ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ കലാപം ഡല്‍ഹിയിലേക്കും രാജസ്ഥാനിലേക്കും വ്യാപിക്കുന്നു. സംഘര്‍ഷങ്ങളില്‍ ഇതുവരെ ചുരുങ്ങിയത് 30 പേര്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു. പഞ്ചാബിലെ 10 ജില്ലകളിലും ഹരിയാണയിലെ മൂന്ന് നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്..
സംഘര്‍ഷങ്ങളെ പ്രധാനമന്ത്രി അപലപിച്ചു. സംഘര്‍ഷം നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളുമെടുത്തിട്ടുണ്ടെന്നും എന്നാല്‍ ജനക്കൂട്ടം വളരെ വലുതാണെന്നും ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.
രാജ്യതലസ്ഥാനത്ത് തീവണ്ടിയും ബസുകളും അക്രമികള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. അക്രമങ്ങള്‍ പടരുന്ന സാഹചര്യത്തിലാണ് സെന്‍ട്രല്‍ ഡിസ്ട്രിക്ട്, നോര്‍ത്ത് ഡിസ്ട്രിക്ട് എന്നിവ ഒഴികെയുള്ള ഡല്‍ഹിയിലെ 11 ജില്ലകളില്‍ പോലീസ് 144 പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ എല്ലാ പെട്രോള്‍ പമ്പുകളും അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. അക്രമം നടത്താന്‍ ശ്രമിച്ച മൂന്നുപേരെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു. രാജ്യതലസ്ഥാനത്ത് പോലീസ് റോന്തുചുറ്റല്‍ ശക്തമാക്കിയിട്ടുണ്ട്.

റാം റഹീം സിങിന് ശിക്ഷ വിധിച്ച പ്രത്യേക സി.ബി.ഐ കോടതി സ്ഥിതി ചെയ്യുന്ന പഞ്ച്കുളയില്‍ വൈകിട്ട് ഏഴുമണിയോടെ സ്ഥിതിഗതികള്‍ ശാന്തമായി തുടങ്ങി. അദ്ദേഹത്തിന്റെ ശക്തികേന്ദ്രമായ സിര്‍സയില്‍ സംഘര്‍ഷം രൂക്ഷമായതോടെ പട്ടാളമിറങ്ങി. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
രാജസ്ഥാനിലെ ശ്രീഗംഗാനഗറിലെ പോലീസ് സ്റ്റേഷന്‍ ദേരാ അനുയായികള്‍ ആക്രമിച്ചു. സ്റ്റേഷന്‍ കെട്ടിടവും വാഹനവും അക്രമികള്‍ അഗ്‌നിക്കിരയാക്കി.

ഹരിയാനയില്‍ അക്രമം തടയാന്‍ 53 കമ്പനി അര്‍ധസൈനിക വിഭാഗത്തെയും ഹരിയാന പോലീസിലെ 50,000 ഉദ്യോഗസ്ഥരെയുമാണ് രംഗത്തിറക്കിയിട്ടുള്ളത്. ദേരാ സച്ചാ സൗദ അനുയായികളായ 1000 ത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലും രാജസ്ഥാന്റെ പലഭാഗങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ 72 മണിക്കൂര്‍ സമയത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്.

പഞ്ചാബിലെ സംഗ്രൂര്‍, മോഗ ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ശനിയാഴ്ച റോത്തക്ക് ഭാഗത്തേക്കുള്ള 250 ഓളം തീവണ്ടികള്‍ റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വെ അറിയിച്ചു. ഷംലി, ഭാഗ്പത്, മുസഫര്‍നഗര്‍ എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തേക്ക് അക്രമം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഡല്‍ഹി മെട്രോ സ്റ്റേഷനുകളിലടക്കം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ ശനിയാഴ്ച ഉന്നതതല യോഗം ചേരുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. അതിനിടെ ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിങ്ങിനെ പ്രത്യേക ഹെലികോപ്റ്ററില്‍ പോലീസ് റോത്തക്കിലേക്ക് കൊണ്ടുപോയി. റോത്തക്ക് ജയിലിലേക്ക് മാറ്റുന്നതിന് വേണ്ടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here