ടെഹ്റാൻ∙ ഭീകരവാദം, സൈബർ കുറ്റങ്ങൾ തുടങ്ങിയവ ചെറുക്കുന്നതിന് ഇന്ത്യയും ഇറാനും തമ്മിൽ ധാരണയായി. ഇറാനിലെ ഛബാഹർ തുറമുഖ വികസനത്തിന് 500 മില്യൺ യുഎസ് ഡോളർ നൽകുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. വാണിജ്യം, സാംസ്കാരികം, സയൻസ്, സാങ്കേതികവിദ്യ, റെയിൽവേ തുടങ്ങിയ വിവിധ മേഖലകളിലെയും കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

ഭീകരവാദം, മയക്കുമരുന്ന് കടത്ത്, സൈബർ കുറ്റക‍ൃത്യങ്ങൾ തുടങ്ങിയവ എതിർക്കുന്നതിന് ആവശ്യമായ നടപടികളെടുക്കുമെന്ന് ഇറാനിയൻ പ്രസിഡന്റ് ഹസൻ റൗഹാനിയോടൊപ്പം നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ചബർ തുറമുഖ വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും 500 മില്യൺ യുഎസ് ഡോളർ ഇന്ത്യ നൽകും. ഇറാന്റെ സാമ്പത്തിക സ്ഥിതി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്നു ഒപ്പിട്ട കരാറുകളുടെ സമയബന്ധിത നടപ്പാക്കാലും ഇന്ത്യ ഉറപ്പുനൽകിയിട്ടുണ്ട് – മോദി പറഞ്ഞു.

പ്രതിരോധ – സുരക്ഷ സംവിധാനങ്ങളുടെ പങ്കുവയ്ക്കലും സമുദ്രസുരക്ഷയും വർധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയും ഇറാനും തമ്മിലുള്ള സൗഹൃദത്തിന് ചരിത്രത്തോളം പഴക്കമുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് കല, നിർമിതി, ആശയങ്ങൾ, പാരമ്പര്യം, സംസ്കാരം തുടങ്ങിയവയിലൂടെ ബന്ധം നിലനിർത്തിയിരുന്നു. 2001ൽ ഗുജറാത്ത് ഭൂകമ്പസമയത്ത് സഹായ വാഗ്ദാനവുമായി ആദ്യം എത്തിയത് ഇറാനായിരുന്നുവെന്നും മോദി പറഞ്ഞു.

സിസ്റ്റാൻ ബലൂചിസ്താൻ പ്രവിശ്യകൾക്ക് തെക്കായാണ് ഛബാഹർ തുറമുഖം സ്ഥിതിചെയ്യുന്നത്. ഒമാൻ കടലിലേക്കും പേർഷ്യൻ ഗൾഫിലേക്കും സുഗമമായി കടക്കാവുന്ന തുറമുഖം വാണിജ്യത്തിന് പേരുകേട്ട സ്ഥലമാണ്. ഈ തുറമുഖം വികസിക്കുന്നതോടെ അഫ്ഗാനിസ്ഥാനും മധ്യേഷ്യയുമായി ബന്ധം മെച്ചപ്പെടുത്തി പുതിയ സഞ്ചാരമാർഗ്ഗം തുറക്കാൻ ഇന്ത്യയ്ക്ക് കഴിയും. 2003 മുതൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ചർച്ചയിലെ അജൻഡയാണ് ഛബാഹർ തുറമുഖം.

 

LEAVE A REPLY

Please enter your comment!
Please enter your name here