ജമ്മു കശ്മീരില്‍ സൈനികര്‍ക്കു നേരെ ആക്രമണം പരമ്പര തുടരുന്നു. നാല്‍പതു ദിവസത്തിനിടെ ഇത് എട്ടാമത്തെ തീവ്രവാദി ആക്രമണമാണ് ഇന്ന് നടന്നത്. ഇന്നു നടന്ന ജയ്‌ഷേ മുഹമ്മദ് തീവ്രവാദികളുടെ ആക്രമണത്തില്‍ ജൂനിയര്‍ കമ്മിഷന്‍ ഓഫിസര്‍ അടക്കം മൂന്നു ജവാന്മാര്‍ കൊല്ലപ്പെട്ടു.

2013 ഫെബ്രുവരി ഒന്‍പതിനു തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ വാര്‍ഷികദിനമായതിനാല്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നിട്ടും സഞ്ച്വാന്‍ സൈനിക ക്യാംപില്‍ ആക്രമണമുണ്ടായി.

2018 ല്‍ ഉണ്ടായ തീവ്രവാദി ആക്രമണങ്ങള്‍

2017 ഡിസംബര്‍ 31, ജനുവരി-1, 2018: അഞ്ച് സി.ആര്‍.പി.എഫ് ജവാന്മാരും മൂന്നു സാധാരണക്കാരും കൊല്ലപ്പെട്ടു. തുടര്‍ന്ന് 24 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ വധിച്ചു.

ജനുവരി 19: കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികള്‍ ചുഴറ്റിയെറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച് എട്ട് പൊലിസുകാര്‍ക്ക് പരുക്ക്.

ജനുവരി 22: ബരാമുല്ല പൊലിസ് സ്റ്റേഷനു സമീപത്ത് ഗ്രനേഡ് ആക്രമണത്തില്‍ ഒരു പൊലിസുകാരന് പരുക്ക്.

ഇതേ ദിവസം, പാംപോറില്‍ സുരക്ഷാ സൈനികരെ ലക്ഷ്യംവച്ചെറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച് സാധാരണക്കാരന് പരുക്ക്.

ജനുവരി 26: പുല്‍വാമ ജില്ലയില്‍ പൊലിസ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം. ആര്‍ക്കും പരുക്കില്ല.

ഫെബ്രുവരി 1: കശ്മീര്‍ പൊലിസിന്റെയും സി.ആര്‍.പി.എഫിന്റെയും ബാനുരയിലെ പോസ്റ്റിനു നേരെ തീവ്രവാദ ആക്രമണം. ആളപായമില്ല.

ഫെബ്രുവരി 3: പുല്‍വാമയില്‍ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ക്കും മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും പരുക്ക്.

ഫെബ്രുവരി 7: സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ലഷ്‌കര്‍ നേതാക്കളായ നവീദ് ജാതിനെ മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ ആക്രമണം. ശ്രീനഗറിലുണ്ടായ ആക്രമണത്തില്‍ രണ്ടു പൊലിസുകാര്‍ കൊല്ലപ്പെടുകയും നവീദ് രക്ഷപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here