ശ്രീകണ്ഠപുരം: പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രാ സ്വീകരണത്തിനിടെ കോൺഗ്രസ്‌ എ, ഐ പ്രവർത്തകർ ചേരിതിരിഞ്ഞ്‌ തമ്മിലടിച്ചു. ശ്രീകണ്‌ഠപുരത്ത്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ ഏഴേ മുക്കാലോടെയാണ്‌ സംഭവം. മലയോര മേഖലയിൽ കോൺഗ്രസിന്റെ അടിവേരറുത്ത തദ്ദേശതെരഞ്ഞെടുപ്പു തോൽവിയുടെ പേരിലായിരുന്നു ഏറ്റുമുട്ടൽ.

രമേശ്‌ ചെന്നിത്തല എത്തുന്നതിനു മിനിറ്റുകൾക്കു മുമ്പാണ്‌ വേദിക്കരികിൽ കോൺഗ്രസ്‌ പ്രവർത്തകർ തമ്മിൽ രൂക്ഷമായ വാക്‌പോരും തമ്മിലടിയും നടന്നത്‌. ഈ സമയം ഫോർവേഡ്‌ ബ്ലോക്ക്‌ നേതാവ്‌ ജി ദേവരാജൻ സംസാരിക്കുകയായിരുന്നു. കോൺഗ്രസ് എ ഗ്രൂപ്പുകാരനായ ജേക്കബ് ചെറ്റിമറ്റത്തെ (സണ്ണി) ഐ ഗ്രൂപ്പിലെ ടി എൻ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. എ ഗ്രൂപ്പുകാരും സംഘടിച്ചെത്തിയതോടെ കൂട്ടത്തല്ലായി.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തിലെ യുഡിഎഫ്‌ ശക്തികേന്ദ്രങ്ങളായ ഉദയഗിരി, പയ്യാവൂർ, നടുവിൽ പഞ്ചായത്തുകളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടിയിരുന്നു. ഇതിന് പിന്നിൽ ഗ്രൂപ്പുകളികളാണെന്നാരോപിച്ച് മലയോരത്തെ കോൺഗ്രസിനുള്ളിൽ നേരത്തെ പൊട്ടിത്തെറിയുണ്ടായിരുന്നു. യുഡിഎഫിന്റെ പരാജയത്തിന് കാരണമാകും വിധത്തിലുള്ള നേതാക്കളുടെ വാട്സാപ്‌ സന്ദേശം എ ഗ്രൂപ്പുകാരനായ ജേക്കബ് പുറത്ത് വിട്ടിരുന്നു. ഇതാണ്‌ മറുഗ്രൂപ്പുകാരെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു. സ്ഥലം എംഎൽഎയും മുതിർന്ന നേതാവുമായ കെ സി ജോസഫ് ഉൾപ്പെടെയുള്ളവർ വേദിയിലുണ്ടായിരുന്നു.

സംസ്ഥാന നേതാക്കളടക്കമുള്ളവർ ഏറെ പണിപ്പെട്ടാണ് അണികളെ നിയന്ത്രിച്ച്‌ രംഗം ശാന്തമാക്കിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here