തിരുവനന്തപുരം : സി എ ജിക്കെതിരെ കേരള സർക്കാർ പ്രമേയം പാസാക്കുന്ന അത്യപൂർവ്വമായ കാഴ്ചയാണ് നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം അരങ്ങേറിയത്. സി എ ജി ക്കെതിരെയുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് അവതരിപ്പിച്ചത്.  റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി ഡി സതീശനും  രംഗത്തെത്തിയതോടെ രംഗം ചൂടുപിടിച്ചു.  സി എ ജി എന്നത് ഭരണഘടനാ സ്ഥാപനമാണെന്നും അതിനാൽ തന്നെ പ്രമേയം മൂലം സി എ ജിയെ എതിർക്കുന്നത് ചട്ടലംഘനമാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. സി എ ജി റിപ്പോർട്ട് ചർച്ച ചെയ്യാം, പാരാതി സമർപ്പിക്കാം, എന്നാൽ പ്രമേയം പാസാക്കി സി എ ജി യുടെ ഓഡിറ്റ് റിപ്പോർട്ട് ഞങ്ങൾ അംഗീകരിക്കില്ല എന്ന് പറയാനാവില്ല. പ്രമേയത്തെ എതിർക്കുമ്പോൾ ഭരണ പക്ഷം സി എ ജി എന്നത് ഒരു ആർ എസ് എസ് സ്ഥാപനമെന്ന നിലയിലാണ് സംസാരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.


സി എ ജി റിപ്പോർട്ടിൽ പരാതിയുണ്ടെങ്കിൽ പി എ സിയെ സമീപിക്കുകയാണ് വേണ്ടത്. അല്ലാതെ നമുക്കിഷ്ടമില്ലാത്തതിനെ കണ്ണടച്ച് എതിർക്കുകയല്ല വേണ്ടതെന്ന് വി ഡി സതീശൻ പ്രതികരിച്ചു. കോടതിവിധി വരുമ്പോൾ കോടതിക്കെതിരെ പ്രതിഷേധിക്കുന്ന അതേ നടപടിയാണ് സി എ ജിയുടെ കാര്യത്തിലും സ്വീകരിക്കുന്നത്.
കിഫ്ബിയുടെ പണം ഉപയോഗിച്ച് ബജറ്റ് നിർദ്ദേശങ്ങളില്ലാത്ത പദ്ധതി നടപ്പാക്കുന്നതും, മസാല ബോണ്ട് ഉപയോഗിച്ച് വിദേശത്തുനിന്നടക്കം നിക്ഷേപം സ്വീകരിക്കുന്നതും നിയമവിരുദ്ധമാണെന്ന സി എ ജിയുടെ പരാമർശമാണ് പ്രമേയത്തിലേക്ക് വഴിവച്ചത്.


ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞതായിരുന്നു  പ്രമേയത്തിലുള്ള ചർച്ച. ഭരണ-പ്രതിപക്ഷ വാക്‌പോര് ശക്തമായതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here