മുൻ കേന്ദ്ര മന്ത്രിയും മലപ്പുറത്തു നിന്നുള്ള ലോക്സഭാ അംഗവുമായ ഇ.അഹമ്മദിന്റെ മരണവും സസ്പെൻസാക്കി റാം മനോഹർ ലോഹ്യ ആശുപത്രി അധികൃതർ.

പാർലമെന്റിൽ ചൊവ്വാഴ്ച കുഴഞ്ഞ് വീണ അഹമ്മദിനെ ആശുപത്രിയിൽ സന്ദർശിക്കാൻ മക്കൾക്കും അടുത്ത ബന്ധുക്കൾക്കും അനുമതി നിഷേധിക്കുകയായിരുന്നു.

ഇതേ തുടർന്ന് കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ, ലീഗ് നേതാക്കൾ തുടങ്ങിയവർ ആശുപത്രിയിലെത്തി ചർച്ച നടത്തിയെങ്കിലും ആശുപത്രി അധികൃതർ വഴങ്ങിയില്ല.തുടർന്ന് പൊലീസിൽ പരാതി നൽകുകയും ലീഗ് എം പിമാരും നേതാക്കളും കുത്തിയിരിപ്പ് നടത്തുകയും ചെയ്തതോടെയാണ് അധികൃതർ വഴങ്ങിയത്.

മക്കളും മരുമകനും കണ്ടശേഷമാണ് മരണവിവരം പിന്നീട് സ്ഥിരീകരിച്ചത്. മൂന്ന് മണികൂറോളം കാത്ത് നിന്നിട്ടും ബന്ധുക്കൾക്ക് അനുമതി നൽകാതിരുന്നത് വിവാദമായിട്ടുണ്ട്.
സോണിയാ ഗാന്ധിക്ക് ഒരു ഘട്ടത്തിൽ ആശുപത്രി അധികൃതരോട് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടി വരികയും ചെയ്തു.

അർദ്ധരാത്രിക്ക് ശേഷം മാത്രമാണ് അവർ വീട്ടിലേക്ക് മടങ്ങിയത്. ഗുരുതരാവസ്ഥയിൽ കിടന്ന പിതാവിനെ കാണാൻ മക്കൾക്ക് അനുമതി നൽകാത്ത സംഭവം തന്റെ ജീവിതത്തിൽ ആദ്യ സംഭവമാണെന്ന് സോണിയ പിന്നീട് വാർത്താലേഖകരോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ്ങ് എത്തിയ ശേഷമാണ് ലീഗ് നേതാവിന്റെ ആരോഗ്യനില സംബന്ധിച്ച വിവരം മറച്ച് വെച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ഇത് സർക്കാറിന്റെ അറിവോടെയാണോ എന്നാണ് കോൺഗ്രസ്സ് വർക്കിംങ്ങ് കമ്മിറ്റി അംഗം അഹമ്മദ് പട്ടേൽ ചോദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here