രാജേഷ് തില്ലങ്കേരി

കൊച്ചി : സി പി എം സംസ്ഥാന സെക്രട്ടറിയുടെ പദവി വഹിക്കുന്ന എ വിജയരാഘവൻ മുസ്ലിംലീഗിനെതിരെ ആഞ്ഞടിക്കുകയാണ്. മൂന്നാം തവണയാണ് ലീഗിനെതിരെയുള്ള വിജയരാഘവന്റെ ശക്തമായ ആക്രമണം. സമസ്തയുമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ലീഗിൽ അസ്വസ്ഥതകൾ സൃഷ്ടിച്ച സാഹചര്യത്തിൽ മുസ്ലീം ലീഗിന്റെ വോട്ടുകളിൽ വ്യാപകമായ ചോർച്ചയുണ്ടാവുമെന്നുള്ള വാർത്തകൾ  പ്രചരിക്കുന്നതിനിടയിലാണ് വിജയരാഘവന്റെ പാണക്കാട് ആക്രമണം. ഇത് മുസ്ലിംലീഗിന് അനുകൂലമായ കാലാവസ്തയാണ് ഉണ്ടാക്കിയത്.
മുസ്ലിംലീഗിന് വിജയിക്കേണ്ടതും വിജയരാഘവനെ പ്രതിരധിക്കേണ്ടതും അനിവാര്യമായിതീർന്നു.

ലീഗ് നേതാക്കൾ അധികം സീറ്റ് ആവശ്യപ്പെടുമെന്നും, കോൺഗ്രസ് ലീഗിന്റെ തടവറയിലാണെന്നും നേരത്തെ സി പി എം ആരോപണം ഉന്നയിച്ചിരുന്നു. കേരളത്തിലെ കോൺഗ്രസിലെ നേതാക്കളെ മുസ്ലിം ലീഗാണ് തീരുമാനിക്കുന്നതെന്നായിരുന്നു എ വിജയരാഘവന്റെ ആദ്യത്തെ ആരോപണം.
സീറ്റുചർച്ചകൾ അനൗദ്യോഗികമായി ആരംഭിക്കുന്നതിനായി
കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരായിരുന്നു കഴിഞ്ഞയാഴ്ച  പാണക്കാട് എത്തിയത്. പാണക്കാട് ഹൈദരലി തങ്ങളുമായുള്ള ചർച്ചയ്ക്ക്  കോൺഗ്രസ് നേതാക്കൾ പാണക്കാട്ടേക്ക് പോയതിനെതിരെയായിരുന്നു വിജയരാഘവന്റെ  പ്രതികരണം. വർഗ്ഗീയ ശക്തികളുമായുള്ള കൂട്ട്
കോൺഗ്രസിന് തിരിച്ചടിയാവും എന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. മുസ്ലിംലീഗ് യു ഡി എഫിലെ പ്രധാന ഘടകകക്ഷിയാണെന്നും ലീഗുമായുള്ള ചർച്ചകൾ നടത്താനായി പാണക്കാട് പോയതിൽ എന്ത് വിമർശനമാണ് ഉന്നയിക്കാനുള്ളതെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
മുസ്ലിംലീഗ് വെൽഫെയർപാർട്ടിയുമായും മറ്റും സഖ്യമുണ്ടാക്കിയ സാഹചര്യത്തിൽ വർഗീയ പാർട്ടിയാണെന്നായിരുന്നു വിജയരാഘവന്റെ മറുപടി.

പാണക്കാട് യാത്രയെ വിമർശിച്ച വിജയരാഘവന് ലീഗ് നേതാക്കളും ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു.
സി പി എമ്മിന്റെ പ്രമുഖ നേതാവും മുൻമുഖ്യമന്ത്രിയും താത്വികാചാര്യനുമായ ഇ എം എസ് നമ്പൂതിരിപ്പാട് പാണക്കാട് എത്തിയകാര്യം സൂചിപ്പിച്ചായിരുന്നു മറുപടി. എന്നാൽ  ഇന്ന് വീണ്ടും മുസ്ലിംലീഗിനെതിരെ ശക്തമായ ഭാഷയിലാണ് വിജയരാഘവൻ പ്രതികരിച്ചത്. ഇതോടെ തെരഞ്ഞെടുപ്പിൽ ഹിന്ദുവോട്ടുകളാണ് സി പി എം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുകയാണ്.

ലീഗ് വർഗീയ ശക്തിതന്നെയാണെന്നായിരുന്നു വിജയരാഘവന്റെ ആരോപണം.
മുസ്ലിംലീഗിനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി നടത്തുന്ന കടന്നാക്രമണത്തിൽ മറ്റു നേതാക്കളൊന്നും പങ്കെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. സി പി എമ്മിന്റെ യോജിച്ച ശബ്ദമല്ല എന്നു വരുത്താനുള്ള ശ്രമമാണ് ഇതെന്നാണ് പിന്നാമ്പുറ സംസാരം. .
വിജയരാഘവനെ തള്ളാനോ, കൊള്ളാനോ മുഖ്യമന്ത്രിയോ മറ്റു നേതാക്കളോതയ്യാറായിട്ടില്ല. വിജയരാഘവൻ എൽ ഡി എഫ് കൺവീനർ കൂടിയാണ്. ബാബറി മസ്ജിദ് പ്രശ്‌നത്തിൽ ലീഗിന് ശക്തമായി ഇടപെടാൻ കഴിഞ്ഞില്ലെന്നുള്ള ആരോപണത്തെ തുടർന്ന് പാർട്ടി വിട്ട ഐ എൻ എൽ നിലവിൽ എൽ ഡി എഫിന്റെ ഭാഗമാണ്. ഘടകകക്ഷി നേതാക്കളാരും ഈ വിഷയത്തിൽ പ്രതികരണവുമായി  രംഗത്തു വന്നിട്ടില്ല.

യാക്കോബായ സഭ നിരണം ഭദ്രാസാധിപൻ വർഗ്ഗീസ് മാർ കുറിലോസ് തിരുമേനി ഇന്ന്  വിജയരാഘവന്റെ പ്രസ്താവനയിൽ പ്രതികരണവുമായി രംഗത്തെത്തി. എൽ ഡി എഫിനെ പ്രത്യക്ഷമായി അനുകൂലിക്കുന്ന കൂറിലോസ് തിരുമേനി വിജയരാഘവനെ തള്ളുന്ന നിലപാടാണ് സ്വീകരിച്ചത്.

മുസ്ലിംലീഗിനെ വർഗീയ പാർട്ടിയായി ചിത്രീകരിക്കുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാവും എന്നാണ് കുറിലോസ് തിരുമേനി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. മതനിരപേക്ഷ നിലപാട് സ്വീകരിച്ചിട്ടുള്ള ലീഗിനെതിരെ തുടർച്ചയായുള്ള വിജയരാഘവന്റെ ആക്രമണം ഗുണകരമാവില്ലെന്ന നിലപാടിലാണ് കൂറിലോസ്.
മുസ്ലിം സംഘടനകൾക്കും വിജയരാഘവന്റെ പ്രതികരണം ആഘാതമായിട്ടുണ്ട്. സി പി എം എന്ത് നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിക്കുന്നതെന്നത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
സി പി എമ്മും ബി ജെ പിയും തമ്മിൽ രഹസ്യ ധാരണയിലേക്ക് നീങ്ങുന്നതായുള്ള ആരോപണം നിലനിൽക്കെയാണ് മുസ്ലിംലീഗിനെതിരെയുള്ള വിജയരാഘവന്റെ കടന്നാക്രമണം.

LEAVE A REPLY

Please enter your comment!
Please enter your name here