തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിലെ അഴിച്ചുപണി സംബന്ധിച്ച് മറ്റന്നാൾ തീരുമാനമുണ്ടാകും. ഹൈക്കമാൻഡും കേരളാ നേതാക്കളും തമ്മിൽ മറ്റന്നാൾ ഡൽഹിയിൽ നിർണായക ചർച്ചകളാണ് നടക്കുന്നത്. ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയിലും ഡി സി സി പുന:സംഘടനയിലുമാണ് തീരുമാനം പ്രതീക്ഷിക്കുന്നത്.തദ്ദേശതോൽവിക്ക് ശേഷമുളള അഴിച്ചുപണിയെ കുറിച്ചുളള ചർച്ചകളിൽ ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്കെത്തിക്കണമെന്ന ആവശ്യമായിരുന്നു ഏറ്റവും ശക്തം. സംസ്ഥാനത്തെത്തിയ എ ഐ സി സി പ്രതിനിധികളോട് ഘടകകക്ഷികളും ഇക്കാര്യം ഉന്നയിച്ചു.കൂട്ടായ നേതൃത്വമാകും നിയമസഭാ തിരഞ്ഞെടുപ്പിനെ നയിക്കുക എന്ന് ഹൈക്കമാൻഡ് പറയുമ്പോഴും ഉമ്മൻചാണ്ടിയുടെ പദവിയിൽ തീരുമാനമായില്ല.

ഉമ്മൻചാണ്ടിയെ തിര‍ഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷനാക്കണമെന്ന നിർദ്ദേശമാണ് കൂടുതൽ സജീവമായി ഉയരുന്നത്. അതിനുമപ്പുറം പാർട്ടി അധികാരത്തിലെത്തിയാൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമായി ടേം തിരിച്ച് മുഖ്യമന്ത്രി സ്ഥാനം എന്ന ഫോർമുലയെകുറിച്ചും ആലോചനകളുമുണ്ട്.അത്തരമൊരു ധാരണക്ക് ഹൈക്കമാൻഡ് തയ്യാറാകുമോ എന്ന് വ്യക്തമല്ല. ധാരണ വഴി ഗ്രൂപ്പ് പോര് കുറയ്‌ക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ധാരണ തന്നെ ഗ്രൂപ്പുകളിലെ ഭിന്നത കൂട്ടുമെന്ന അഭിപ്രായമുളളവരും നേതൃത്വത്തിലുണ്ട്.കനത്ത തോൽവിയുണ്ടായിട്ടും എ ഐ സി സി നിർദ്ദേശിച്ചിട്ടും ഡി സി സി പുന:സംഘടനകൾക്ക് എ -ഐ ഗ്രൂപ്പുകൾ വിമുഖത കാണിക്കുകയാണ്. നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചതോടെ മാറ്റേണ്ട ഡി സി സി പ്രസിഡന്റുമാരുടെ സാദ്ധ്യത പട്ടിക ചർച്ചയിലേക്ക് കെ പി സി സി കടന്നു. തിരുവനന്തപുരം. കൊല്ലം ,പത്തനംതിട്ട, കോട്ടയും, എറണാകുളം. പാലക്കാട് ,വയനാട് ഡി സി സികളിൽ മാറ്റം ഉറപ്പാണ്. അതിനപ്പുറം എ ഐ സി സി നിർദ്ദേശിക്കുമോ എന്നുളളതാണ് അറിയേണ്ടത്. കേരള നേതാക്കൾ സാദ്ധ്യതാപട്ടിക നൽകിയാലും സംസ്ഥാന ചുമതലയുളള എ ഐ സി സി പ്രതിനിധകളുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്താകും അന്തിമതീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here