മൈസൂരു: മരിച്ചുവെന്നു കരുതി അന്ത്യകര്‍മ്മങ്ങള്‍ നടത്തി അടക്കുവാന്‍ കൊണ്ടുപോയ മധ്യവയസ്‌ക അവസാന നിമിഷം പുനര്‍ജനിച്ചു. മൈസൂരുവിലെ ബാസവേശ്വര്‍ റോഡിലാണ് സംഭവം. ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചുവെന്നു കരുതി അടക്കാന്‍ കൊണ്ടുപോയ മധ്യവയസ്‌കയ്ക്ക് അവസാന നിമിഷം പള്‍സ് അനുഭവപ്പെടുകയായിരുന്നു. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൈസൂരുവിലെ ബാസവേശ്വര്‍ സ്വദേശിനിയായ പദ്മ ഭായി ലോദ(59)യാണ് ബന്ധുക്കളേയും നാട്ടുകാരേയും ഞെട്ടിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ ഞായറാഴ്ച പദ്മ ഭായിയെ കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ പദ്മ ഭായിയുടെ തലച്ചോറില്‍ രക്തസ്രാവം ഉള്ളതായി കണ്ടെത്തി. ശരീരത്തിലെ പ്രധാന അവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമാണെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്ന് പദ്മ ഭായിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പദ്മ ഭായി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശേഷം പോസ്റ്റുമോര്‍ട്ടം കൂടാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു.

മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന ശേഷം ബന്ധുക്കള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പദ്മ ഭായി മരിച്ചതായി പത്രത്തില്‍ പരസ്യം നല്‍കുകയും ചെയ്തു. സംസ്‌കരിക്കുന്നതിനായി മൃതദേഹം കൊണ്ടുപോകാന്‍ ഒരുങ്ങിയപ്പോഴാണ് ബന്ധുക്കളിലൊരാള്‍ പദ്മ ഭായിക്ക് പള്‍സ് ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പദ്മ ഭായി സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here