രാജേഷ് തില്ലങ്കേരി
  കൊച്ചി : പാലാ സീറ്റുമായി ബന്ധപ്പെട്ട് വിവിധതരം ചർച്ചകളാണ് കേരളത്തിൽ നടക്കുന്നത്. ജോസ് കെ മാണി ഇടതുമുന്നണിയിലെത്തിയതു മുതൽ എൻ സി പി നേതാക്കൾ അസ്വസ്ഥരാണ്. പാലാ എം എൽ എയായ മാണി സി കാപ്പനാണ് പ്രധാന ചർച്ചാ വിഷയം.
കാപ്പനെ പാലായിൽ മൽസരിപ്പിക്കുമെന്ന പരസ്യ പ്രചാരണവുമായി കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എത്തിയതോടെയാണ് എൻ സി പിയിൽ അസ്വസ്ഥതകളുടലെടുത്തത്. ഏ കെ ശശീന്ദ്രൻ ഒഴികെ മറ്റെല്ലാ എൻ സി പി നേതാക്കളും മുന്നണി മാറ്റത്തെ അനുകൂലിക്കുകയാണ്. എന്നാൽ യു ഡി എഫിലേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഏ കെ ശശീന്ദ്രൻ. സി പി എമ്മിന്റെ കാരുണ്യത്തിൽ മാത്രം കോഴിക്കോട് എലത്തൂരിൽ നിന്നും ജയിച്ചുവരുന്ന ശശീന്ദ്രന്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ തിരിച്ചടിയാണ് മുന്നണി വിടുന്നതോടെ ഉണ്ടാവുക. അത് തിരിച്ചറിഞ്ഞാണ് ഏ കെ ശശീന്ദ്രന്റെ നീക്കം.
എൽ ഡി എഫിൽ നിന്നും എൻ സി പി വിട്ടുപോവില്ലെന്ന് പറയുമ്പോഴും ദേശീയ നേതൃത്വം മറിച്ചൊരു നിലപാടടെത്താൽ മന്ത്രി സ്ഥാനത്തു നിന്നും ശശീന്ദ്രൻ രാജിവെക്കേണ്ടിവരും. അത് പാർട്ടിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് ദേശീയ നേതൃത്വത്തെ ഇതിനകം ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എൻ സി പി അധ്യക്ഷൻ ശരദ് പവാറുമായി നല്ല ബന്ധം പുലർത്തുന്ന നേതാവാണ് മാണി സി കാപ്പൻ. അതിനാൽ കാപ്പന്റെ നിലപാടിനൊപ്പം മാത്രമേ ദേശീയ നേതൃത്വം നിൽക്കുകയുളളൂ.
ഇതിനിടയിൽ ജോസ് കെ മാണി രാജിവച്ചാൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് മാണി സി കാപ്പന് നൽകി തർക്കം തീർക്കാനുള്ള നീക്കത്തിലാണ് സി പി എം. ജോസ് കെ മാണിക്ക് പാലാ സീറ്റ് കൊടുക്കാൻ ഇടതുമുന്നണി ബാധ്യസ്ഥരാണ്. ആ ഒറ്റകാര്യത്തിനായാണ് ജോസ് കെ മാണി ഇടതുപക്ഷത്തെത്തിയത്.
ജോസിന്റെ ആവശ്യം ന്യായമെന്ന നിലപാടിലാണ് സി പി എമ്മും. എന്നാൽ എൻ സി പി ഇപ്പോൾ മുന്നണി വിട്ടുപോവുന്നത് എൽ ഡി എഫിന് ദോഷം ചെയ്യും. എൻ സി പി വലിയ ശക്തിയൊന്നുമല്ലെങ്കിലും മുന്നണിയുടെ ശോഭ കെടുത്തുമെന്ന ഭയമാണ് ഇടത് നേതാക്കൾക്ക്.
എൻ സി പി ഇടത് മുന്നണി വിടുമെന്ന വാർത്തകൾ ഭാവനാ സൃഷ്ടിമാത്രമാണെന്ന് എൻ സി പി നേതാവും മന്ത്രിയുമായ ഏ കെ ശശീന്ദ്രൻ. എന്നാൽ എൻ സി പി ദേശീയ പാർട്ടിയാണെന്നും, ദേശീയ നേതാക്കൾ കൈക്കൊളളുന്ന എന്ത് തീരുമാനവും സംസ്ഥാന നേതൃത്വം അംഗീകരിക്കുമെന്ന് എൻ സി പി നേതാവ് പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു.
എൻ സി പി പളിരുമെന്നും താൻ കോൺഗ്രസ് എസിൽ ചേരുമെന്നുമുള്ള പ്രചാരണം തെറ്റാണ്, അത്തരത്തിലൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് ഏ കെ ശശീന്ദ്രൻ പറഞ്ഞു. ഏ കെ ശശീന്ദ്രനെ കോൺഗ്രസ് എസിലേക്ക് ക്ഷണിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി.
നിയമ സഭാ സീറ്റ് സംബന്ധിച്ച് എൽ ഡി എഫിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here