തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എൻ എസ് എസിനെ ഒപ്പംകൂട്ടാൻ ബി ജെ പിയുടെ നീക്കം. മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായ്ക്കും എൻ എസ് എസ് നന്ദി പ്രകടിപ്പിച്ചതിനെ സമർത്ഥമായി ഉപയോഗിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. മുഖപത്രമായ സർവ്വീസിൽ പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി അറിയിച്ചുകൊണ്ട് എൻ എസ് എസ് മുഖപ്രസംഗവും എഴുതിയിരുന്നു. ഈ ലേഖനം കെ. സുരേന്ദ്രൻ ഫെയ്‌സ്ബുക്ക് പോസ്റ്റായി ഇട്ടതിലൂടെയാണ് ബി ജെ പിയുടെ മനസിലിരുപ്പ് വ്യക്തമായത്. പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും ജനറൽ സെക്രട്ടറി നന്ദി അറിയിച്ചത് എൻ എസ് എസ് തങ്ങളോട് അടുക്കുന്നതിന്റെ സൂചനയായാണ് ബി ജെ പി നേതൃത്വം വ്യാഖ്യാനിക്കുന്നത്.

ശബരിമല പ്രശ്നത്തോടെ നായർ സമുദായത്തിലെ കൂടുതൽപ്പേർ ബി ജെ പിയോട് അടുത്തിരുന്നു.രമേശ് ചെന്നിത്തലയ്ക്ക് പകരം ഉമ്മൻചാണ്ടിയെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി അദ്ധ്യക്ഷനായി നിശ്ചയിച്ച കോൺഗ്രസിന്റെ തീരുമാനം എൻ എസ് എസുമായി അടുക്കാനുളള നീക്കം കൂടുതൽ സുഗമമാക്കുമെന്നാണ് ബി ജെ പി കരുതുന്നത്. എൻ എസ് എസിനെ തങ്ങളോട് കൂടുതൽ അടുപ്പിക്കുന്നതിന്റെ ഭാഗമായി മറ്റുചില നീക്കങ്ങളും ബി ജെ പി അണിയറയിൽ ഒരുക്കുന്നുണ്ട്. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി കേരളത്തിലെത്തുകയാണെങ്കിൽ മന്നം സമാധിയിൽ അദ്ദേഹത്തെക്കൊണ്ട് പുഷ്പാർച്ചന നടത്തിപ്പിക്കാനുളള ആലോചനയാണ് ഇതിൽ ഏറ്റവും പ്രധാനം. എന്നാൽ മോദി കേരളത്തിലെത്തുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.ബി ജെ പിയുടെ മനസിലിരുപ്പ് വ്യക്തമാണെങ്കിലും എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഇതുവരെ മനസ് തുറന്നിട്ടില്ല. സമദൂര നിലപാടിൽ നിന്ന് മാറ്റമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പിനോട് കൂടുതൽ അടുക്കുമ്പോൾ മറിച്ചെന്തെങ്കിലും തീരുമാനമുണ്ടാകുമോ എന്നറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

LEAVE A REPLY

Please enter your comment!
Please enter your name here