തിരുവനന്തപുരം: കാരക്കോണം ത്യേസ്യാപുരം സ്വദേശിനി ശാഖാകുമാരി (51) മരിച്ചത് ഷോക്കേറ്റാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നേരത്തേ ഭർത്താവ് അരുൺ കൈകൊണ്ട് മുഖം അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഷോക്കടിപ്പിക്കുകയായിരുന്നു എന്ന നിഗമനത്തിലായിരുന്നു പൊലീസ്. കസ്റ്റഡിയിലുളള അരുൺ പരസ്പരവിരുദ്ധമായ മൊഴിനൽകിയത് പൊലീസിന് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ശ്വാസം മുട്ടിച്ച് അബോധാവസ്ഥയിലാക്കിയശേഷം ഷോക്കടിപ്പിച്ചു എന്നും ഇയാൾ പറഞ്ഞിരുന്നു.

മുറിക്കുളളിൽ രക്തക്കറ കണ്ടതും ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടതും സംശയത്തിനിടനൽകി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നത്.കസ്റ്റഡിയിലുളള അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു കൊലപ്പെടുത്തിയത്. കൃത്യം നടത്താൻ പ്രതിയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ഷോക്കേ‌റ്റെന്ന് പറഞ്ഞാണ് അരുൺ ശാഖയെ കാരക്കോണം മെഡിക്കൽ കോളേജിലെത്തിച്ചത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഡോക്‌ടർമാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇവരുടെ വീട്ടിലെത്തിയ ഫോറൻസിക് സംഘം പരിശോധന നടത്തിയിരുന്നു. ബെഡ്ഷീറ്റിൽ രക്തക്കറ കണ്ടെത്തി. ഇതിനിടെ ദുരൂഹത ആരോപിച്ച് ശാഖയുടെ ബന്ധുക്കളും രംഗത്തെത്തി.രണ്ട് മാസം മുൻപാണ് ശാഖാ കുമാരിയും അരുണും വിവാഹിതരായത്. ശാഖയുടെ അച്ഛൻ അദ്ധ്യാപകനായിരുന്നു. ഇദ്ദേഹം നേരത്തേ മരിച്ചുപോയി. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുള്ളത്. വൻ ഭൂസ്വത്തിന് ഉടമയാണ് ശാഖ. ഒരേക്കറിലധികമുള്ള സ്ഥലത്താണ് ഇവരുടെ വീടിരിക്കുന്നത്. അരുണുമായുളള വിവാഹത്തിന് ശാഖയാണ് മുൻകയ്യെടുത്തത്. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുൺ വിവാഹത്തിനെത്തിയത്.അരുണിന്റെ പെരുമാറ്റത്തിൽ ആദ്യംമുതലേ നാട്ടുകാർക്കു ചില സംശയങ്ങളുണ്ടായിരുന്നു. 10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു എന്നുമാണ് നാട്ടുകാരും ശാഖയുടെ ചില ബന്ധുക്കളും നൽകുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here