കണ്ണൂര്‍:സലഫിസത്തില്‍ വിശ്വസിച്ച് ആടുമേയ്ക്കാനായി വിശുദ്ധനാടുകളിലേക്കു പോയെന്നു പ്രചരിച്ച് ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്ന ഒരു മലയാളികൂടി ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. തൃക്കരിപ്പൂര്‍ ടൗണിലെ എന്‍.പി.മര്‍വാന്‍ (24) കഴിഞ്ഞ 24ന് അമേരിക്കന്‍ സേനയുടെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണു പിതാവ് കെ.വി.പി.ഇസ്മായിലിനു ലഭിച്ച സന്ദേശം.
ഇന്നലെ രാവിലെ എത്തിയ സന്ദേശത്തിലെ വിവരം എന്‍ഐഎ സ്ഥിരീകരിച്ചു. കാണാതായവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരത്തേ നാട്ടിലെത്തിച്ച, പടന്നയിലെ കെ.പി. അഷ്ഫാക്കിന്റെ പേരില്‍ തന്നെയാണ് ഇക്കുറിയും സന്ദേശമെത്തിയത്. അഷ്ഫാക്കിനെയും ഇവര്‍ക്കൊപ്പം കാണാതായിരുന്നു.
മര്‍വാന്‍ ജോലി ചെയ്തിരുന്ന സ്‌കൂളിന്റെ ആവശ്യത്തിനായി മുംബൈയിലേക്കെന്നു പറഞ്ഞ് 2016 മേയ് മാസത്തിലാണു വീട്ടില്‍ നിന്നു പോയത്. മര്‍വാന്‍ മൂന്നു മാസം മുന്‍പ് വിദേശ യുവതിയെ വിവാഹം ചെയ്തതായും നാട്ടില്‍ വിവരമെത്തിയിരുന്നു. ഒരാഴ്ച മുന്‍പു നടന്ന ഷെല്ലാക്രമണത്തില്‍ മര്‍വാന്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ മരിച്ചതായാണു വിവരം. ഞായറാഴ്ച മര്‍വാന്റെ മൃതദേഹം കണ്ടെത്തി കബറടക്കം നടത്തിയെന്നും വിവരമുണ്ട്.
കാണാതായവരില്‍ ടി.കെ. ഹഫീസുദ്ദീന്‍, മുര്‍ഷിദ് മുഹമ്മദ്, പാലക്കാട് യാക്കര സ്വദേശി ബെസ്റ്റിന്‍ വിന്‍സന്റ്(യഹിയ) എന്നിവര്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നു നേരത്തേ വിവരം ലഭിച്ചിരുന്നു. 13 മലയാളികള്‍ കൊല്ലപ്പെട്ടതായി വന്ന പ്രചാരണം വ്യാജമാണെന്ന നിലയിലും മൊബൈല്‍ ആപ് വഴി നേരത്തേ സന്ദേശമെത്തിയിരുന്നു.
2016 മേയ് 25 മുതല്‍ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ വീടുവിട്ടവരെയാണു പിന്നീടു കാണാതായത്. ഇവരില്‍ അഞ്ചു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെട്ടിരുന്നു. കാണാതായവര്‍ അഫ്ഗാനിസ്ഥാനിലാണെന്ന് എന്‍ഐഎയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here