മാനന്തവാടി: തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെന്ന് കരുതുന്ന കാമുകിയെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. സുലിലിനൊപ്പം മാനന്തവാടി കൊയിലേരി ഊര്‍പ്പള്ളിയില്‍ താമസിച്ചുവന്നിരുന്ന കാമുകിയായ റിച്ചാര്‍ഡ് ഗാര്‍ഡന്‍ ബിനി മധു (36) ആണ് അറസ്റ്റിലായത്. സഹോദരനെന്ന വ്യാജേന സുലിലിനെ കൂടെ താമസിപ്പിച്ചിരുന്ന ബിനി ഇയാളില്‍ നിന്നും ലക്ഷങ്ങള്‍ കൈവശപ്പെടുത്തുകയും പിന്നീട് ആ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ കൊലപാതകത്തില്‍ എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സുലിലിന്റെ കൈവശമുണ്ടായിരുന്ന നാല്‍പ്പത് ലക്ഷത്തോളം രൂപ ഭര്‍ത്തൃമതി കൂടിയായ യുവതി തട്ടിയെടുത്തതായി സുലിലിന്റെ സഹോദരന്‍ സംഭവദിവസം തന്നെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ സുലിലിന്റെയും യുവതിയുടേയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ യുവതി പല തവണകളായി 39 ലക്ഷം രൂപ അക്കൗണ്ട് വഴി കൈപ്പറ്റിയതായി കണ്ടെത്തി.
സുലിലിന്റെ മരണദിവസം വൈകുന്നേരത്തോടെ യുവതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും സ്വന്തം ഫോട്ടോകള്‍ നീക്കം ചെയ്തതും അന്നേ സംശയം ജനിപ്പിച്ചിരുന്നു. പ്രദേശവാസികള്‍ ഒന്നടങ്കം യുവതിക്കെതിരെ ആരോപണവുമായി രംഗത്തുവരികയും ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. കൂടാതെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനിയുടെ വീട്ടുജോലിക്കാരിയായ അമ്മു പൊലീസിന് നല്‍കിയ മൊഴിയനുസരിച്ച് ബിനി നല്‍കിയ ക്വട്ടേഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വ്യക്തമായിരിക്കുന്നത്. സുലിലിന് പണം തിരികെ നല്‍കുന്നതില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ സുലിലിനെ ഇല്ലായ്മ ചെയ്യണമെന്ന് നിശ്ചയിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറയുന്നു.
വ്യക്തമായ തെളിവുകളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവ് ഇവര്‍ക്കെതിരെ മാനന്തവാടി സി ഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. താന്‍ മുപ്പത് വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്ത സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്തുവെന്നും തന്നെ പിന്നീട് ഒഴിവാക്കിയെന്നും പരാതിയില്‍ ഉണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ്് ചെയ്ത് വൈത്തിരി സബ്ബ്ജയിലിലേക്ക് അയച്ചു.
മാനന്തവാടി ടൗണില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ബിനി 2006 സെപ്റ്റംബര്‍ 23നാണ് കാമുകനായ സുലിലിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സുലിലിന്റെ മൃതദേഹം മൂന്നുദിവസം കഴിഞ്ഞ് യുവതിയുടെ വീടിന് സമീപം കബനി പുഴയിലാണ് കണ്ടെത്തിയത്. ഇവര്‍ ഇതിന് മുമ്പും പലരില്‍ നിന്നും പണം കബളിപ്പിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. തിരുവനന്തപുരത്ത് കുടുംബസ്വത്ത് വിറ്റുകിട്ടിയ മൂന്നുകോടി രൂപയുമായാണ് സുലില്‍ വയനാട്ടിലെത്തിയത്. ഇതിനിടെയാണ് യുവതിയുമായി അടുക്കുന്നതും അവര്‍ സുലിലിന്റെ കയ്യില്‍ നിന്നും പണം കൈവശപ്പെടുത്തുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here