നാളെ രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. ഇന്ന് വൈകിട്ട് ഡല്‍ഹിയിലെത്താന്‍ ബിജെപി എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിസഭയിലെ വകുപ്പുകള്‍, പ്രാതിനിധ്യം എന്നിവ സംബന്ധിച്ച് സഖ്യകക്ഷി നേതാക്കളുമായി ബിജെപി ചര്‍ച്ച ആരംഭിച്ചു. സത്യപ്രതിജ്ഞവരെ നിതീഷ് കുമാര്‍ ഡല്‍ഹിയില്‍ തുടരും. അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണം, വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ യുസിസി നടപ്പാക്കാവൂ എന്നീ ആവശ്യങ്ങള്‍ ജെഡിയുവിനുണ്ട്.

എന്‍ഡിഎ എംപിമാരുടെ യോഗം ചേര്‍ന്ന് നാളെ നരേന്ദ്ര മോദിയെ പാര്‍ലമെന്‍റിലെ നേതാവായി തിരഞ്ഞെടുക്കും. അമിത് ഷായ്ക്കും നിതീഷ് കുമാറിനും ചന്ദ്രബാബു നായ്ഡുവിനും ഒപ്പം മോദി രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗെ, മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നാഥ് എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

ആഭ്യന്തരം, ധനം, റെയില്‍വേ, വിദേശകാര്യം, നിയമം, െഎടി, പ്രതിരോധം എന്നിവ ബിജെപി തന്നെ കൈവശം വയ്ക്കണമെന്നാണ് നരേന്ദ്ര മോദിയുടെ താല്‍പര്യം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പാക്കേജ് വേണമെന്ന് ജെഡിയുവും ടിഡിപിയും ആവശ്യപ്പെടും. ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ ലോക്സഭാ സ്പീക്കര്‍ പദവി ടിഡിപി ആഗ്രഹിക്കുന്നു. വിശ്വാസവോട്ടെടുപ്പില്‍ സ്പീക്കര്‍ പദവി നിര്‍ണായകമാണ്. വാജ്പേയ് സര്‍ക്കാരിന്‍റെ ഭാഗമായിരുന്നപ്പോള്‍ സ്പീക്കര്‍ പദവി ലഭിച്ചതും ടിഡിപി ചൂണ്ടിക്കാട്ടുന്നു.

ധനം, െഎടി, ഗതാഗതം, ജല്‍ശക്തി മന്ത്രാലയങ്ങളാണ് ടിഡിപി ആവശ്യപ്പെടുക. മൂന്ന് എംപിയ്ക്ക് ഒരു മന്ത്രിസ്ഥാനം എന്നതാണ് നിതീഷ് കുമാറിന്‍റെ ഫോര്‍മുല. കൃഷി, പെട്രോളിയം മന്ത്രാലയങ്ങളാണ് ജെഡിയുവിന്‍റെ ലിസ്റ്റില്‍. രാജ്യമാകെ വൈദ്യുതി ബില്‍ ഏകീകരിക്കണം, അഗ്നിപഥ് പദ്ധതി പരിഷ്ക്കരിക്കണം എന്നീ നിര്‍ദേശങ്ങളും നിതീഷ് മുന്നോട്ടുവച്ചേക്കും. പെതു മിനിമം പരിപാടിയില്‍ ജാതി സെന്‍സസ് ഉള്‍പ്പെടുത്തണമെന്ന് ജെഡിയു ആവശ്യപ്പെട്ടേക്കും.

എച്ച്.ഡി കുമാരസ്വാമി, ചിരാഗ് പസ്വാന്‍, ഏക്നാഥ് ഷിന്‍ഡെ, ജിതന്‍ റാം മാഞ്ചി എന്നിവരും മന്ത്രിസ്ഥാനം ആവശ്യപ്പെടും. ബിജെപിക്ക് കരുത്ത് നല്‍കിയ ഒഡീഷ, തെലങ്കാന, മധ്യപ്രദേശ്, ഹിമാചല്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് മന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കും.