ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം. ബജറ്റ് പാസ്സാക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. 15 ബിജെപി എംഎല്‍എമാരെ വോട്ടെടുപ്പിന് മുമ്പ് സസ്പെന്‍ഡ് ചെയ്തു.  അതേസമയം  മുഖ്യമന്ത്രിയെ നീക്കമെന്നാവശ്യപ്പെട്ട് വിക്രമാദിത്യ സിങ് മന്ത്രി പദം രാജിവച്ചു. എഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത് കാരണമില്ലാതെയാണെന്നും കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലെന്നും പ്രതിപക്ഷനേതാവ് ജയറാം ഠാക്കൂര്‍ പ്രതികരിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുപ്ന് ഭരണത്തിലുള്ള ഏക ഉത്തരേന്ത്യന്‍ സംസ്ഥാനത്തുണ്ടായ നാടകീയ  നീക്കങ്ങള്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചു. അറ്റ കൈ പ്രയോഗങ്ങളായിരുന്നു പിന്നീട്.  പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ അടക്കമുളള 15 എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത് ബിജെപിയെ സഭയ്ക്ക് പുറത്താക്കി. ഇതോടെ ബജറ്റ് പാസാക്കി അനിശ്ചിത കാലത്തേക്ക് പിരിയാനായി. പ്രതിസന്ധി രൂക്ഷമാക്കി മന്ത്രിസ്ഥാനം രാജിവച്ച വിക്രമാദിത്യ സിങിനെ അനുനയിപ്പിക്കലാണ് അടുത്ത കടമ്പ. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി വിക്രമാദിത്യ സിങിനൊപ്പം 20 എംഎല്‍എമാരുണ്ട്. മുഖ്യമന്ത്രി പദം ഒഴിയില്ലെന്നും വിക്രമാദിത്യയുടെ രാജി അംഗീകരിക്കില്ലെന്നും സുഖ് വീന്ദര്‍ സിങ് സുഖു വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയാക്കാമെന്ന് വിക്രമാദിത്യ സിങിനെ ഹൈക്കമാന്‍ഡ് അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് നിരീക്ഷകരായി അയച്ച ഡി.കെ ശിവകുമാര്‍, ഭൂപേഷ് ബഗല്‍, ഭൂപീന്ദര്‍ ഹുഡ എന്നവര്‍ എംഎല്‍എമാരുമായി സംസാരിച്ച് അധ്യക്ഷന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനമെടുക്കും. കുതിര കച്ചവടത്തിലൂടെ  ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ ബിജെപി താഴെ ഇറക്കുന്നത് അധാര്‍മ്മികവും ഭരണഘടനവിരുദ്ധവുമാണെന്ന് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലെന്നും ബിജെപി എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തത് കാരണമില്ലാതെയാണെന്നും പ്രതിപക്ഷനേതാവ് ജയറാം ഠാക്കൂര്‍ ആരോപിച്ചു. തുടര്‍നടപടികള്‍ സംബന്ധിച്ച കൂടിയാലോചനകള്‍ ബിജെപിയില്‍ തുടരുകയാണ്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ആറ് എംഎല്‍എമാര്‍ക്ക് എതിരായ നടപടി തുടരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here