ചെന്നൈ: ഗവര്‍ണര്‍ മടക്കിയ പത്ത് ബില്ലുകള്‍ ഏകകണ്ഠമായി പാസാക്കി തമിഴ്‌നാട് നിയമസഭ. കാരണങ്ങള്‍ വ്യക്തമാക്കാതെ ഗവര്‍ണര്‍ ആര്‍.എന്‍. രവി മടക്കിയ ബില്ലുകള്‍ പുനരവതരിപ്പിക്കാന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രമേയം കൊണ്ടുവന്നിരുന്നു. തുടര്‍ന്നാണ് ബില്ലുകള്‍ നിയമസഭ പാസാക്കിയത്. എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും ബില്ലുകളെ അനുകൂലിച്ചു.

2020 ല്‍ രണ്ടും 2022 ല്‍ ആറും 2023 ല്‍ രണ്ട് ബില്ലുകളുമാണ് നിയമസഭ പാസാക്കി ഗവര്‍ണറുടെ അനുമതിക്കയച്ചത്. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക്‌, ചാന്‍സലര്‍മാരായി സ്ഥാനക്കയറ്റം നല്‍കുകയും അതിലൂടെ ഗവര്‍ണറുടെ അധികാരത്തില്‍ തടയിടുകയുമാണ് പ്രസ്തുതബില്ലുകളിലൂടെ സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്. ബില്ലുകള്‍ മടക്കിയ ഗവര്‍ണറുടെ നടപടിയെ സ്റ്റാലിന്‍ രൂക്ഷമായി വിമര്‍ശിച്ചു.

ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമാണ് ഗവര്‍ണറുടെ നടപടിയെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി. ബില്ലുകള്‍ സഭ വീണ്ടും പാസാക്കി അയക്കുന്ന പക്ഷം ഗവര്‍ണര്‍ക്ക് അവയില്‍ അനുമതി നിഷേധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ഇതരഭരണം നിലവിലുള്ള സംസ്ഥാനങ്ങളെ ഗവര്‍ണര്‍മാരിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുകയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.


തമിഴ്‌നാട്ടില്‍ ഗവര്‍ണറും ഭരണകക്ഷിയായ ഡി.എം.കെയും തമ്മിലുള്ള പോര് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തുടരുകയാണ്. നേരത്തെയും സര്‍ക്കാര്‍ അവതരിപ്പിച്ച ചില ബില്ലുകള്‍ ഗവര്‍ണര്‍ വൈകിപ്പിക്കുകയോ അവഗണിക്കുകയോ ചെയ്തിരുന്നു. ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ള മനഃപൂര്‍വമായ ഉദാസീനതയാണിതെന്നാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here