മലപ്പുറം : മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ സംവരണം നടപ്പാക്കിയതിന്റെ പേരിൽ നിലവിൽ സംവരണം ലഭിക്കുന്ന പിന്നോക്ക–-ന്യൂനപക്ഷ വിഭാഗങ്ങൾക്ക്‌ ഒരു കോട്ടവും സംഭവിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരാണ്‌ ഗ്യാര​ന്റി. മലപ്പുറത്ത്‌ കേരള പര്യടന പരിപാടിയിൽ വിവിധ മത–-സാമുദായിക നേതാക്കൾ ഉന്നയിച്ച അഭിപ്രായത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംവരണേതര വിഭാഗത്തിലെ പരമദരിദ്രർക്ക്‌ താങ്ങാകണം എന്നത്‌ എൽഡിഎഫിന്റെ പ്രഖ്യാപിത നിലപാടാണ്‌. ദശാബ്ദങ്ങൾക്കുമുമ്പേ പറഞ്ഞ കാര്യമാണിത്‌. അതിൽനിന്ന്‌ പിന്നോട്ടില്ല. എല്ലാ വിഭാഗത്തിലെയും ദരിദ്രർക്കൊപ്പമാണ്‌ സർക്കാർ. സംവരണമേ വേണ്ട എന്ന നിലപാട്‌ രാജ്യത്ത്‌ ഒരു വിഭാഗത്തിനുണ്ട്‌. അത്‌ അംഗീകരിക്കാനാവില്ല. സമൂഹത്തിൽ നൂറ്റാണ്ടുകളായി പിന്തള്ളപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരാനാണ്‌ സംവരണം നടപ്പാക്കിയത്‌.

പിന്നോക്ക വിഭാഗങ്ങൾക്ക്‌ വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യമായിരുന്നു. ആ സാമൂഹ്യാവസ്ഥ പരിഗണിച്ചാണ്‌ സംവരണം നടപ്പാക്കിയത്‌. പിന്നോക്കക്കാരിൽ സമ്പന്നരുണ്ട്‌. അവരെ ഒഴിവാക്കാനാണ്‌ ക്രീമിലെയർ ഏർപ്പെടുത്തിയത്‌. സംവരണം ആവശ്യമില്ലെന്ന നിലപാട്‌ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here