രാജ്യത്തെ പൗരൻമാരുടെ ബയോമെട്രിക് വിവരങ്ങൾ റിലയൻസ് ജിയോയ്ക്ക് കൈമാറിയത് സംബന്ധിച്ചു ലഭിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ കേരള ഹൈക്കോടതി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയോടും റിലയന്‍സിനോടും വിശദീകരണം തേടി.യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ സുനിൽ.റ്റി.ജിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ആധാറിലെ പൊതു-സ്വകാര്യവിവരങ്ങൾ കുത്തക കമ്പനിയായ റിലയൻസിന് കൈമാറുക വഴി യു.ഐ.ഡി.എ.ഐയും കേന്ദ്ര സർക്കാറും 2016 ആധാർ ആക്റ്റ് ലംഘനമാണ് നടത്തിയിരിക്കുന്നത് എന്ന് പരാതിയിൽ പറയുന്നു. പൗരൻമാരുടെ രഹസ്യവിവരങ്ങൾ ചോർത്തി നൽകുകയാണ് ഇവർ ചെയ്തിരിക്കുന്നത്.

വിരളടയാളം ഉപയോഗിച്ചു മാത്രമെ ആധാറിലെ വിവരങ്ങൾ തുറക്കാൻ (അൺലോക്ക് ചെയ്യാൻ ) കഴിയൂ എന്നും സർക്കാർ അറിയിച്ചിരുന്നു. ഒരു സ്വകാര്യ കമ്പനിയ്ക്ക് ഇത്തരത്തിൽ ആളുകളുടെ വിരളടയാളം ശേഖരിക്കുവാനുള്ള സ്വാതന്ത്യം നൽകിയ സാഹചര്യം വെളിപ്പെടുത്തണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു.

തങ്ങളുടെ പുതിയ സിം കാർഡ് വിൽക്കുന്നതിനാണ് റിലയൻസ് ജിയോ പൊതുജനത്തിന്റെ ആധാർ വിവരങ്ങൾ നേടിയെടുത്തത്. വിരളടയാളം ഉപയോഗിച്ചു വിവരങ്ങൾ ശേഖരിച്ചതിന് 2 മണിക്കൂറെങ്കിലും കഴിഞ്ഞതിന് ശേഷമാണ് സിം ആക്റ്റീവാകുന്നത്. അൺലോക്ക് ചെയ്യപ്പെട്ട വിവരങ്ങൾ വീണ്ടും ലോക്ക് ചെയ്യപ്പെടുന്നുണ്ടോ എന്ന് വ്യക്തതയില്ല.

രഹസ്യസ്വഭാവമുള്ള ഈ വിവരങ്ങൾ റിലയൻസ് ജിയോ എത്ര കാലം സൂക്ഷിച്ചുവയ്ക്കും എന്ന് ഉപഭോക്താക്കളെ അറിയിച്ചിട്ടുമില്ല. ഇങ്ങനെ അൺലോക്ക് ചെയ്യപ്പെട്ട വിവരങ്ങൾ എന്തെല്ലാം കാര്യങ്ങൾക്ക് ഉപയോഗിക്കപ്പെടും എന്നും ഉപയോക്താവിന് അറിയില്ല.

ഒരാളുടെ സ്വകാര്യതയാണ് കേന്ദ്ര സർക്കാർ ലംഘിച്ചത്. റിലയൻസ് ജിയോ ഉന്നത സ്വാധീനമുള്ള കമ്പനിയാണെന്നും, അവരുമായി പങ്ക് വച്ച് വിവരങ്ങൾക്ക് ഇനി സുരക്ഷിതത്വം പ്രതീക്ഷിക്കേണ്ടതില്ല എന്നും ഹർജിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here