മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കാനിരിക്കെ, മന്ത്രിമാരുടെ എണ്ണം, വകുപ്പ് എന്നിവയ്ക്കായി സഖ്യകക്ഷി നേതാക്കള്‍ വിലപേശല്‍ നടത്തുന്നതിനിടെ എന്‍ഡിഎ യോഗം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി.

മൂന്നാം മോദി സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള തിരക്കിട്ട നീക്കങ്ങള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുംവരെ മോദി കാവല്‍ പ്രധാനമന്ത്രിയായി തുടരും. രാവിലെ രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന കേന്ദ്രമന്ത്രിസഭാ യോഗം ചേര്‍ന്ന് തുടര്‍ഭരണം നേടിയതിനെ അഭിനന്ദിച്ച് പ്രമേയം പാസാക്കി. പെതുമിനിമം പരിപാടി തയ്യാറാക്കി സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനാണ് നീക്കം. നിതീഷ് കുമാര്‍, ചന്ദ്രബാബു നായ്ഡു, ചിരാഗ് പസ്വാന്‍, ഏക്നാഥ് ഷിന്‍ഡെ, പവന്‍ കല്യാണ്‍, ജയന്ത് ചൗധരി തുടങ്ങി ഘടകകക്ഷി നേതാക്കള്‍ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ പങ്കെടുത്തു.

സഖ്യകക്ഷി നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണക്കത്ത് നല്‍കി. മോദിയും അമിത് ഷായും നിതീഷ് കുമാറും ചന്ദ്ര ബാബു നായ്ഡുവും ചേര്‍ന്ന് രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. രണ്ടാം മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ വൈകീട്ട് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. ആന്ധ്രയ്ക്ക് സാമ്പത്തിക പാക്കേജ്, ചുരുങ്ങിയത് മൂന്ന് കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിസ്ഥാനവുമാണ് ചന്ദ്രബാബു നായ്ഡുവിന്‍റെ ആവശ്യം. ലോക്സഭാ സ്പീക്കര്‍ പദവിയിലും ചന്ദ്രബാബു നായ്ഡുവിന് നോട്ടമുണ്ട്.

ബിഹാറിന് പ്രത്യേക പദവി, രണ്ട് കാബിനറ്റ് മന്ത്രിസ്ഥാനം, രണ്ട് സഹമന്ത്രിസ്ഥാനം എന്നിവയാണ് നിതീഷിന്‍റെ ആവശ്യം. റെയില്‍വേ വകുപ്പിനോട് നിതീഷിന് താല്‍പര്യമുണ്ട്. ചിരാഗ് പസ്വാന്‍, ഏകനാഥ് ഷിന്‍ഡെ തുടങ്ങിയവരും കാബിനറ്റ് മന്ത്രിസ്ഥാനം ഉന്നമിടുന്നു. ആഭ്യന്തരം, ധനം, വിദേശകാര്യം, പ്രതിരോധം എന്നിവ ബിജെപിയുടെ കൈയില്‍ തന്നെ വയ്ക്കാനാണ് മോദിയുടെ താല്‍പര്യം. ചുരുക്കം ചില മുതിര്‍ന്ന മന്ത്രിമാര്‍ക്ക് ഒഴികെ രണ്ടാം മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് വീണ്ടും അവസരം ലഭിച്ചേക്കില്ല. പതിനേഴാം ലോക്സഭാ രാഷ്ട്രപതി ദ്രൗപദി മുര്‍മു പിരിച്ചുവിടും.

ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാതിരിക്കുക. സഖ്യ കക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങി ഭരിക്കേണ്ടിവരിക. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും പത്ത് വര്‍ഷം പ്രധാനമന്ത്രിയായപ്പോഴും അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയാണ് മോദിക്ക് മുന്നിലുള്ളത്.

അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തില്‍ സസ്പെന്‍സ് നിലനിര്‍ത്തി ഇന്ത്യാ മുന്നണി. പ്രതിപക്ഷത്തെങ്കില്‍ ആരാകണം നേതാവെന്നതടക്കം ചര്‍ച്ചചെയ്യാന്‍ ഇന്ത്യാ മുന്നണി യോഗം ഡല്‍ഹിയില്‍ ഉടന്‍ ചേരും. എടുത്തുചാടിയുള്ള സർക്കാർ രൂപീകരണമോ തീരുമാനങ്ങളോ ഉണ്ടാകില്ലെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രതികരിച്ചു. സര്‍ക്കാരുണ്ടാക്കാനുള്ള സാധ്യത ഇന്ത്യാ മുന്നണി പരിശോധിക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.