കൊച്ചി : ഇനിയുള്ള കാലം യു ഡി എഫ് അത്ര സുരക്ഷിതമല്ല എന്ന് ബോധ്യപ്പെട്ട പാർട്ടി ആർ എസ് പിയാണ്. രക്ഷപ്പെടാനുള്ള വഴിയെല്ലാം അടയുകയാണ്. സി പി എമ്മിനോട് ഏറ്റുമുട്ടിയാണ് ആർ എസ് പി കൊല്ലത്ത് രണ്ട് തവണ ലോക് സഭാ സീറ്റ് കരസ്ഥമാക്കിയത്. എന്നാൽ ആർ എസ് പിയുടെ തറവാട് എന്നറിയപ്പെടുന്ന ചവറയിൽ നേരത്തെ എൽ ഡി എഫിനായിരുന്നു വിജയം. അന്നേ ഷിബുബേബിജോൺ അപകടം മണത്തറിഞ്ഞതാണ്. രണ്ടായിരുന്ന ആർ എസ് പി ഒന്നായി, യു ഡി എഫിന്റെ ശക്തരായ നേതാക്കളായി ഷിബുവും, പ്രേമചന്ദ്രനും മാറി. ഇപ്പോൾ വരുന്ന വാർത്തകൾ പ്രേമചന്ദ്രനും ഷിബുവും ഒരുമിച്ച് നീങ്ങുകയാണ്, ഇടതുമുന്നണിയിലേക്ക്.

കോൺഗ്രസ് നേത്വത്ത്വം വലിയ വഞ്ചനകാണിച്ചെന്നാണ് ഷിബുവിന്റെ ആരോപണം. ഘടകകക്ഷിയെന്ന നിലയിൽ ആർ എസ് പിയെ പലയിടങ്ങളിലും കാലുവാരിയെന്നാണ് ഷിബുവിന്റെ ആരോപണം. കാര്യങ്ങൾ വളരെ ഗൗരവതരമായാണ് നീങ്ങുന്നത്, നാല് ദിവസത്തിനകം തീരുമാനം കൈക്കൊള്ളും എന്നാണ് ആർ എസ് പി നേതാക്കൾ പറയുന്നത്. സി പി എമ്മുമായി ആർ എസ് പി നേതാക്കൾ ചർച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

ആർ എസ് പി ഇടത് പാർട്ടിയാണ്, അതിനാൽ തന്നെ ആർ എസ് പിക്ക് ഇടതുമുന്നണിയിൽ എന്നും സ്വീകാര്യതയുണ്ടെന്നാണ് സി പി എമ്മിന്റെയും പ്രതികരണം. പ്രേമചന്ദ്രൻ എം പിയുമായി നല്ല ബന്ധമാണ് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പുലർത്തുന്നത്. അതിനാൽ മുന്നണി പ്രവേശത്തിന് ബുദ്ധിമുട്ടുണ്ടാവില്ല. ഇടതുമുന്നണി കൂടുതൽ വിപുലീകരിക്കുമെന്ന് മന്ത്രി ഏ കെ ബാലൻ പറഞ്ഞതും ആർ എസ് പിയെ കുറിച്ചായിരുന്നു.

ആർ എസ് പി മുന്നണി വിടുന്നത് വലിയ ക്ഷീണമാവുമെന്നാണ് യു ഡി എഫ് നേതാക്കളുടെ വിലയിരുത്തൽ. ലീഗ് നേതൃത്വം അവരുടെ ആശങ്ക കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.

മുങ്ങുന്ന കപ്പലിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങൾസ പലരും ആലോചിക്കുമെന്നും അതിനാരെയും കുറ്റം പറയാനാവില്ലെന്നുമാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കോൺഗ്രസ് സ്വയം നശിപ്പിക്കുയാണ്. രാഷ്ട്രീയമായി ലഭിച്ച അവസരം ഉപയോഗിക്കാൻ പറ്റാതെ വന്നതാണ് യു ഡി എഫിന്റെ തകർച്ചയ്ക്ക്  കാരണമെന്ന് ആർ എസ് പി നേതാവ് ഷിബു ബേബിജോൺ പ്രസ്ഥാവനയിറക്കിയിരുന്നു.

കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളിയെ മാറ്റാതെ കേരളത്തിലെ യു ഡി എഫ് സംവിധാനം രക്ഷപ്പെടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഘടകകക്ഷികൾ. അതിനിടയിലാണ് ആർ എസ് പി മറുകണ്ടം ചാടാനുള്ള ചരടുവലികൾ ശക്തമാക്കിയിരിക്കുന്നത്. ഒരുതവണ കൂടി ചവറയിൽ തോറ്റാൽ, പിന്നെ ആർ എസ് പിയുമില്ല, ബോൾഷെവിക്ക് പ്രസ്ഥാനവുമില്ല. ഇതാണ് ആർ എസ് പി നേതാക്കളെ ആശങ്കയിലാക്കുന്നത്.

എന്തായാലും യു ഡി എഫ് മുന്നണിയിൽ തുടരുന്നത് അത്ര ശുഭകരമല്ല എന്ന നിലപാടിലാണ് എല്ലാ നേതാക്കളും.

LEAVE A REPLY

Please enter your comment!
Please enter your name here