സ്വന്തം ലേഖകൻ

കൊച്ചി : ചുണ്ടിനും കപ്പിനുമിനുമിടയിലാണ് കൊച്ചി, തൃശ്ശൂർ കോർപ്പറേഷൻ ഭരണം യു ഡി എഫിൽ നിന്നും കൈവിട്ടുപോയത്. തൃശ്ശൂരിൽ കോൺഗ്രസ് വിമതന്റെ മാത്രം പിൻബലത്തിലാണ് എൽ ഡി എഫ് ഭരണം. രണ്ട് വർഷത്തേക്ക് വിമതനായ കെ ഡി വർഗീസിനെ മേയറാക്കി ഭരണം പിടിച്ചെങ്കിലും പുല്ലഴി ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥനാർത്ഥി വിജയിച്ചതോടെ എൽ ഡി എഫിനും യു ഡി എഫിനും തുല്യ സീറ്റാണ് ലഭിച്ചിരിക്കുന്നത്. ഒരു സീറ്റ് അധികമുള്ളത് വിമതനായി ജയിച്ച മേയറുടേത്.

കൊച്ചിയിൽ യു ഡി എഫിന് രണ്ട് വിമതരുണ്ടായിരുന്നു. അതിൽ മുസ്ലിംലീഗ് വിമതനായ അഷറഫ് എൽ ഡി എഫിന് പിന്തുണ നൽകാൻ തയ്യാറായതോടെയാണ് സി പി എമ്മിലെ അഡ്വ എം അനിൽകുമാർ മേയറായത്. എന്നാൽ പശ്ചിമ കൊച്ചിയിൽ നിന്നുള്ള സി പി എം കൗൺസലർ എച്ച് എം അഷറഫ് സി പി എമ്മിൽ നിന്നും രാജിവച്ചതോടെ സി പി എം ഏറെ പ്രതിരോധത്തിലായി. ഒരു സീറ്റിന്റെ പിന്തുണയിലാണ് കൊച്ചിയിലും ഭരണം. സി പി എം വിമതനായി ഒരു കൗൺസിലറുണ്ടെങ്കിലും അദ്ദേഹം എൽ ഡി എഫിനെ പിന്തുണയ്ക്കുന്നില്ല.

യു ഡി എഫിന്റെ രണ്ട് വിമതർ, സി പി എം വിട്ട കൗൺസിലർ എന്നിവരെ ഒരുമിച്ച് നിർത്തി നഷ്ടപ്പെട്ട ഭരണം തിരികെ പിടിക്കുകയാണ് യു ഡി എഫ് പ്ലാൻ. ബി ജെ പി നിർണ്ണായകമായ നീക്കങ്ങൾ നടത്തി ഒരു സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം പിടിച്ചിരുന്നു.

ഡപ്യൂട്ടി മേയർ സ്ഥാനം വാഗ്ധാനം ചെയ്ത് ഒരു ഘടക കക്ഷി കൗൺസിലറെ യു ഡി എഫിൽ എത്തിക്കാനാണ് നീക്കം. ജൂൺ അവസാനം കൊർപ്പറേഷനുകളിൽ അവിശ്വാസം അവതരിപ്പിച്ച് വിശ്വാസ വോട്ടെടുപ്പിൽ എൽ ഡി എഫിനെ അട്ടിമറിക്കാനാണ് കോൺഗ്രസ്  ലക്ഷ്യമിടുന്നത്. തൃശ്ശൂരിലെ വിമതൻ മേയറായി മാറിയതോടെ  ഇതുവരെ കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദ്ധത്തിന് വഴങ്ങിയിട്ടില്ല. എന്നാൽ സംസ്ഥാന രാഷ്ട്രീയത്തിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാവുന്ന മാറ്റങ്ങളെ ആശ്രയിച്ചിരിക്കും കാര്യങ്ങളുടെ നീക്കം.
ആറ് കോർപ്പറേഷനുകളിൽ കണ്ണൂർ ഒഴികെ മറ്റെല്ലാം കോർപ്പറേഷനും എൽ ഡി എഫിന്റെ കയ്യിലാണ്. കൊച്ചിയും തൃശ്ശരും തിരികെപിടിക്കാനായാൽ മൂന്ന് മൂന്ന് എന്ന നിലയിലേക്ക് മാറും. രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കോർപ്പറേഷനാണ് കൊച്ചി. കൊച്ചിയിൽ ഭരണം പോയത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരുന്നത്. തൃശ്ശൂരിൽ കോൺഗ്രസ് വിമതനെ മേയറാക്കിയതും കോൺഗ്രസിന് തിരിച്ചടിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here