കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും യുഡിഎഫ് വിട്ട് ഇടതു മുന്നണിയിലെത്തുമെന്ന് കേരള കോൺഗ്രസ് (സ്കറിയ തോമസ്) വിഭാഗം. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നതായി സ്കറിയ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണിക്ക് കീഴില്‍ കേരള കോണ്‍ഗ്രസുകളുടെ ഐക്യമാണ് ലക്ഷ്യമെന്നും സ്കറിയ തോമസ് വ്യക്തമാക്കി. മുന്നണി വിപുലീകരണ സാധ്യതകള്‍ മന്ത്രി ഇ.പി. ജയരാജനും ശരിവച്ചു.

എന്നാൽ വാർത്താ നിഷേധിച്ച് കേരള കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ രംഗത്തെത്തി. നിലവിൽ ഇത്തരം നീക്കങ്ങൾ ഇല്ലെന്നും കേരള കോൺഗ്രസ് (ജേക്കബ്) യുഡിഎഫിന് ഒപ്പമെന്നും അനൂപ് ജേക്കബ് പ്രതികരിച്ചു. ഇടതുമുന്നണിയുമായി യാതൊരു തരത്തിലുള്ള ചർച്ചകളും നടത്തിയിട്ടില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. വാർത്തയെ കുറിച്ച് സ്കറിയ തോമസിനോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ വഴികളെല്ലാം പയറ്റുകയാണ് ഇടത് മുന്നണിയും സിപിഎമ്മും. ജോസ് കെ. മാണിക്ക് പിന്നാലെ അനൂപ് ജേക്കബിനെയും കൂട്ടരെയും പാളയത്തിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ അണിയറയില്‍ സജീവമാണെന്ന് വ്യക്തമാക്കുകയാണ് സ്കറിയ തോമസ്.

യാക്കോബായ സഭയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ പിറവം സീറ്റിനെ കേന്ദ്രീകരിച്ചാണ് മുന്നണിമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നും സ്കറിയ തോമസ് പറഞ്ഞു ഇടതു മുന്നണിയുമായി സഭ ഇടപെട്ട് ചർച്ചകൾ നടത്തിയതായും സ്കറിയ തോമസ് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിയായി അനൂപെത്തിയാല്‍ പിറവത്ത് വിജയിക്കാനാകില്ലെന്ന് സ്കറിയ തോമസ് ചൂണ്ടിക്കാട്ടുന്നു.

സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് നീക്കമെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രി ഇ.പി. ജയരാജന്‍റെ വാക്കുകള്‍. സംയുക്ത കേരള കോൺഗ്രസാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ സ്കറിയ തോമസ് ഇടത് മുന്നണിക്ക് കീഴില്‍ കേരളകോണ്‍ഗ്രസുകള്‍ ഒന്നിക്കാനുള്ള സാധ്യതകളും തള്ളുന്നില്ല. സ്കറിയ തോമസ് കഴിഞ്ഞ തവണ മത്സരിച്ച കടുത്തുരുത്തി ജോസ് കെ. മാണിക്ക് വിട്ടുനല്‍കാന്‍ ധാരണയായി. പകരം വിജയസാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യവും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here