ബംഗളൂരു: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞതെന്ന അവകാശ വാദവുമായി ബംഗളൂരുവിൽ പുതിയ സ്‌മാർട്ട് ഫോൺ വിപണിയിലിറക്കി. നമോടെൽ അച്ചേ ദിൻ എന്ന് പേരിട്ട ഫോൺ 99 രൂപക്കാണ് വിപണിയിൽ ലഭ്യമാകുക. ബംഗളൂരു ആസ്ഥാനമായ നമോടെൽ ആണ് ഇതിനു പിന്നിൽ. കമ്പനിയുടെ വെബ്സൈറ്റിൽ മെയ് 17 മുതൽ 25 വരെ സ്‌മാർട്ട് ഫോണിനു വേണ്ടിയുള്ള ബുക്കിങ്ങ് സൗകര്യം ലഭ്യമാകുമെന്ന് കമ്പനിയുടെ പ്രമോട്ടർ മാദവ് റെഡി അറിയിച്ചു. എന്നാൽ ഈ വെബ്സൈറ്റ് ഇതു വരെ പ്രവർത്തനം തുടങ്ങിയിട്ടില്ല എന്നാണ് അറിയുന്നത്.

പക്ഷേ 99 രൂപക്ക് സ്‌മാർട്ട് ഫോൺ ബുക്ക് ചെയ്യാൻ വരട്ടെ, അതിനു ചില കടമ്പകളുണ്ട്. സ്‌മാർട്ട് ഫോൺ വാങ്ങാൻ ആദ്യം ബീമൈബാങ്കർ എന്ന വെബ് സൈറ്റിൽ പോയി രജിസ്റ്റർ ചെയ്യണം. ഈ സൈറ്റിലെ രജിസ്ട്രേഷൻ ഫീസ് 199 രൂപയാണ്. ഇതിൽ നിന്നും കിട്ടുന്ന യൂസർ ഐഡിയും പാസ്‌വേർ‌ഡും ഉണ്ടെങ്കിലേ സ്‌മാർട്ട് ഫോൺ ബുക്ക് ചെയ്യാൻ പറ്റുകയുള്ളൂ. എന്നാൽ ഈ വെബ്സൈറ്റും ഇതു വരെ തുറന്നിട്ടില്ല.

പൊതു വിപണിയൽ 2, 999 രൂപ വില വരുന്ന സ്‌മാർട്ട് ഫോൺ ആണ് നമോട്ടെൽ കമ്പനി 99 രൂപക്ക് നൽകുന്നതെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്‌മാർട്ട് ഫോൺ നിർമ്മിച്ചതെന്നും ആധാർ കാർഡ് ഉടമകൾക്ക് മാത്രമേ സ്‌മാർട്ട് ഫോൺ ലഭ്യമാകൂ എന്നും നിർമ്മാതാക്കൾ അറിയിച്ചു. ബുക്ക് ചെയ്യുകയാണെങ്കിൽ കാഷ് ഓൺ ഡെലിവറി വ്യവസ്ഥയിലായിരിക്കും സ്‌മാർട്ട് ഫോൺ ലഭ്യമാകുക.

നേരത്തെ റിംഗിങ് ബെൽസ് എന്ന കമ്പനി ഫ്രീഡം 251പേരിൽ 251 രൂപക്ക് സ്‌മാർട്ട് ഫോൺ ലഭ്യമാക്കുമെന്ന അവകാശവാദവുമായി രംഗത്ത് വന്നിരുന്നു.എന്നാൽ പിന്നീട് സ്‌മാർട്ട് ഫോൺ ബുക്ക് ചെയ്‌തവർക്ക് പണം തിരികെ നൽകി കമ്പനി തലയൂരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here