തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാ ചോദ്യങ്ങൾ വിദ്യാർത്ഥി സൗഹൃദവും കുട്ടികളുടെ ആത്മവിശ്വാസം ഉയർത്താൻ സഹായിക്കുന്നതുമാക്കാൻ വിദ്യാഭ്യാസ മന്ത്രിപ്രൊഫ.സി.രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. ഓൺലൈൻ ക്ലാസുകൾ ജനുവരി 31നകം പൂർത്തിയാക്കും.
കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം ഇരട്ടി ചോദ്യങ്ങൾ ഉൾപ്പെടുത്തും. 80 മാർക്കിന്റെ പരീക്ഷയ്ക്ക് 160, 60 മാർക്കിന്റേതിന് 120, 40 മാർക്കിന്റേതിന് 80 എന്ന കണക്കിൽ അധിക ചോദ്യങ്ങളുണ്ടായിരിക്കും. കുട്ടിക്ക് ഇഷ്ടമുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാം

പരീക്ഷാ സമയം 15 മിനിട്ട് നീട്ടും
എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാ ചോദ്യങ്ങൾക്ക് കൂടുതൽ ചോദ്യങ്ങളും ചോയിസും നൽകുന്ന സാഹചര്യത്തിൽ, കുട്ടികൾക്ക് എല്ലാ പരീക്ഷകൾക്കും 15 മിനിട്ട് കൂടി സമയം അനുവദിക്കും. 80 സ്കോറുള്ള പരീക്ഷയ്ക്ക് 3 മണിക്കൂറും (നിലവിൽ 2.45 മണിക്കൂർ),60 സ്കോറുള്ള പരീക്ഷയ്ക്ക് 2.30 മണിക്കൂറും (നിലവിൽ 2.15 മണിക്കൂർ), 40 സ്കോറുള്ള പരീക്ഷയ്ക്ക് 2 മണിക്കൂറും( നിലവിൽ 1.45 മണിക്കൂർ) ആയിരിക്കും. സമാശ്വാസ സമയം ഉൾപ്പെടെയാണിത്..

പ്രായോഗിക പരീക്ഷ പിന്നെ
എല്ലാ വിഭാഗങ്ങളുടെയും പ്രായോഗിക പരീക്ഷ എഴുത്തു പരീക്ഷയ്ക്കു ശേഷമായിരിക്കും. എഴുത്തു പരീക്ഷയ്ക്കു ശേഷം പ്രായോഗിക പരീക്ഷയുടെ തയ്യാറെടുപ്പിന് ചുരുങ്ങിയത് ഒരാഴ്ച സമയം നൽകും.

മാതൃകാപരീക്ഷ
ജനുവരി ഒന്നുമുതൽ 10,12 ക്ലാസുകളിലെ കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ഷിഫ്റ്റായി സ്‌കൂളുകളിലെത്താം. മാർച്ച് 16 വരെ കുട്ടികൾക്ക് ക്ലാസ്റൂം പഠനത്തിന് അവസരമൊരുക്കണം. ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ ഏതെല്ലാമാണെന്ന് 31നകം സ്‌കൂളുകളെ അറിയിക്കും. ചോദ്യമാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടാൻ മാതൃകാപരീക്ഷ നടത്തും.

രക്ഷാകർതൃയോഗം
സ്‌കൂൾ പ്രവർത്തനങ്ങളെയും പരീക്ഷയെയും കുറിച്ച് രക്ഷിതാക്കളിൽ ധാരണയുണ്ടാക്കാൻ ക്ലാസടിസ്ഥാനത്തിൽ രക്ഷാകർത്താക്കളുടെ യോഗം സ്‌കൂളുകളിൽ നടത്തും. ക്ലാസ്ടീച്ചർമാരുടെ നേതൃത്വത്തിലാണ് നടത്തേണ്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here