രാജേഷ് തില്ലങ്കേരി

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് അവസാനിച്ചു. ഒട്ടേറെ വാദങ്ങളും പ്രതിവാദങ്ങളും മുഴങ്ങിയ സഭയാണ് കാലവധി പൂർത്തിയാക്കി പിരിയുന്നത്. ഏപ്രിൽ അവസാന വാരം കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കും.

രണ്ട് പ്രമുഖ നേതാക്കളുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കാണ് 14 ാം നിയമസഭ സാക്ഷ്യം വഹിച്ചത്.
പാലായിൽ നിന്നും തുടർച്ചയായി അമ്പത് വർഷക്കാലം നിയമ സഭാംഗമായ കെ എം മാണിയുടെയും പുതുപ്പള്ളിയിൽ നിന്നും തുടർച്ചയായി അമ്പത് വർഷം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടിയുടെയും. ഏഴ് എം എൽ എ മാരുടെ മരണവും ഈ കാലയളവിലുണ്ടായി. കെ എം മാണി, തോമസ് ചാണ്ടി, വിജയൻ പിള്ള, സി എഫ് തോമസ്, കെ വി വിജയദാസ്, പി ബി അബ്ദുൽ റസാക്ക്, കെ കെ രാമചന്ദ്രൻ നായർ എന്നിവരാണ് ഈ കാലയളവിൽ മരണമടഞ്ഞ എം എൽ എ മാർ.

ഇ പി ജയരാജൻ, എ കെ ശശീന്ദ്രൻ, മാത്യു ടി തോമസ്, തോമസ് ചാണ്ടി എന്നീ മന്ത്രിമാരുടെ രാജിയും ഈ നിയമസഭയിൽ ഉണ്ടായി. അതിൽ ബന്ധുനിയമന വിവാദത്തിൽ അകപ്പെട്ടാണ് ഇ പി ജയരാജന് രാജി വെക്കേണ്ടി വന്നത്. തേൻ കെണിയിൽ അകപ്പെട്ട് ഏ കെ ശശീന്ദനും രാജിവച്ചു. തോമസ് ചാണ്ടി കുട്ടനാട്ടിലെ കായൽകയ്യേറ്റ വിവാദങ്ങളിലും അകപ്പെട്ടാണ് രാജി വച്ചത്. പാർട്ടിയിലെ വിവാദങ്ങളാണ് മാത്യു ടി തോമസിന്റെ രാജിക്ക് വഴിയൊരുക്കിയത്. എ കെ ശശീന്ദ്രനും ഇ പി ജയരാജനും പിന്നീട് കുറ്റ വിമുക്തരായി തിരികെയെത്തി.

മഞ്ചേശ്വരം എം എൽ എ സ്വർണതട്ടിപ്പ് കേസിൽ ജയിലായതിനാൽ ഈ സമ്മേളനങ്ങളിൽ പങ്കെടുക്കാനായില്ല. പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി കൂടിയായ കളമശ്ശേരി എം എൽ എ ഈ അടുത്ത ദിവസമാണ് ജാമ്യം നേടിയത്. കോഴ വിവാദത്തിൽ അകപ്പെട്ട അഴീക്കോട് എം എൽ എ കെ എം ഷാജി ആരോഗ്യ പരരമായ കാരണങ്ങളാൽ നിയമ സഭയിൽ എത്തിയിരുന്നില്ല. കോവിഡ് ബാധിതനായി ചികിൽസയിലായതിനാൽ മന്ത്രി എ കെ ബാലൻ, കൊല്ലം എം എൽ എ  മുകേഷ്, പീരുമേട് എം എൽ എ ബിജിമോൾ എന്നിവരും സഭയിലെത്തിയിരുന്നില്ല.

സ്പ്രിക്ലർ വിവാദം, സ്വർണക്കടത്ത് വിവാദം, സ്പീക്കർക്കെതിരെയുള്ള ഡോളർ കടത്ത് വിവാദം, ലൈഫ് ഭവന പദ്ധതിയിലെ അഴിമതി, കിഫ്ബിയിൽ സി എ ജി റിപ്പോർട്ടിലെ വിവാദങ്ങൾ തുടങ്ങി നിരവധി വിവാദങ്ങളാണ് അവസാന സമ്മേളനദിവസങ്ങളിൽ ചൂടേറിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചത്. സ്പീക്കറെ നീക്കണമെന്ന പ്രമേയം വോട്ടിനിട്ട് തള്ളിയെങ്കിലും സ്പീക്കർക്കെതിരെയുള്ള നീക്കം ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കി.
ഭരണഘടനാ സ്ഥാപനമായ സി എ ജെയ്‌ക്കെതിരെ പ്രമേയം പാസാക്കിയതും ഈ നിയമസഭ കണ്ട അപൂർവ്വമായ നടപടിയായിരുന്നു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ അതിജീവിക്കാൻ ഇടത് മുന്നണിക്ക് കഴിഞ്ഞുവെങ്കിലും , സ്പീക്കറും മറ്റും സംശയത്തിന്റെ നിഴലിൽ നിൽക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഏത് തരത്തിലുള്ള പ്രതിഫലനമാണ് ഉണ്ടാക്കുകയെന്ന് പ്രവചാതീതമാണ്.

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ ആകെ തകർന്നിരിക്കുന്ന യു ഡി എഫിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് കോൺഗ്രസ്.  കേരളാ കോൺഗ്രസിലെ ജോസ് കെ മാണി വിഭാഗത്തിന്റെ ഇടത് പ്രവേശം യു ഡി എഫിന്റെ മധ്യകേരളത്തിലെ ശക്തി ക്ഷയിപ്പിച്ചിരിക്കയാണ്. ഇതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാവുന്ന തിരിച്ചടിയും യു ഡി എഫ് വ്യക്തമായി കാണുന്നുണ്ട്. ഉമ്മൻ ചാണ്ടിയെ ഉപയോഗിച്ച് ക്ഷീണത്തിന്റെ ആഘാതം കുറയ്ക്കുകയെന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

കുഞ്ഞാലിക്കുട്ടിയെ സജീവമാക്കി മലബാറിൽ യു ഡി എഫിന്റെ സീറ്റുകൾ ഉറപ്പിക്കുകയെന്ന തന്ത്രവും ഒപ്പം നടക്കുന്നുണ്ട്. നിലവിൽ എം പിയായ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പിൽ മൽസരിക്കാനും എം പി സ്ഥാനം രാജിവെക്കാനുമുള്ള തീരുമാനം തിരിച്ചടിയാവുമോ എന്നും യു ഡി എഫ് ഭയക്കുന്നുണ്ട്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കൂടുതൽ നേട്ടമുണ്ടാക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ഭരണ കക്ഷിയായ എൽ ഡി എഫ്.

LEAVE A REPLY

Please enter your comment!
Please enter your name here