സിക്കിം പ്രളയത്തില്‍ കാണാതായവരില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ കണ്ടെടുത്തത് ടീസ്ത ബാരേജിന് സമീപത്തുനിന്നാണ്. ഇനി കണ്ടെത്താനുള്ളത് സൈനികര്‍ ഉള്‍പ്പെടെ 27 പേരെയാണ്. സിങ്താമില്‍ കുടുങ്ങിയ ഏഴുവരെ എന്‍ഡിആര്‍എഫ് രക്ഷപ്പെടുത്തി. മലയാളികളടക്കമുള്ള സഞ്ചാരികള്‍ കുടുങ്ങി. രണ്ടായിരത്തോളം പേര്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം.

ടീസ്ത നദിയിലെ ജലനിരപ്പ് പെട്ടെന്ന് 20 അടിയിലധികം ഉയർന്നു. ചുങ്‌താങ് അണക്കെട്ടിൽ നിന്നുള്ള വെള്ളം കൂടി എത്തിയത് ദുരന്ത തീവ്രത കൂട്ടി. രക്ഷാപ്രവർത്തനം തുടരുകയാണ്. വടക്കൻ സിക്കിമിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് പ്രളയ മുന്നറിയിപ്പ് ലഭിച്ചത്. നദീതീരങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടയാണ് മിന്നൽ പ്രളയം എത്തിയത്. സർവ്വം തകർത്ത് ആർത്തിരമ്പി ടീസ്ത നദി മുന്നോട്ടൊഴുകി. 23 സൈനികർ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ ഒഴുക്കിൽ പെട്ടതായി ഗുവാഹത്തിയിലെ സൈനിക വക്താവ് അറിയിച്ചു. സിംഗ്താമിന് സമീപമുള്ള ബർദാംഗിൽ സൈനിക വാഹനങ്ങൾ ഒലിച്ചുപോയി.

ലാച്ചൻ താഴ്‌വരയിലെ നിരവധി സൈനിക സ്ഥാപനങ്ങൾക്ക് കേടുപാട് സംഭവിച്ചു. കാണാതായവരുടെ എണ്ണം വർധിച്ചേക്കാമെന്ന് ഭരണകൂടം പ്രതികരിച്ചു. സിക്കിം സർക്കാർ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുഖ്യമന്ത്രി പ്രേം സിങ് തമാങ് പ്രളയ മേഖല സന്ദർശിച്ചു. ടീസ്ത നദിക്ക് കുറുകെയുള്ള സിങ്തം പാലം അടക്കം 6 പാലങ്ങൾ തകർന്നു . സിക്കിം – ബംഗാൾ ദേശീയ പാത ഒലിച്ചു പോയി. വടക്കൻ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിൽ പെട്ടെന്നുണ്ടായ മേഘവിസ്ഫോടനമാണ് ടീസ ത നദിയിലെ ജലനിരപ്പ് ഉയർത്തിയത്.

ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് സ്ഥിതി സങ്കീർണമാക്കി . അണക്കെട്ട് തകരാറിലായത് വെള്ളം കുത്തി ഒലിച്ചെത്താൻ കാരണമായെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്നലത്തെ ഉണ്ടായ ഭൂചലനo കൂടി മണ്ണിടിച്ചിലിന് കാരണമായിരിക്കാമെന്നാണ് കേന്ദ്ര ജല കമ്മീഷന്റ വിലയിരുത്തൽ. ബംഗാളിലും ബംഗ്ലാദേശിലും പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാളിലെ ജൽപായ്ഗുരിയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here