ന്യൂ ഡൽഹി : തെലങ്കാന മോഡൽ വികസനം രാജ്യമെങ്ങും എന്ന ആഹ്വാനവുമായി ദേശീയ പാർട്ടി പ്രഖ്യാപനത്തിന് ഒരുങ്ങി കെ സി ആർ. തെലങ്കാന രാഷ്ട്ര സമിതിയെ ഭാരതീയ രാഷ്ട്ര സമിതിയാക്കിയാണ് മാറ്റുന്നത്. ഞായറാഴ്ച മുതിർന്ന ടിആർഎസ് നേതാക്കൾക്ക് മുന്നിൽ കർമ്മപദ്ധതി കെസിആർ അവതരിപ്പിക്കും. വിപുലമായ പരിപാടികളുമായി പാർട്ടി പ്രഖ്യാപനം നടത്താനാണ് നീക്കം. കോൺഗ്രസ് ഒഴികെ മറ്റ് പ്രാദേശിക പാർട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് ആലോചന.

രാഷ്ട്രപതി സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ മമത ബാനർജി വിളിച്ച യോഗത്തിൽ നിന്ന് ടിആർഎസ് വിട്ടുനിന്നിരുന്നു. കോൺഗ്രസില്ലാത്ത ഫെഡറൽ മുന്നണി ആശയമാണ് ടിആർഎസ് മുന്നോട്ടുവയ്ക്കുന്നത്.  അഖിലേഷ് യാദവ്, ഹേമന്ദ് സോറൻ, ദേവഗൗഡ, അണ്ണാഹസാരെ തുടങ്ങിയവരെ വസതിയിലെത്തി നേരത്തെ കെസിആർ കണ്ടിരുന്നു. പിണറായി വിജയൻ, സീതാറാം യെച്ചൂരി അടക്കമുള്ള സിപിഎം നേതാക്കൾ തെലങ്കാന സന്ദർശനത്തിനിടെ കെസിആറിൻറെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

എൻ ടി രാമറാവുവിനും വൈഎസ്ആറിനും ജയലളിതയ്ക്കും  ശേഷം തെക്കേന്ത്യയിൽ നിന്ന് ഇത്രയേറെ ദേശീയ ശ്രദ്ധ ലഭിച്ച മറ്റൊരു മുഖ്യമന്ത്രിയില്ലെന്ന് ടിആർഎസ് അവകാശപ്പെടുന്നു. മകൻ കെ ടി രാമറാവുവിന് സംസ്ഥാന നേതൃത്വത്തിൻറെ പൂർണ ചുമതല നൽകാനും നീക്കമുണ്ട്. അതേസമയം, മതാ ബാനർജി ഇന്നലെ വിളിച്ച യോഗം രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിലേക്കുള്ള സൂചനയായി. മമത വിളിച്ച യോഗത്തിൽ 17 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ബംഗാൾ മുഖ്യമന്ത്രി രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here