സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി സുപ്രീംകോടതി നിര്‍ദേശിച്ച രക്ഷാപാക്കേജില്‍ കേരളവും കേന്ദ്രവും സമവായമായില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധിയില്‍ നിന്ന് അയ്യായിരം കോടി അടിയന്തിരമായി അനുവദിക്കാമെന്ന കേന്ദ്രനിര്‍ദേശം കേരളം തള്ളി. കേന്ദ്രവും കേരളവും നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതോടെ ഇടക്കാല ഉത്തരവിനായി അടുത്ത വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കും.  നടപ്പുസാമ്പത്തിക വര്‍ഷം നല്‍കിയ കടമെടുപ്പിന്‍റെ  കണക്കായി കേന്ദ്ര അഭിഭാഷകന്‍  കോടതിയില്‍ വായിച്ചത് പുറത്തുവിടരുതെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും,  എല്ലാവരും കേട്ടുകഴിഞ്ഞെന്ന്  ജസ്റ്റീസ് കെ വി വിശ്വനാഥ് ചിരിച്ചുകൊണ്ട് പറഞ്ഞു.

അയ്യായിരം തരാമെന്ന് കേന്ദ്രം , പതിനായിരമെങ്കിലും വേണെന്ന് കേരളം. കടമെടുപ്പിനെ ചൊല്ലിയുള്ള കേന്ദ്ര–കേരള പോരാട്ടം ഇന്നും തീര്‍പ്പായില്ല. നടപ്പുസമാമ്പത്തിക വര്‍ഷം കേരളത്തിന് അനുവദിച്ച കടമെടുപ്പ് പരിധിയുടെ വിശദീകരണ കുറിപ്പ് കോടതിയില്‍ സമര്‍പ്പിച്ചാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍  കേന്ദ്ര വാദം ആരംഭിച്ചത്. പൊതുവിപണിയില്‍ നിന്ന് ഉള്‍പ്പടെ 52,583 കോടി കേരളം കടമെടത്തിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിന്‍റെ  കടമെടുപ്പ് പരിധി 28,886  കോടിയാണെന്നും ഇതില്‍ 21, 664 കോടിയാണ് ആദ്യ 9 മാസം അനുവദിനീയമായതെന്നും എഎസ്ജി കോടതിയെ അറിയിച്ചു. ഇതില്‍ കേരളം ആവശ്യപ്പെടുന്നതുപോലെ പതിനയ്യാരം കോടി ഇപ്പോള്‍ കൊടുത്താല്‍ പിന്നീട് സംസ്ഥാന പ്രതിസന്ധിയിലാവുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

സുപ്രീകോടതി പറഞ്ഞതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേതില്‍ നിന്നും അയ്യായിരം കോടി നല്‍കാമെന്ന് കേന്ദ്രം നിര്‍ദേശം വെച്ചു. ഇത് അടുത്ത വര്‍ഷത്തേതില്‍ നിന്ന് വെട്ടിക്കുറയ്ക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.  ഈ അയ്യായിരം കോടി വാങ്ങിച്ചു കൂടെ എന്ന് കോടതിയും കേരളത്തോട് ചോദിച്ചു.    എന്നാല്‍ ഇത് എന്ത് നിര്‍ദേശമാണെന്നും അര്‍ഹമായതില്‍ പതിനായിരം കോടിയെങ്കിലും വേണമെന്നും കേരളത്തിന് വേണ്ടി കപില്‍ സിബല്‍ വാദിച്ചു. സംസ്ഥാനത്തിന്‍റെ അധികാരം കേന്ദ്രം നിശ്ചയിക്കുമെന്ന് പറയുകയും അര്‍ഹമായത് തരികയും ചെയ്യാത്ത നിലപാടിനോട് യോജിക്കാനാവില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. കോടതി ഹര്‍ജി തള്ളിയാലും കുഴപ്പമില്ല കേന്ദ്രത്തിന് വഴങ്ങാനാവില്ലെന്ന് കേരളത്തിന്‍റെ അഭിഭാഷകന്‍  പറഞ്ഞതോടെ സമവായം പാളി. കേസില്‍ കോടതി വാദം കേള്‍ക്കണമെന്ന് ഇരുവിഭാഗവും പറഞ്ഞതോടെ  കോടതി അന്തിമവാദത്തിലേക്ക്  അടുത്ത വ്യാഴാഴ്ച  കടക്കും . താമസിക്കാതെ ഉത്തരവും ഉണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here