തിരുവനന്തപുരം: സമാധാനചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ‘കടക്കൂ പുറത്ത്’ എന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍ ആട്ടിപ്പുറത്താക്കി. മാസ്‌കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് ഹാളിലേക്കു വരുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ ഉള്ളില്‍ കണ്ടപ്പോഴായിരുന്നു രോഷപ്രകടനം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ നേതാക്കള്‍ നേരത്തേ എത്തിയിരുന്നു. മുഖ്യമന്ത്രി എത്തിയ ശേഷമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പുറത്തിറങ്ങാന്‍ കാത്തുനില്‍ക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. ഹാളിലേക്കുള്ള വഴിയില്‍ ഒരു നിമിഷം നിന്ന മുഖ്യമന്ത്രി ‘ഇവരെ ആരാണു കടത്തിവിട്ടത്’ എന്നു ചോദിച്ച് ഹോട്ടല്‍ മാനേജരോടു ക്ഷോഭിച്ചു.

പറഞ്ഞിട്ടാണ് അവര്‍ വന്നതെന്നു ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിച്ചതിനോടും മുഖ്യമന്ത്രിയുടെ കടുത്ത പ്രതികരണം– ‘എന്തു പറഞ്ഞിട്ട്?’ അമ്പരന്ന മാധ്യമപ്രവര്‍ത്തകര്‍ ഓരോരുത്തരായി പുറത്തേക്കിറങ്ങിവരുമ്പോള്‍ പിണറായിക്കു വീണ്ടും നിയന്ത്രണം വിട്ടു. ഇത്തവണ ആജ്ഞയായിരുന്നു: ‘കടക്കൂ പുറത്ത്’.

യോഗശേഷം തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ എത്തിയപ്പോള്‍, എന്തിനായിരുന്നു മാധ്യമപ്രവര്‍ത്തകരോടു രോഷപ്രകടനം എന്നു തുടരെ ചോദ്യമുയര്‍ന്നെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ചോദ്യം ഉന്നയിച്ചവരോടു മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹം ഇറങ്ങിപ്പോയി.

മാധ്യമപ്രവര്‍ത്തകര്‍ അനുവാദമില്ലാതെ ആദ്യമേ സ്ഥലം കയ്യടക്കിയതിനാലാണു മുഖ്യമന്ത്രി പ്രതികരിച്ചതെന്നും ഏതു കാര്യവും അദ്ദേഹത്തോടു സംസാരിക്കാമെന്നും പിന്നാലെ വന്ന കോടിയേരി പറഞ്ഞു. ‘കടക്ക് പുറത്ത്’ എന്നു മുഖ്യമന്ത്രി പറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here