ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 22,771 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22,000 ത്തിൽ അധികം േപർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ഇതോടെ 6,48,315 പേർക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു.
442 മരണവും പുതുതായി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 18,655 ആയി ഉയർന്നു. 3,94,227 പേർക്ക് ഇതുവരെ രോഗം ഭേദമായി. രാജ്യത്തെ രോഗമുക്തി നിരക്ക് 60.80 ശതമാനമാണ്. നിലവിൽ രാജ്യത്ത് 2,35,433 പേരാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. തമിഴ്നാടും ഡൽഹിയുമാണ് തൊട്ടുപിന്നിൽ. മഹാരാഷ്ട്രയിൽ 1,92,990 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 8376 പേരാണ് ഇതുവരെ മരിച്ചത്. വെള്ളിയാഴ്ച 198 മരണം റിപ്പോർട്ട് െചയ്തു.
തമിഴ്നാട്ടിൽ വെള്ളിയാഴ്ച മാത്രം 4329 പേർക്ക് പുതുതായി രോഗം ബാധിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 64 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 3947 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 94,000 ആയി.