തിരുവനന്തപുരം: കോവിഡ് വാക്സീൻ ആദ്യ ഡോസ് കുത്തിവയ്പ് ഫെബ്രുവരി 15ന് അകം പൂർത്തിയാക്കാൻ സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി തീരുമാനിച്ചു. ഇതിനായി ഇന്നു മുതൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാൻ നിർദേശം നൽകി. ഓരോ ജില്ലയിലും കുറഞ്ഞത് 14 കേന്ദ്രങ്ങളെങ്കിലും തുടങ്ങണമെന്നാണു നിർദേശം. ആഴ്ചയിൽ 4 ദിവസം എന്ന നിബന്ധനയും മാറ്റി.
വാക്സീനു വേണ്ടി റജിസ്റ്റർ ചെയ്തവർ കുറവുള്ള ഇടുക്കി, കാസർകോട്, വയനാട് ജില്ലകളിൽ ഈ മാസവും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ 11ന് അകവും ആദ്യഡോസ് കുത്തിവയ്പ് പൂർത്തിയാക്കും. 4.69 ലക്ഷം പേരാണ് ആദ്യഘട്ട വാക്സിനേഷൻ പട്ടികയിലുള്ളത്.

ആദ്യദിവസങ്ങളിൽ കുത്തിവയ്പു മന്ദഗതിയിലായതിനു പിന്നാലെയാണ് സ്റ്റീയറിങ് കമ്മിറ്റി യോഗം ചേർന്നത്. ദേശീയതലത്തിൽ തന്നെ റജിസ്റ്റർ ചെയ്തവരിൽ ഏറ്റവും കുറവു പേർക്കു കുത്തിവയ്പെടുത്ത സംസ്ഥാനങ്ങളിലൊന്നാണു കേരളം. നാഗാലാൻഡ്, ഒഡീഷ, ഹരിയാന പോലുള്ള സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്തതിന്റെ ഏതാണ്ടു പകുതിയോളം പേർക്കു വാക്സീൻ നൽകിയെങ്കിലും കേരളത്തിൽ ഇപ്പോഴും 10 ശതമാനത്തിൽ താഴെയാണ്.

തിരഞ്ഞെടുക്കപ്പെടുന്നവരെ അറിയിക്കാൻ വൈകുന്നതുമൂലം പലരും എത്തുന്നില്ലെന്ന പരാതി പരിഹരിക്കാൻ 48 മണിക്കൂർ മുൻപ് അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവർ എത്തിയില്ലെങ്കിൽ റജിസ്റ്റർ ചെയ്ത മറ്റുള്ളവർക്കു കോ–വിൻ ആപ് വഴി അവസരം നൽകാം. എന്നാൽ സ്പോട് റജിസ്ട്രേഷൻ പാടില്ല.

കേരളത്തിൽ 12,120

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വാക്സീൻ കുത്തിവയ്പിന്റെ 5–ാം ദിനത്തിൽ 12,120 ആരോഗ്യ പ്രവർത്തകർ വാക്സീൻ സ്വീകരിച്ചു. ഇതിനകം വാക്സീൻ സ്വീകരിച്ചതു 47,893 പേർ; റജിസ്റ്റർ ചെയ്തതു 4,81,747 പേർ.

കുത്തിവയ്പെടുത്ത ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

റജിസ്റ്റർ ചെയ്യാതെ 20 ലക്ഷം

ന്യൂഡൽഹി: രാജ്യത്ത് ഒരു കോടി ആരോഗ്യപ്രവർത്തകർക്കു വാക്സീൻ നൽകാൻ ലക്ഷ്യമിട്ടിരിക്കെ, ഇതുവരെ കോവിൻ പ്ലാറ്റ്ഫോമിൽ റജിസ്റ്റർ ചെയ്തത് 77 ലക്ഷം പേർ. മുഖ്യശാസ്ത്രോപദേഷ്ടാവ് കെ. വിജയരാഘവനും എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയും ആരോഗ്യ പാർലമെന്ററികാര്യ സമിതിക്കു മുന്നിൽ നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്.

കുത്തിവയ്പ് 12.7 ലക്ഷം

രാജ്യത്തു കോവിഡ് വാക്സീൻ കുത്തിവയ്പെടുത്തവരുടെ എണ്ണം 12.7 ലക്ഷമായി. വിതരണത്തിന്റെ ഏഴാം ദിനമായ ഇന്നലെ മാത്രം 2.28 ലക്ഷം പേർ വാക്സീനെടുത്തു.

2 മരണം കൂടി

വാക്സീനെടുത്ത 2 പേർ കൂടി മരിച്ചു. രാജസ്ഥാനിലും ഗുരുഗ്രാമിലുമാണു മരണം. ഇതോടെ, വാക്സീനെടുത്തതിനു പിന്നാലെ മരിച്ചവരുടെ എണ്ണം 6 ആയി. എന്നാൽ, ഈ കേസുകൾക്കൊന്നും വാക്സീനുമായി ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here