കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ അല്ല, തനിക്കെതിരെ ഹൈദരാബാദിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് ഒവൈസി വെല്ലുവിളിച്ചു. കോൺഗ്രസിൻ്റെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകർത്തതെന്ന കാര്യം ആരും മറക്കരുതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.

രാജ്യത്ത് തുല്യത ഉറപ്പാക്കാൻ ജാതി സെൻസസ് അത്യന്താപേക്ഷിതമാണെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രമേശ് ബിദുരി വിവാദം ജാതി സെൻസസ് ആവശ്യത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ബിജെപി ശ്രമമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഉറപ്പായും വിജയിക്കുമെന്നും രാജസ്ഥാനിൽ കടുത്ത മത്സരമുണ്ടെങ്കിലും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തെലങ്കാനയിലും മിക്കവാറും ജയിക്കുന്ന സാഹചര്യമാണെന്നും രാഹുൽ കൂട്ടിചേർത്തു. 2024 ല്‍ ബിജെപി അത്ഭുതപ്പെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിദിൻ മീഡിയ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

പ്രതിപക്ഷത്ത് വലിയ കൂട്ടായ്മ രൂപപ്പെട്ടുവെന്നും വിയോജിപ്പുകള്‍ പരസ്പരം ചർച്ച ചെയ്ത് അഭിപ്രായ സമന്വയം ഉണ്ടാക്കിയാണ് പ്രതിപക്ഷ പാർട്ടികള്‍ മുന്നോട്ട് പോകുന്നതെന്നും രാഹുൽ പറഞ്ഞു. ഒരു പാർട്ടിക്കെതിരെയല്ല , ഇന്ത്യ എന്ന ആശയത്തെ സംരക്ഷിക്കാനാണ് പ്രതിപക്ഷം പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലും ട്വിറ്ററും അടക്കം നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാണെന്നും മാധ്യമങ്ങളെ ബിജെപി നിയന്ത്രിക്കുന്നെന്നും ഇതെല്ലാം കണക്കിലെടുത്താണ് ഭാരത് ജോ‍ഡോ എന്ന ആശയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here