രാജേഷ് തില്ലങ്കേരി


കൊച്ചി : തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തോടെ ഒറ്റപ്പെട്ട മാൻപേടയെപ്പോലയാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളിയിപ്പോൾ. ആക്രമണം എവിടുന്നാണ് വരികയെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥ. ‘ഞാൻ എന്ത് തെറ്റു ചെയ്തു ഇങ്ങനെ വളഞ്ഞിട്ട് അക്രമിക്കാൻ….’ എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യം. കണ്ണീരിനു മുന്നിൽ ഏത് കഠിന ഹൃദയനും ഒന്നു മയപ്പെടും.  തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോഴും, എല്ലാ കുറ്റങ്ങളും സ്വയം ഏറ്റെടുക്കുമ്പോഴും ഒരു കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു….ആ കുറ്റം എന്താണെന്ന് മാത്രം…..


വർഷങ്ങളായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിൽ നിന്ന് അഞ്ചുതവണയും വടകരയിൽ നിന്ന് രണ്ട് തവണയും എം പിയായി മൂന്ന് തവണ കേന്ദ്രമന്ത്രിയായി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി നല്ല ബന്ധമുണ്ടായിരുന്നനേതാവായിരുന്നു മുല്ലപ്പള്ളി. പിന്നീട് സോണിയാ ഗാന്ധിയുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചു. അതാണ് രാഹുൽ ഗാന്ധിയെ എ ഐ സി സി യുടെ യുവരാജാവായി വാഴിക്കാനുള്ള ചുമതല മുല്ലപ്പള്ളിയിൽ വന്നണഞ്ഞതും.
എ ഐ സി സി അധ്യക്ഷനായി രാഹുൽ ഗാന്ധിയെ വാഴിച്ച് ഡൽഹിയോട് വിടപറഞ്ഞ മുല്ലപ്പള്ളിക്ക് രാഹുൽ ഗാന്ധി ഒരു സമ്മാനം നൽകി. അതായിരുന്നു കെ പി സി സി അധ്യക്ഷ പദവി.


മുല്ലപ്പള്ളിയെ അധ്യക്ഷനും, കെ സുധാകരനെയും കൊടിക്കുന്നിൽ സുരേഷിനെയും ഷാനവാസിനെയും വർക്കിംഗ് പ്രസിഡന്റാക്കി കോംപ്രമൈസിംഗ് രൂപവും ഉണ്ടാക്കി.

കണ്ണൂരിലെ പടക്കുതിരയായ കെ സുധാകരന് ഈ ഇടപാടിൽ തുടക്കംതൊട്ടേ സംശയമുണ്ടായിരുന്നു. തന്റെ എതിർശബ്ദം അദ്ദേഹം അപ്പോൾ തന്നെ പ്രകടിപ്പിക്കുകയും ചെയ്തു.


മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലെ പതിവുകളുമായി അനന്തപുരിയിലെത്തി. എന്നാൽ മുല്ലപ്പള്ളിയുടെ ഈ രീതിയെ ആരും സ്വീകരിച്ചില്ല. പ്രവർത്തകരുമായി അകൽച്ചപാലിച്ചു. നേതാക്കളുമായി തീരെ അടുപ്പമില്ല. കെ സുധാകരൻ തുടങ്ങിയ വർക്കിംഗ് പ്രസിഡന്റുമാർ വർക്കു ചെയ്യുന്നതിലും ടി യാൻ താല്പര്യം കാണിച്ചില്ലെന്നായി അടക്കം പറച്ചിൽ.


കാലം കലികാലം എന്നല്ലേ പറയേണ്ടൂ,
കെ സുധാകരനു പുറമെ മറ്റൊരു ശത്രുവും മുല്ലപ്പള്ളിക്കുണ്ടായി, അത് മറ്റാരുമല്ല, സാക്ഷാൻ ലീഡറുടെ പുത്രൻ കെ മുരളീധരനായിരുന്നു.


ലീഡറുടെ പ്രതാപകാലത്ത് കെ പി സി സി അധ്യക്ഷനായി, കുറ്റം പറയരുതല്ലോ, നല്ല അധ്യക്ഷനായിരുന്നു. പക്ഷേ, ചില മോഹങ്ങളുടെ പിറകെ പോയി എല്ലാം തുലച്ചു. ഒടുവിൽ സ്വന്തം പാർട്ടിയുണ്ടാക്കി, അച്ഛന്റെ പേരും മോശമാക്കി, രണ്ടുരൂപയുടെ അംഗത്വത്തിനായി കേണപേക്ഷിച്ച് നടന്ന ഒരു കാലം തനിക്കുണ്ടായിരുന്നു എന്നൊക്കെ മറന്നു, മുരളീധരര്.

കെ പി സി സി അധ്യക്ഷനാവേണ്ട തന്നെ ഡൽഹിയിലേക്ക് പറപ്പിച്ചു എന്ന വിഷമവുമായാണ് സുധാകരരും മുരളീധരരും കഴിഞ്ഞ കുറച്ചു മാസങ്ങളായി കഴിഞ്ഞിരുന്നത്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാവുമെന്നും,  അപ്പോൾ അതിന്റെ ഗുണം നുമ്മക്ക്  ആസ്വദിക്കാൻ ആവതില്ലാതാവുമല്ലോ എന്നും മുരളീധരനും സുധാകരനും വിഷമിച്ചിരുന്നു.

മുല്ലപ്പള്ളിയെ കണ്ടാൽ കലിപൂണ്ട അവസ്ഥയിലായിരുന്നു ഇവർ രണ്ടുപേരും.

തെരഞ്ഞെടുപ്പിലുണ്ടായ തോല്‌വിയോടെ മുല്ലപ്പള്ളിയെ ആദ്യം കല്ലെറിഞ്ഞതും ഇവരായിരുന്നു. പിന്നെ എല്ലാവരും കൂട്ടകല്ലേറ് , പാവം ഭയന്നുപോയി.


നേതൃമാറ്റം ഉണ്ടാവുമോ എന്നുള്ള ചോദ്യത്തിന് ഉണ്ടാവില്ലെന്നായിരുന്നു ഹൈ…കമാന്റിന്റെ ആദ്യ പ്രതികരണം. അന്ന് അങ്ങിനെ പറയാൻ കാരണം അവിടെ മറ്റൊരു നേതൃമാറ്റക്കാര്യം ചർച്ച ചെയ്യുകയായിരുന്നുവല്ലോ.


അവിടെ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. മുല്ലപ്പള്ളി അരിയിട്ട് വാഴിച്ച യുവരാജൻ തനിക്ക് ഇതൊന്നും വേണ്ടെന്ന് പറഞ്ഞ്, രാത്രിയുടെ നാലാം യാമത്തിൽ ഇറങ്ങിപ്പോയതാണ്. അദ്ദേഹം പിന്നീട് ആ വഴിക്ക് തിരികെ കയറുന്ന ലക്ഷണവുമില്ല. യഥാർത്ഥത്തിൽ അദ്ദേഹം കൊടുത്ത സമ്മാനമാണ് മുല്ലപ്പള്ളിയുടേത്, ആ സമ്മാനം ഉപേക്ഷിക്കാൻ എന്തുകൊണ്ടും മുല്ലപ്പള്ളി തയ്യാറാവേണ്ടതിന്റെ കാരണമാണ് സൂചിപ്പിച്ചത്.

മാറ്റമുണ്ടാവുമോ എന്ന ചോദ്യത്തിന് കേരളത്തിൽ നിന്നുമുള്ള ഹൈക്കമാന്റ് കെ സി വേണുഗോപാലിന്റെ മറുപടി വ്യക്തമല്ല, എന്നാൽ ഉണ്ടാവുമെന്നു തന്നെയാണ് അദ്ദേഹത്തിന്റെ ശരീരഭാഷ.


മാറും എന്ന് ശരിക്കും വിശ്വസിക്കുകയാണ് കെ സുധാകരൻ. കോൺഗ്രസിനെ രക്ഷിക്കാൻ അങ്ങ് അനന്തപുരിയിൽവരെ വിളിയുണ്ടായതാണല്ലോ…. അതുകൊണ്ട് സുധാകരൻ കുപ്പായം തുന്നാൻ ഏൽപ്പിച്ചിരിക്കയാണ്, കെ പി സി സി അധ്യക്ഷന്റെ കുപ്പായം.

സുധാകരൻ കെ പി സി സി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുരളിയും വരട്ടെ എന്നാണ് പുതിയ വിളിയെങ്കിലോ… ഹോ അത് ഗംഭീരമാകും.


വാൽക്കഷണം : ചില ഡി സി സി അധ്യക്ഷൻമാരുടെ തലയുരുളമെന്നാണ് കേൾവി. പാവങ്ങൾ…. അല്ലാതെ എന്ത് പറയാനാ… മുഗൾ വാസനിക്ക് എത്രയും പെട്ടെന്ന് ഇങ്ങ് എത്തിയാൽ മതിയായിരരുന്നു.  

LEAVE A REPLY

Please enter your comment!
Please enter your name here