ വാങ്ങാൻ സർക്കാർ സർക്കാർ തീരുമാനം. എന്നാൽ ജീവനക്കാർക്ക് ശമ്പളം കൊടുക്കാതെ പട്ടിണിക്കിട്ട് പുതിയ ബസുകൾ വാങ്ങിയാൽ ഇതൊക്കെ ആരാണ് ഓടിക്കുകയെന്നും ജീവനക്കാർ ചോദിക്കുന്നു.
കെ എസ് ആർ ടി സിയെ നന്നാക്കാനായി ഒന്നു ശ്രമിച്ച ടോമിൻ തച്ചങ്കരിയെന്ന  എം ഡിയെ സി ഐ ടി യു നേതാക്കളടക്കം ഓടിച്ച കഥയാണിപ്പോൾ നാട്ടുകാർക്ക് ഓർമ്മവരുന്നത്.


 ചിന്തൻ ശിബിരം മഹാസംഭവം !

കഴിഞ്ഞയാഴ്ച നടന്ന ചിന്തൻ ശിബിരം കോൺഗ്രസിനെ അപ്പാടെ മാറ്റി മറിക്കുമെന്നായിരുന്നു മാധ്യമ മേലാളന്മാർ പറഞ്ഞിരുന്നത്. എന്നാൽ ശിബിരം സമാപിച്ച് നേതാക്കളൊക്കെ വീട്ടിലേക്ക് പോയതെന്നൊഴിച്ചാൽ കോൺഗ്രസിൽ പ്രത്യേകി്ച്ച് ഒന്നും സംഭവിച്ചിട്ടില്ലെന്നു മാത്രം. ചിന്തൻ ശിബിരത്തിൽ കോൺഗ്രസിന് പുതുജീവൻ പകരാനുള്ള ഒറ്റമൂലിയുണ്ടാവുമെന്നും, അതല്ല കോൺഗ്രസിനെ ചെറുപ്പമാക്കാനുള്ള മരുന്നായിരിക്കും ഉണ്ടാവുകയെന്നുമൊക്കെ പറഞ്ഞു കേട്ടിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല.
 
രാഹുൽ വീണ്ടും കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്നാണ് കേരളത്തിലെ എം പിമാർ ഒറ്റക്കെട്ടായി വാദിച്ചത്. എന്നാൽ രാഹുൽ മടങ്ങിവരുന്നതൊന്നും തീരുമാനമായില്ല. ഒരു കുടുംബത്തിൽ ഒരു പദവിയെന്ന തീരുമാനമാണ് വലിയ സംഭവമാകാൻ പോകുന്നത്. പ്രിയങ്കാ ഗാന്ധി മറ്റൊരു കുടുംബത്തിലായതിനാൽ അവർക്ക് കുഴപ്പമുണ്ടാവില്ലെന്ന് അനുമാനിക്കാം. ശിബിരം എല്ലാ സംസ്ഥാനത്തും നടത്തുമത്രേ, പരസ്പരം കാലുവാരുന്ന നേതാക്കൾ പരസ്പരം കാണുന്നത് നല്ലതുതന്നെയാണ്.


ട്വന്റി 20 യെ പ്രണയിക്കുന്നവർ

തൃക്കാക്കരയിൽ തങ്ങളുടെ സ്ഥാനാർത്ഥിയില്ലെന്ന പ്രഖ്യാപനം വന്നതോടെ ഇരുമുന്നണികളും കിഴക്കമ്പലത്താണ്. അവരുടെ വോട്ടുകൾ ആർക്ക് അനുകൂലമാണെന്നറിയായി ട്വന്റി 20 ചീഫ് കോ-ഓഡിനേറ്റർ സാബു എം ജേക്കബ്ബിന്റെ മുന്നിൽ തൊഴുത് നിൽക്കയാണ് ഇടത് -വലത് നേതാക്കൾ. കിഴക്കമ്പലത്തെ ഒരു വ്യവസായി എന്നൊക്കെ അധിക്ഷേപിച്ചിരുന്ന ഈ നേതാക്കൾക്കൊക്കെ സാബുവിനോടുള്ള സ്‌നേഹം കാണുമ്പോൾ ആർക്കും സഹതാപം തോന്നും. എന്തൊരു ഗതികേടാണ് സാർ.
 

സി പി എം നേതാ്ക്കൾ നിരന്തമായി അധിക്ഷേപിച്ചിരുന്നതാണ് ട്വന്റി 20യെ. വ്യവയാസ പാർക്കുമായി തെലങ്കാനയിലെ കാക്കനാടയിലേക്ക് വിമാനം കയറിയ കോർപ്പറേറ്റിന്റെ വീട്ടുപടിക്കൽ കാപ്പത്തുങ്കോ…. എന്ന അപേക്ഷയുമായി വ്യവസായ മന്ത്രി കിടക്കുന്ന കിടപ്പുകണ്ടോ….ട്വന്റി ട്വന്റിയുമായി നിരന്തരമായി തർക്കത്തിലും വിവാദങ്ങളിലുമായിരുന്ന കുന്നത്തുനാട് എം എൽ എയെ സി പി എം മൂന്ന് തവണ തള്ളിപ്പറഞ്ഞിരിക്കയാണ്. വേണമെങ്കിൽ ഇനിയും തള്ളിപ്പറയാമെന്നാണ് സിപി എം നിലപാട്.

കോൺഗ്രസുകാരനായിരുന്ന ശ്രീനിജനെ അവർ ചവിട്ടി്പ്പുറത്താക്കിയതാണെന്നും ശ്രീനിജനെ ഒരു മുറിയിൽ പൂട്ടിയി്ട്ടിലെങ്കിൽ ഇടത് മുന്നണി ജയിക്കില്ലെന്നുമാണ് സാബു എം ജേക്കബ്ബ് കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വന്തം എം എൽ എയെ അധിക്ഷേപിച്ചും ചിരിച്ചുകൊണ്ട് നിൽക്കയാണ് സി പി എം നേതാക്കൾ. ഹോ…. അപാരം തന്നെ തൊലിക്കട്ടി.



വാൽകഷണം:  
ആറുവയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും ഉള്ളയാളാണ് കെ സുധാകരനെന്ന് തലശ്ശേരി എം എൽ എ എ എം ഷംസീർ. കണ്ണാടിയാണ് സാക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here