രാജേഷ് തില്ലങ്കേരി


കൊച്ചി : കേരള രാഷ്ടീയത്തിലെക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചിറക്കം അപകടം നിറഞ്ഞതാവും. മലപ്പുറം എം പിയായിരുന്ന ഇ അഹമ്മദിന്റെ മരണത്തെത്തുടർന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചത്. മലപ്പുറത്തുനിന്നും ആർക്കുവേണമെങ്കിലും ജയിച്ച് കേറാമെന്ന രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും കുഞ്ഞാലിക്കുട്ടിയെന്ന തുരുപ്പുചീട്ടിനെ തന്നെ ലീഗ് അന്ന് മലപ്പുറത്ത് പുറത്തെടുത്തു.

ദേശീയ രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന വസന്തകാലം സ്വപ്‌നം കണ്ടായിരുന്നു ആ കരുനീക്കം. കുഞ്ഞാലിക്കുട്ടി മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ അതിഗംഭീരമായി വിജയിച്ചു. പിന്നെയും പി കെ കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു സ്ഥാനാർത്ഥി, കാരണം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യു പി എ കേന്ദ്രഭരണം പിടിക്കും, കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ മുസ്ലിംലീഗിന്റെ നേതാവെന്ന നിലയിൽ കുഞ്ഞാലിക്കുട്ടിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തും, പിന്നെ കളികളെല്ലാം അങ്ങ് ഡൽഹിയിൽ, ഇതായിരുന്നല്ലോ മനപ്പായസം. എന്നാൽ സംഭവിച്ചത് നേരെ മറിച്ചും. നിർണ്ണായകമായ പല അവസരങ്ങളിലും പി കെ കുഞ്ഞാലിക്കുട്ടി എം പി ഡൽഹിയിൽ ഉണ്ടായില്ല. ലോക് സഭയിൽ ചർച്ചകളിൽ ഒരു ശബ്ദംപോലും വീഴ്ത്തിയുമില്ല. ഇതെല്ലാം കുഞ്ഞാലിക്കുട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി. എന്നാൽ കുഞ്ഞാലിക്കുട്ടി അതൊന്നും ഒരു ക്ഷീണമായി കരുതിയില്ല. കേരളത്തിലെ ലീഗിനെ ഡോ എം കെ മുനീറിനെ ഏൽപ്പിച്ചാണ്  കുഞ്ഞാലിക്കുട്ടി സാഹിബ് ഡൽഹിയിലേക്ക് പോയത്. എന്നാൽ ഇവിടം അബന്ധമായി എന്ന തിരിച്ചറിവുണ്ടായതോടെ സാഹിബ് കളം മാറ്റി ചവുട്ടി. ഇനിയെന്റെ തട്ടകം കേരളമാണെന്ന് പ്രഖ്യാപിച്ച് കുഞ്ഞാലിക്കുട്ടി ഇങ്ങോട്ട് വണ്ടി കയറി.

കേരള രാഷ്ട്രീയത്തിലുള്ള അനുകൂല സാഹചര്യം വോട്ടാക്കി മാറ്റിയാൽ ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് വ്യക്തമായി ധാരണയുള്ള നേതാവാണല്ലോ കുഞ്ഞാലിക്കുട്ടി. യു ഡി എഫിന് നിലവിലുള്ള ക്ഷീണം മാറ്റാൻ കുഞ്ഞാലിക്കുട്ടി ഇഫക്റ്റ് ഗുണം ചെയ്യുമെന്ന് കോൺഗ്രസും കരുതുന്നു. അങ്ങിനെയാണ് കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ചൊഴിയാൻ തീരുമാനിക്കുന്നത്.

കേരളത്തിൽ ഭരണം കിട്ടിയാൽ അതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ ലീഗുകാരാണ് എന്ന് ഏത് കൊച്ചുകുഞ്ഞിനും അറിയാം. ഒരു ഉപമുമഖ്യമന്ത്രിസ്ഥാനമാണ് കുഞ്ഞാലിക്കുട്ടി ലക്ഷ്യമിടുന്നത്. അതിലും വലിയ മോഹമുണ്ട്, എന്നാൽ ഇപ്പോ ഇത്രയൊക്കയെ പറയുന്നുള്ളൂ എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയം
വിട്ട്കേരളത്തിലെത്തുമ്പോൾ ഇവിടെയും അത്ര പന്തിയല്ല കാര്യങ്ങൾ. എന്നാൽ സംസ്ഥാന രാഷ്ട്രീയമാണ് സുരക്ഷിതമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ മതം. എന്തായാലും കുഞ്ഞാലിക്കുട്ടി തീരുമാനമെടുത്തു കഴിഞ്ഞു.
ഇനി കാലം സാക്ഷി,  ചരിത്രം സാക്ഷി.

LEAVE A REPLY

Please enter your comment!
Please enter your name here