മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പകരം ഖാദി ഉദ്യോഗിന്റെ കലണ്ടറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ ന്യായീകരണവുമായി സര്‍ക്കാര്‍. ഇപ്പോഴുണ്ടാക്കുന്ന വിവാദങ്ങള്‍ ആവശ്യമില്ലാത്തതാണെന്നും അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.

ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്റെ (കെ.വി.ഐ.സി) 2017 ലെ കലണ്ടറിലും ഡയറിയിലുമാണ് ഗാന്ധിജിയുടെ ചിത്രത്തിനു പകരം മോദിയുടെ ചിത്രം ചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ ഗാന്ധിജി ചര്‍ക്കയില്‍ നൂല്‍കോര്‍ക്കുന്ന ചിത്രമാണ് ചേര്‍ത്തിരുന്നത്. ഇതു മാറ്റി മോദി ചര്‍ക്കയ്ക്കു മുമ്പിലിരിക്കുന്ന ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്.

മുന്‍പും ഗാന്ധിജിയുടെ ചിത്രങ്ങളില്ലാതെ കെ.വി.ഐ.സിയുടെ ഡയറിയും കലണ്ടറും ഇറങ്ങിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. 1996, 2002, 2005, 2011, 2013, 2016 വര്‍ഷങ്ങളില്‍ ഗാന്ധിജിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതില്‍ ഗാന്ധിജിയുടെ ചിത്രങ്ങള്‍ വേണമെന്നു നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഈ വര്‍ഷങ്ങളില്‍ ഗാന്ധിജിയുടെ ചിത്രങ്ങള്‍ ചേര്‍ത്തിരുന്നില്ലെങ്കിലും അന്നത്തെ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. ഇപ്രാവശ്യമാണ് കേന്ദ്ര സര്‍ക്കാരിന്റെ കലണ്ടറുകളിലും കെ.വി.ഐ.സി കലണ്ടറിലും ഡയറിയിലും മോദിയുടെ ചിത്രം നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ജീവനക്കാരുടെ ഇടയില്‍ നിന്നും പ്രതിപക്ഷത്തുനിന്നും പ്രതിഷേധം ഉയര്‍ന്നു.

”ഈ വഴിക്കാണെങ്കില്‍ മംഗള്‍യാന്റെ ക്രെഡിറ്റും മോദി എടുക്കും”– കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

”ഗാന്ധിയാവാന്‍ കുറേ വര്‍ഷത്തെ കഠിപ്രയത്‌നം ആവശ്യമുണ്ട്. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ചാല്‍ ഒരാള്‍ക്ക് ഗാന്ധിയാവാനാകില്ല”– ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

”ഗാന്ധിജി രാഷ്ട്രത്തിന്റെ പിതാവാണ്. മോദി ജി എന്താണ്???”– പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ട്വീറ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here