കന്നുകാലി കശാപ്പ് നിയന്ത്രിക്കുന്നതു സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. കഴിഞ്ഞദിവസം യുവമോര്‍ച്ചാ ടുറാ സിറ്റി അധ്യക്ഷന്‍ വില്‍വെര്‍ ഗ്രഹാം ഡോന്‍ഗോ ഉള്‍പ്പെടെ അയ്യായിരത്തോളം പ്രവര്‍ത്തകരാണ് ബി.ജെ.പി വിട്ടത്. മാട്ടിറച്ചി കഴിക്കുന്ന ആദിവാസികളുള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ സംസ്‌കാരം ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവര്‍ പ്രഖ്യാപിച്ചു. 

ഞങ്ങളെ വിശ്വസിച്ചു പാര്‍ട്ടിക്കൊപ്പം നിന്ന ജനങ്ങളുടെ വികാരം മാനിക്കാതിരിക്കാന്‍ കഴിയില്ലെന്ന് വില്‍വെര്‍ പറഞ്ഞു. രാഷ്ട്രീയം മതവുമായി കൂട്ടിക്കെട്ടാനാവില്ല. എന്നാല്‍, ബി.ജെ.പി ഇപ്പോള്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ആദിവാസി വിഭാഗങ്ങളുടെ ഭൂമിയും അവകാശങ്ങളും ഞങ്ങള്‍ സംരക്ഷിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ രാജിവച്ചതോടെ അഞ്ച് മണ്ഡലം കമ്മിറ്റികള്‍ ഇല്ലാതായി. വില്‍വെര്‍ ഗ്രഹാം തന്റെ രാജിക്കത്ത് സംസ്ഥാന യുവമോര്‍ച്ചാ അധ്യക്ഷന്‍ എഗന്‍സ്റ്റര്‍ കുര്‍കലാംഗിനു കൈമാറി.

കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തെ അസം, അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി.ജെ.പി അധ്യക്ഷന്‍മാര്‍ വിമര്‍ശിച്ച് രംഗത്തുവന്നതിനു പിന്നാലെയാണ് പാര്‍ട്ടിക്കു കനത്ത തിരിച്ചടിയായി കൂടുതല്‍ പ്രവര്‍ത്തകര്‍ രാജി വച്ചു ഒഴിഞ്ഞു പോകുന്നത്. ബീഫ് വിഷയത്തില്‍ മേഘാലയയില്‍ നിന്നുള്ള രണ്ട് മുതിര്‍ന്ന നേതാക്കള്‍ അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും നിരവധി പ്രവര്‍ത്തകര്‍ രാജി ഭീഷണി മുഴക്കിയിട്ടുമുണ്ട്.

നോര്‍ത്ത് ഗാരോ ഹില്‍സ് ജില്ലാ അധ്യക്ഷന്‍ ബച്ചു മരാഖും വെസ്റ്റ് ഗാരോ ഹില്‍സ് ബി.ജെ.പി അധ്യക്ഷന്‍ ബെര്‍ണാര്‍ഡ് മറാക്കുമാണ് രാജിവച്ചത്. നാളെ മേഘാലയയില്‍ ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ പരിപാടിക്കു ശേഷം പാര്‍ട്ടിയില്‍ നിന്നു കൂടുതല്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാവുമെന്ന ആശങ്കയിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.

LEAVE A REPLY

Please enter your comment!
Please enter your name here