ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സഹമന്ത്രിമാരായിരിക്കും. ജിതിന്‍ പ്രസാദ, ശ്രീപദ് നായിക്, പങ്കജ് ചൗധരി, കൃഷ്ണപാല്‍, രാംദാസ് അഠ്‌വാലെ, രാംനാഥ് ഠാക്കൂര്‍, നിത്യാനന്ദ റായ്, അനുപ്രിയ പട്ടേല്‍, വി.സോമണ്ണ, പെമ്മസാനി ചന്ദ്രശേഖര്‍, എസ്.പി.സിങ് ബഗേല്‍, ശോഭ കരന്തലജെ, കീര്‍ത്തിവര്‍ധന്‍ സിങ്, ബി.എല്‍.വര്‍മ, ശന്തനു ഠാക്കൂര്‍, എല്‍.മുരുഗന്‍, ബണ്ഡി സഞ്ജയ്, കമലേഷ് പസ്വാന്‍, ഭഗീരഥ് ചൗധരി, സതീഷ് ചന്ദ്ര ദുബെ  എന്നിവരാണ് മറ്റ് അധികാരമേറ്റ മറ്റ് സഹമന്ത്രിമാര്‍.

അതേസമയം ഇന്ത്യയുടെ പ്രധാനമന്ത്രിയായി മൂന്നാമതും നരേന്ദ്രമോദി അധികാരമേറ്റു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രണ്ടാമതായി രാജ്നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. 72 അംഗ മന്ത്രിസഭയാണ് ചുമതലയേല്‍ക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാർ. 6 പേർക്ക് സ്വതന്ത്ര ചുമതല. 36 പേർ‌ സഹമന്ത്രിമാർ.

രാഷ്ട്രത്തലവന്മാരും എൻഡിഎ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനു സാക്ഷിയായി. മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചീഫ് ജസ്റ്റിസും ചടങ്ങില്‍ പങ്കെടുത്തു. ഏക്നാഥ് ഷിൻ‌ഡെയും അജിത് പവാറും ചടങ്ങിനെത്തി. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് തുടങ്ങിയവർ ചടങ്ങിനെത്തിയിട്ടുണ്ട്. അംബാനി കുടുംബവും താരങ്ങളായ ഷാറൂഖ് ഖാനും രജനീകാന്തും പങ്കെടുത്തു.