അഞ്ഞൂറും ആയിരവും നോട്ടുകള്‍ നിർത്തലാക്കിട്ട് പതിനാലു ദിവസം കഴിയുന്നു. ഗ്രാമീണ ഭാരതം ഇതിനെ ഏതു രീതിയിൽ നോക്കിക്കാണും എന്നുള്ളത് ഇനി കാത്തിരുന്നു കാണാന്‍ ഒന്നുമില്ല, എല്ലാവരും ‘നല്ല ഭാഷയില്‍’ തന്നെ പ്രതികരിച്ചു തുടങ്ങീട്ടുണ്ട്. ചുമ്മാതെ നാട്ടുകാരെ പറ്റിച്ചു ‘സ്ലോഗന്‍ പൊളിറ്റിക്സ്’ കളിക്കുന്ന പോലെയല്ല ഒരു രാജ്യത്തിന്‍റെ കറന്‍സി എടുത്തുവച്ചു കളിക്കുന്നത്. എണ്‍പത് ശതമാനത്തോളം ജനസംഖ്യ ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഈ രാജ്യത്ത്, ഇത്തരമൊരു ‘മഹത്’കര്‍മ്മത്തിനു ശേഷം, പതിനൊന്നു കോടിയോളം ജനങ്ങൾ ക്യൂവിലാണ്, അതായത് ‘ഇന്ത്യ ക്യൂവിലാണ്!’

ദിവസക്കൂലിക്ക് ജോലി ചെയ്തു ജീവിക്കുന്നവർ പട്ടിണിയും പരിവട്ടവുമായി ക്യൂവില്‍ നില്‍ക്കുന്നു. ഒരു നേരത്തെ ആഹാരം കഴിക്കാൻ സാധിക്കാതെയും ആശുപത്രിയിൽ മരുന്നുകൾ വാങ്ങാൻ പണമില്ലാതെയും ഭാരതമക്കള്‍ മരിച്ചു വീഴുന്നു.

പ്രത്യേകിച്ചും ജോലിയും കൂലിയും അവകാശപ്പെടാന്‍ ഇല്ലാത്തവര്‍ക്കെല്ലാം നരേന്ദ്ര മോദി ജോലി കൊടുത്തു. അവരൊക്കെ ക്യൂവില്‍ നിന്ന് കമ്മീഷൻ പറ്റുന്ന ഉദ്യോഗസ്ഥരായിരിക്കുന്നു. ദീപസ്തംഭം മഹാശ്ചര്യം!

ലഭ്യമായ കണക്കുകള്‍ പ്രകാരം

  • 52% ആളുകള്‍ക്ക് ബാങ്കിൽ അക്കൗണ്ട് ഉണ്ട്.
  • അതിൽ 25% ജൻധൻ യോജനയിൽ അടുത്തകാലത്ത് അക്കൗണ്ട് തുടങ്ങിയവരാണ്.
  • അതിൽതന്നെ ഭൂരിഭാഗം ആളുകള്‍ക്കും ഡെബിറ്റ് കാർഡ് ഉപയോഗിക്കാന്‍ അറിയില്ല.
  • 74% ഇന്ത്യക്കാര്‍ക്ക് മാത്രമേ അവരുടെ പേരു പോലും എഴുതാന്‍ അറിയൂ.
  • 40%ന് ഒരു ഫോം പൂരിപ്പിക്കാന്‍ ഒക്കെ അറിയാം.
  • 6% പേര്‍ മാത്രമേ ഗ്രാമങ്ങളില്‍ ATM ഉപയോഗിക്കുന്നുള്ളൂ

ഇങ്ങനെയുള്ള ജനങ്ങളോടാണ്‌ ‘ഇപ്പ…ശരിയാക്കിത്തരാം’ എന്ന് കുതിരവട്ടം പപ്പു മോഡലില്‍ ഒരു കൂട്ടര്‍ പറയുന്നത്

നേരെ ചൊവ്വേ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ കഴിയുന്നവര്‍ അല്ല, മിക്ക ആളുകളും. പ്രതിദിന ജീവിത മാര്‍ഗങ്ങള്‍ നോക്കി അന്നത്തിനു വകയുണ്ടാക്കുന്നവരാണു പലരും. ആ ജനങ്ങളാണ് പതിനഞ്ചും ഇരുപതും കിലോമീറ്റർ നടന്നു കിടക്കയും എടുത്തു ബാങ്കിന്‍റെ മുന്നില്‍ ക്യൂ നിന്നു 2000 രൂപ വാങ്ങുന്നത്.

കാർഷിക വിളവുകൾ ഇറക്കുന്ന സമയമാണ് ഈ ‘ഗംഭീര’പരിഷ്കരണം! വിത്തുകൾ വാങ്ങണം, വളം ശേഖരിക്കണം, കയ്യിൽ കരുതി വച്ചിരുന്ന പണം കപ്പലണ്ടി പൊതിയുന്ന കടലാസിന്‍റെ വില പോലും ഇല്ലാതായി … ഇനി എന്തുചെയ്യും..? അവർ ആശ്രയിക്കുന്ന ഗ്രാമീണ കർഷക സഹകരണ സംഘങ്ങൾ അടച്ചുപൂട്ടി.

ഏകദേശം 200 മില്യൺ കടകൾ ഈ നാട്ടിൽ ഉണ്ട്. അതിൽ 2% കടകളില്‍ മാത്രമാണ് ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും സ്വൈപ്പ് ചെയ്യാന്‍ കഴിയുന്നതും. അതൊക്കെ പോട്ടെ, ഏത് മാവേലി സ്റ്റോറിലും റേഷന്‍കടയിലും ആണ് കാര്‍ഡുകള്‍ എടുക്കുന്നത്?

ഏകദേശം 1,34,000 ബാങ്കുകൾ ഇവിടെ പ്രവര്‍ത്തനം നടത്തുന്നു. അതിൽ രണ്ടു ലക്ഷത്തോളും ATM ഉണ്ടായിരുന്നതില്‍ 40% മാത്രമേ ഇപ്പോള്‍ പ്രവർത്തനത്തിൽ ഉള്ളു. ഈ ATMകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഒക്കെയായി 3000 ടെക്നീഷ്യന്‍മാരാണ് ഉള്ളത്. സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ് ചെയ്യാനും പണം നിറയ്ക്കാനും മൊത്തത്തില്‍ ‘എല്ലാം ശരിയാക്കാനും’ ഒക്കെ ആയി ഇനിയും പിടിക്കും, ഒരു നാലഞ്ച് മാസം!!!

നോൺബാങ്കിങ് മേഖലയും മൈക്രോഫിനാൻസസും പരിപൂര്‍ണമായി നിലച്ചു. ചെറുകിട കർഷകർ അല്ലെങ്കിൽ വ്യവസായികൾ പണം വാങ്ങാന്‍ കഴിയാതെ അവരുടെ ദൈനംദിന കാര്യങ്ങൾ എങ്ങനെ കൊണ്ടുപോകും എന്ന് ആശങ്കയില്‍ കഴിയുന്നു. സ്വന്തം പണത്തിന് ‘പിച്ച’ തരുന്ന ഈ സമ്പ്രദായത്തില്‍ രണ്ടായിരത്തിന് മിനിമം ചില്ലറ എങ്കിലും തരണ്ടേ? അതിനുള്ള അവകാശം പോലും ഇല്ലെന്നോ?

കൈത്തറി പോലെയുള്ള ചെറിയ കച്ചവട ഉത്പന്നങ്ങള്‍ റീറ്റെയ്ൽ കടകൾ വഴിയാണ് വിറ്റു പോകുന്നത്. ഇതിൽ പരിപൂര്‍ണ്ണമായും “ക്യാഷ് ആൻഡ് ക്യാരി” പരിപാടികള്‍ ആണ് നടക്കുന്നത്. ഇവിടൊക്കെ ഇപ്പോള്‍ പണം എടുക്കാനും കൊടുക്കാനും ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. ആഴ്ചകളിൽ ജോലി ചെയ്താലും ശമ്പളം കൊടുക്കാൻ പണമില്ല!

ഇന്ത്യയിൽ തൊഴിൽശാലകളിൽ ജോലിചെയ്യുന്നത് മുപ്പത്തിമൂന്നു ശതമാനം ദിവസക്കൂലിക്കാരാണ്. അവർ എന്തുചെയ്യും…? ഹോൾസെയിൽ മാർക്കറ്റ്, ആഴ്ചകളിൽ നടക്കുന്ന മിതമായ ലാഭത്തിൽ വിൽക്കുന്ന “ഫെയർ പ്രൈസ്” ചെറുകിട കച്ചവട വ്യാപാരങ്ങൾ പൂട്ടിക്കിടക്കുന്നു. ഇതൊക്കെയാണ് ബിജെപി കൊട്ടി ഘോഷിച്ച ‘സർജിക്കൽ സ്ട്രൈക്ക് ഓണ്‍ കള്ളപ്പണം’ കൊണ്ടുണ്ടായ നേട്ടങ്ങള്‍!

ഉറി ആർമിയുടെ ക്യാമ്പില്‍ നടന്ന ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ ‘സർജിക്കൽ സ്ട്രൈക്കിന്’ ശേഷം അതിർത്തിയിൽ നിന്നും നുഴഞ്ഞുകയറ്റം കൂടിയിട്ടുണ്ട് എന്നാണു കണക്കുകള്‍. പണമില്ലാതെ കാശ്മീരിലെ ‘തീവ്രവാദികളായ ജനങ്ങള്‍’ ബുദ്ധിമുട്ടുകയാണ് എന്ന് ‘ചിലര്‍’ അഭിമാനത്തോടെ അവകാശപ്പെടുന്നു. നിത്യജീവിതത്തിനു വേണ്ട എല്ലാ സാധന സാമഗ്രികളും പണ്ടേ നിരോധിക്കപ്പെടുകയും അതുമായി പൊരുത്തപെട്ട് ജീവിക്കുകയും ചെയ്യുന്നവരാണ് നാഷണലിസ്റ്റ് ഇന്ത്യയിലെ കാശ്മീര്‍ ജനവിഭാഗം എന്നും കൂട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

‘എലിയെ തുരത്താൻ ഇല്ലം ചുടണോ …?’ സീതാറാം യെച്ചൂരിയുടെ വാക്കുകൾ കടം എടുക്കുന്നു.

തടാകത്തിൽ ആക്രമണകാരികളായ മുതലയെ കൊല്ലാന്‍ തടാകം വറ്റിക്കാന്‍ ജനാധിപത്യ സര്‍ക്കാര്‍ തീരുമാനിക്കുന്നു. നല്ല കാര്യം തന്നെ… മീനുകളും മനുഷ്യരും ഭയം കൂടാതെ ജീവിക്കുമല്ലോ… കയ്യടിക്കാനും ആള്‍ക്കാര്‍ ഉണ്ടായി. പക്ഷെ, ഉണ്ടായതോ? ആയിരക്കണക്കിന് മീനുകൾ ചത്തു പൊങ്ങി… മുതലകളെ കണ്ടതുമില്ല. മുതലകള്‍ കരയിലും ജീവിക്കുമെന്നു തടാകം വറ്റിക്കുന്നവർക്ക് അറിയാമോ എന്തോ എന്ന ആത്മഗതം പോലും ഉന്നയിക്കരുത്. ഇത് ജനാധിപത്യവിരുദ്ധമാകും!

വാല്‍ക്കഷ്ണം : ഇന്ത്യ ഗ്രാമങ്ങളിൽ ജീവിക്കുന്നു എന്നു പറഞ്ഞതു മഹാത്മാ ഗാന്ധിയാണ്. ഈ ഗ്രാമങ്ങളില്‍ നിന്നും ഇതുവരെയായി 55 ജീവിതങ്ങള്‍ ആധുനിക കാലത്തെ മുതലകളെ പിടിക്കുന്നതിന്‍റെ ഇടയില്‍ പൊലിഞ്ഞു പോയിട്ടുണ്ട്. അതെ, അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ മഞ്ഞു കൊള്ളുമ്പോള്‍ തന്നെയാണ് ഇവരും മരിക്കുന്നത്.

ഈ കാണിക്കുന്ന പ്രഹസനങ്ങളെക്കാള്‍ സർജിക്കൽ സ്ട്രൈക്ക് നടത്തേണ്ടത് ഇന്ത്യ കത്തുമ്പോൾ ബിജെപിയുടെ നേതാവ് ബാംഗ്ലൂർ നടത്തിയ അഞ്ഞൂറു കോടി ആഘോഷമാക്കിയ കല്യാണത്തിന് എതിരെ ആണ്. പാവങ്ങളുടെ പണവുമായി മുങ്ങിയ വിജയ മല്യയ്ക്ക് എതിരെയാണ്. പക്ഷെ പറഞ്ഞു പറഞ്ഞു വരുമ്പോള്‍ സുപ്രീം കോടതി പോലും ദേശവിരുദ്ധത പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്നവര്‍ ആരെ പിടിക്കാന്‍? (കാരണവര്‍ക്ക്‌ അടുപ്പിലും ആകാം..:( )

ആകെ വോട്ടുകളില്‍ കേവലം 31% വോട്ടു കിട്ടിയവരാണ് അധികാരത്തില്‍ എത്തിയത് എന്നോര്‍ക്കുന്നതും നന്നായിരിക്കും. നാണയത്തിന് മാത്രമല്ല കറന്‍സിക്കും ഉണ്ട് ഇരുവശം. (എത്ര നിറം മാറ്റിയാലും അത് അങ്ങനെത്തന്നെയാകും! )

LEAVE A REPLY

Please enter your comment!
Please enter your name here