ന്യൂഡല്‍ഹി: അച്ഛാദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ തഴച്ചുവളരന്നത് പാര്‍ട്ടി ദേശീയ അധ്യക്ഷനും അനുചരന്മാരും മാത്രമോ? ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സ്വത്തുകള്‍ അഞ്ചു വര്‍ഷത്തിനിടെ മൂന്നിരട്ടിയായതുള്‍പ്പെടെ വിവരങ്ങള്‍ പുറത്തുവരുന്ന വേളയില്‍തതന്നെയാണ് പാചകവാതക സബ്‌സിഡി അവസാനിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അമിത് ഷായുടെയും ഭാര്യയുടെയും സ്വത്തുകള്‍ 34.40 കോടി രൂപയുടേതെന്നാണു സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതില്‍ 10.38 കോടി രൂപയുടേതു പൈതൃക സ്വത്താണ്.
2012 നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കവേ ആകെ സ്വത്ത് 11.15 കോടി രൂപയെന്നാണു കാണിച്ചിരുന്നത്.
ഇതുപുറത്തുവന്ന നാളുകളില്‍ത്തന്നെയാണ് സാധാരണക്കാര്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് പാചകവാതക സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി 2018 മാര്‍ച്ച് വരെ എല്ലാമാസവും ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് നാലുരൂപ വീതം വിലകൂട്ടും. രാജ്യത്തെ 18.11 കോടി കുടുംബങ്ങള്‍ക്ക് തീരുമാനം ഇരുട്ടടിയാകും. കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം സൌജന്യ പാചകവാതക കണക്ഷന്‍ ലഭിച്ച 2.5 കോടി ദരിദ്രകുടുംബങ്ങളും ഇതില്‍പ്പെടും.
കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ എല്ലാമാസവും എല്‍പിജി സിലിണ്ടറുകളുടെ വില നാലുരൂപ വീതം കൂട്ടാന്‍ പൊതുമേഖലാ എണ്ണ വിപണനക്കമ്പനികള്‍ക്ക് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നാണ് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ലോക്‌സഭയെ അറിയിച്ചത്. ഇതിനുശേഷം രണ്ടുതവണ വില കൂട്ടി. ജൂലൈ ഒന്നിന് ജിഎസ്ടി ഉള്‍പ്പെടെ 32 രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ആറുവര്‍ഷത്തെ ഏറ്റവും വലിയ വര്‍ധനയായിരുന്നു ഇത്. 2018 മാര്‍ച്ച് 31 വരെയോ സബ്‌സിഡി പൂര്‍ണമായി ഇല്ലാതാകുന്നതു വരെയോ ഈ രീതി തുടരും.

സബ്‌സിഡി എടുത്തുകളയുന്നതിന്റെ പ്രധാന നേട്ടം റിലയന്‍സിനാണ്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിപണിവിലയില്‍ സിലിണ്ടര്‍ വില്‍പ്പന തുടങ്ങുന്നതോടെ റിലയന്‍സിന് എളുപ്പത്തില്‍ കമ്പോളം പിടിച്ചെടുക്കാനാകും. ചില്ലറ സൌജന്യങ്ങള്‍ വാഗ്ദാനംചെയ്ത് ഉപയോക്താക്കളെ ആകര്‍ഷിക്കാനും സ്വകാര്യകമ്പനികള്‍ക്ക് കഴിയും. മൊബൈല്‍ഫോണ്‍ വിപണിയിലെ സ്ഥിതി പാചകവാതകരംഗത്തും ആവര്‍ത്തിക്കും. ഇതോടെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ കഥകഴിയും.

ഒരു എല്‍പിജി സിലിണ്ടറിന് നിലവില്‍ 86.54 രൂപ സബ്‌സിഡി നല്‍കുന്നുണ്ടെന്നാണ് എണ്ണവിപണനക്കമ്പനികളുടെ കണക്ക്. 14.2 കിലോഗ്രാം സബ്‌സിഡി സിലിണ്ടറിന് ഇപ്പോള്‍ ഡല്‍ഹിയില്‍ 477.46 രൂപയാണ് വില. കഴിഞ്ഞ ജൂണില്‍ 419.18 രൂപയായിരുന്നു സബ്‌സിഡി കഴിച്ചുള്ള വില. ഒരു കുടുംബത്തിന് 12 സിലിണ്ടറാണ് വര്‍ഷത്തില്‍ സബ്‌സിഡി നിരക്കില്‍ നല്‍കിവന്നത്. സബ്‌സിഡി സിലിണ്ടറിന് 2016 ജൂലൈ മുതല്‍ പ്രതിമാസം രണ്ടുരൂപ വീതം വര്‍ധിപ്പിച്ചുവരികയായിരുന്നു. പത്തുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് 2016 ജനുവരി ഒന്നുമുതല്‍ എല്‍പിജി സബ്‌സിഡി നല്‍കുന്നില്ല. ഇവരും സ്വയം സബ്‌സിഡി ഉപേക്ഷിച്ചവരുമായി 2.66 കോടി കുടുംബങ്ങളുണ്ട്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ കിരിത് എസ് പരേഖ് റിപ്പോര്‍ട്ടില്‍ എല്‍പിജി സബ്‌സിഡി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ച് അന്ന് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനെതിരെ ഇതര പ്രതിപക്ഷകക്ഷികളോടൊപ്പം ബിജെപിയും രംഗത്തുവന്നിരുന്നു. എന്നാല്‍, അധികാരത്തില്‍വന്നശേഷം ബിജെപി സര്‍ക്കാര്‍ എല്‍പിജി സബ്‌സിഡി പൂര്‍ണമായി എടുത്തുകളയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here