ഗ്ലിറ്റര്‍ പേനയും പ്രിന്ററും ഉപയോഗിച്ച് പുതിയ 2000 രൂപയുടെ വ്യാജനോട്ടുണ്ടാക്കിയ നാലംഗ സംഘം പൊലിസ് പിടിയിലായി. നിര്‍മിച്ച പണം പലയിടങ്ങളിലായി ഉപയോഗിച്ചതിന് ശേഷമാണ് ഇവര്‍ പിടിയിലായത്. നാല് ദിവസത്തോളമാണ് ഇവര്‍ ഇത്തരത്തില്‍ നിര്‍മിച്ച വ്യാജ നോട്ട് സാധനങ്ങള്‍ വാങ്ങിക്കാനായി ഉപയോഗിച്ചത്. എട്ട് മദ്യശാലകളിലും ഇവര്‍ ഈ നോട്ട് ഉപയോഗിച്ചിരുന്നു.

ശശാങ്ക്, മധുകുമാര്‍,കിരണ്‍ കുമാര്‍, നാഗരാജ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഒരു സുഹൃത്തിന്റെ കടയില്‍ നിന്നും ഇവര്‍ വ്യാജനോട്ട് നിര്‍മിക്കാന്‍ തുടങ്ങിയത്. 25 നോട്ടുകളാണ് ഫോട്ടോസ്റ്റാറ്റ് മെഷീന്‍ ഉപയോഗിച്ച് ഇവര്‍ നിര്‍മിച്ചത്. നോട്ടുകള്‍ കോപ്പി എടുത്ത ശേഷം യഥാര്‍ഥ അളവില്‍ മുറിച്ചെടുത്ത് നോട്ടിലുള്ള പച്ച വരയ്ക്ക് ഗ്ലിറ്റര്‍ പേന ഉപയോഗിച്ച് നിറം നല്‍കുകയായിരുന്നു. എട്ട് നോട്ടുകളായിരുന്നു അറസ്റ്റിലാവുമ്പോള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നത്.

പിടിയിലായവരില്‍ രണ്ടുപേര്‍ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്നവരാണ്. ഒരാള്‍ മെക്കാനിക്കും മറ്റൊരാള്‍ ഓട്ടോറിക്ഷ തൊഴിലാളിയുമാണ്.

ഒറ്റനോട്ടത്തില്‍ ഒര്‍ജിനലാണെന്ന് തോന്നിപ്പിക്കുന്ന നോട്ട് നിര്‍മിച്ച പേപ്പറിന്റെ വ്യത്യാസമാണ് വ്യാജമാണെന്ന് തിരിച്ചറിയാന്‍ സഹായിച്ചതെന്ന് പൊലിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here