നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പിഴവ് സംഭവിച്ചുവെന്ന് അദ്ദേഹം രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. സ്വന്തം അക്കൗണ്ടില്‍ പണം ഉണ്ടെങ്കിലും അത് പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യം ലോകത്ത് മറ്റേതെങ്കിലും രാജ്യത്തുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ രാജ്യത്തെ വളര്‍ച്ചാനിരക്ക് രണ്ട് ശതമാനം കുറയുമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു. നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്നു രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ 50 ദിവസം ചോദിച്ച പ്രധാനമന്ത്രിയുടെ വാക്കുകളെയും അദ്ദേഹം തള്ളി. 50 ദിവസം കൊണ്ട് രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതം ദുരിതമാകുമെന്ന് പറഞ്ഞ അദ്ദേഹം കാര്‍ഷിക മേഖലയും ചെറുകിട വ്യാപാരനിര്‍മാണ മേഖലകളും തകരുമെന്നും സൂചിപ്പിച്ചു.

രാജ്യത്തിന് പുറത്തുള്ള ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം സുരക്ഷിതമായി തുടരുകയാണ്. നോട്ട് പിന്‍വലിക്കല്‍ നടപടിയുടെ ദൂഷ്യം പ്രധാനമന്ത്രിക്ക് പോലും മനസിലായിട്ടില്ലെന്നും എന്നാല്‍ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും മന്‍മോഹന്‍ സിംഗ് സഭയില്‍ പറഞ്ഞു.

………………………………………………………………..

രാജ്യസഭയില്‍ ഡോ. മന്‍മോഹന്‍സിംങ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം
സര്‍,
500, 1000 നോട്ടുകള്‍ പിന്‍വലിച്ച തീരുമാനത്തെ തുടര്‍ന്നുള്ള ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. തീവ്രവാദികളുടെ കള്ളനോട്ട് ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ തകര്‍ക്കുന്നതിനും കറന്‍സിയുടെ ദുരുപയോഗം തടയുന്നതിനും കള്ളപ്പണം ഇല്ലാതാക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് പ്രധാനമന്ത്രി നോട്ട് നിരോധനത്തെ വിശേഷിപ്പിച്ചത്. ഈ ലക്ഷ്യങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസം എനിക്കില്ല. എന്നാല്‍ ആ ലക്ഷ്യത്തിനായി നോട്ടുകള്‍ പിന്‍വലിച്ച നടപടി കെടുകാര്യസ്ഥതയുടെ ചരിത്രസ്മാരകമാകുമെന്ന് വിശേഷിപ്പിക്കേണ്ടി വരും. ആ തീരുമാനം തെറ്റായിരുന്നു എന്നതില്‍ രാജ്യത്തിനകത്ത് രണ്ട് അഭിപ്രായമില്ല. ഈ തീരുമാനം എടുത്തവര്‍ തന്നെ സാധാരണക്കാര്‍ക്ക് കുറച്ചുകാലത്തേക്ക് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദീര്‍ഘകാലത്തേക്ക് നോക്കുമ്പോള്‍ രാജ്യനന്മക്ക് വേണ്ടിയാണ് ഈ ബുദ്ധിമുട്ടുകളെന്നും അവര്‍ പറയുന്നു. ഇത് എന്നെ ഓര്‍മ്മിപ്പിച്ചത് ജോണ്‍ കെയിന്‍സിന്റെ വാക്കുകളാണ്. ‘കാലക്രമേണ നമ്മളെല്ലാവരും മരിക്കും’

പ്രധാനമന്ത്രിയുടെ തീരുമാനത്തെ തുടര്‍ന്ന് ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരുന്നത് രാജ്യത്തെ സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കാണ്. ഈ തീരുമാനത്തിന്റെ അനന്തരഫലത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയാനാവില്ലെന്ന് എല്ലാ ഉത്തരവാദിത്വത്തോടെയും കൂടിത്തന്നെ ഞാന്‍ പറയുന്നു.

50 ദിവസം കാത്തിരിക്കാനാണ് പ്രധാനമന്ത്രി പറയുന്നത്. തീര്‍ച്ചയായും രാജ്യത്തെ സംബന്ധിച്ച് 50 ദിവസം എന്നത് ചെറിയ കാലയളവാണ്. എന്നാല്‍ രാജ്യത്തെ ദരിദ്രര്‍ക്ക് 50 ദിവസത്തെ പ്രതിസന്ധി എന്നത് വലിയ ദുരിതം സൃഷ്ടിക്കും. അതുകൊണ്ടാണ് ഈ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്ത് 60 മുതല്‍ 65 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന വാര്‍ത്തകള്‍ വരുന്നത്. മരിച്ചവരുടെ എണ്ണം ഒരു പക്ഷേ കൂടുതലായിരിക്കാം. രാജ്യത്തെ കറന്‍സി സംവിധാനത്തിലും ബാങ്കിലുമുള്ള ജനങ്ങളുടെ വിശ്വാസം തിരികെ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

ലോകത്ത് ഏതെങ്കിലും രാജ്യത്ത് ബാങ്കുകളില്‍ നിക്ഷേപിച്ച പണം പിന്‍വലിക്കുന്നതില്‍ നിന്നും പൗരന്മാരെ വിലക്കിയ ചരിത്രമുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ഈയൊരൊറ്റ കാരണം മതി രാജ്യത്തിന്റെ പൊതുനന്മക്കെന്ന പേരില്‍ അവതരിപ്പിച്ച ഈ തീരുമാനത്തെ എതിര്‍ക്കാന്‍.

നോട്ട് റദ്ദാക്കിയ തീരുമാനത്തെ തുടര്‍ന്ന് രാജ്യത്തെ കാര്‍ഷികമേഖലയിലായിരിക്കും ഏറ്റവും വലിയ തിരിച്ചടി സംഭവിക്കുക. ചെറുകിട കച്ചവടക്കാരെയും ചെറുകിട വ്യവസായങ്ങളേയുമെല്ലാം ദോഷകരമായി ബാധിക്കും. രാജ്യത്തിന്റെ ജിഡിപി കുറഞ്ഞത് രണ്ട് ശതമാനം കണ്ട് കുറയും. ഇത് പെരുപ്പിച്ച കണക്കല്ല, മറിച്ച് പ്രതീക്ഷിക്കുന്നതിലും താഴ്ത്തിയാണ് കരുതുന്നത്. രാജ്യം നേരിടുന്ന ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ പദ്ധതിയുമായി മുന്നോട്ടുവരികയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്.

ബാങ്കിംങ് മേഖലയില്‍ ദിനംപ്രതി നിയമങ്ങള്‍ മാറ്റുന്നത് ശരിയായ നടപടിയല്ല. പ്രത്യേകിച്ചും സ്വന്തം അക്കൗണ്ടില്‍ നിന്നും ജനങ്ങള്‍ പണം പിന്‍വലിക്കുന്നത് തടയുന്നതുപോലുള്ള വിഷയങ്ങളില്‍. ഇത് പ്രധാനമന്ത്രിയുടെ ഓഫീസിന്റേയും ധനകാര്യമന്ത്രിയുടെ ഓഫീസിന്റേയും റിസര്‍വ് ബാങ്കിന്റേയും കെടുകാര്യസ്ഥതയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത്തരമൊരു വിമര്‍ശനം റിസര്‍വ്ബാങ്കിനെതിരെ ഉന്നയിക്കേണ്ടി വരുന്നതില്‍ ക്ഷമിക്കണം. എന്നാല്‍ എന്റെ വിമര്‍ശനം ന്യായമാണെന്നുതന്നെ കരുതുന്നു.

രാജ്യത്തെ സാധാരണക്കാര്‍ നേരിടുന്ന ദുരിതം അവസാനിപ്പിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ഇന്ത്യയില്‍ 90 ശതമാനം ജനങ്ങളും അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവരാണ്. ഇതില്‍ 55ശതമാനവും കൃഷിക്കാരും തൊഴിലാളികളുമാണ്. ഇവരാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ഗ്രാമങ്ങളിലെ സാമ്പത്തിക ഇടപാടുകളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന കോര്‍പ്പറേറ്റീവ് ബാങ്കുകളെ പണം വിനിമയം ചെയ്യുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ ഈ തീരുമാനം കെടുകാര്യസ്ഥതയുടെ ചരിത്രസ്മാരകമാകും, ഇത് സാധാരണക്കാരുടെ നേരെയുള്ള പിടിച്ചുപറിയാണ് സംഘടിതമായ കൊള്ളയടിക്കലാണ്.

സര്‍, ഈ വാക്കുകളോടു കൂടി ഞാന്‍ അവസാനിപ്പിക്കുന്നു. ഈ വൈകിയ വേളയിലെങ്കിലും പ്രധാനമന്ത്രി രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവശ്യമായ പ്രായോഗിക നടപടികള്‍ സ്വീകരിക്കുമെന്ന് കരുതുന്നു. അങ്ങനെ സംഭവിച്ചാല്‍ നിലവില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് അത് ആശ്വാസകരമാകും.

നന്ദി.

LEAVE A REPLY

Please enter your comment!
Please enter your name here