കൊച്ചി: പെട്രോൾ, ഡീസൽ വിലവർധനയ്‌ക്കൊപ്പം സാധാരണക്കാർക്കുമേൽ കനത്തപ്രഹരം ഏൽപ്പിച്ച്‌ കേന്ദ്രസർക്കാർ പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹികാവശ്യത്തിനുള്ള 14.2 കിലോ​ഗ്രാം സിലിൻഡറിന് 25 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 701 രൂപയായിരുന്നത്‌ 726 രൂപയായി. തിരുവനന്തപുരത്ത് 728.05 രൂപ, കോഴിക്കോട്ട്‌ 728 രൂപ.

സബ്സിഡി നിർത്തലാക്കിയശേഷം വിലകൂട്ടുന്നത് മൂന്നാംതവണ. രണ്ടുമാസത്തിനകം വീട്ടാവശ്യത്തിനുള്ള സിലിൻഡറിന് 125 രൂപ കൂട്ടി. ഡിസംബർ രണ്ടിനും പതിനഞ്ചിനും 50 രൂപവീതം. വാണിജ്യാവശ്യത്തിനുള്ള 19 കിലോ സിലിൻഡറിന് 50 രൂപയും 27 രൂപയും കൂട്ടി.

​ഗാർഹിക ഉപയോക്താക്കൾക്ക് ഏഴുമാസമായി സബ്സിഡി നൽകുന്നില്ല. അന്താരാഷ്ട്രവിപണിയിൽ പാചകവാതകവില കുറഞ്ഞതോടെ സബ്സിഡി ഇല്ലാത്ത സിലിൻഡറിനും ഉള്ളതിനും ഒരേവിലയായി എന്നാണ് അധികൃതരുടെ ന്യായീകരണം. സബ്‌സിഡി എടുത്തുകളയുന്നതിലൂടെ അടുത്ത സാമ്പത്തികവർഷം 20,000 കോടി ലാഭിക്കാമെന്നാണ് കേന്ദ്രം കണക്കാക്കുന്നത്.

പെട്രോള്‍ വില തൊണ്ണൂറിലേക്ക്‌
പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ്‌ വ്യാഴാഴ്‌ച കൂട്ടിയത്‌. തിരുവനന്തപുരം ന​ഗരത്തില്‍ പെട്രോളിന് 88.53 രൂപ, ഡീസലിന് 82.65 രൂപ. ന​ഗരത്തിനുപുറത്ത് പെട്രോളിന്റെ‌ വില 90 രൂപയെത്തുന്നു. കൊച്ചിയിൽ പെട്രോളിന് 86.81 രൂപ, ഡീസലിന് 81.03 രൂപ. കോഴിക്കോട്ട്‌ 87.11 ഉം 81.35 രൂപയുമാണ്‌.

ഈ വർഷം ഒമ്പതാംതവണയാണ് ഇന്ധനവില കൂട്ടുന്നത്. ജനുവരിയിൽ എട്ടുതവണ കൂട്ടി. രണ്ടുമാസത്തിനിടെ പെട്രോളിന് 5.89 രൂപയും ഡീസലിന് 6.61 രൂപയും കൂട്ടി. കനത്ത എക്സൈസ് നികുതിയാണ് വിലവർധനയ്‌ക്ക്‌ കാരണം. പെട്രോള്‍ ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് കേന്ദ്രനികുതി. ഇക്കുറി ബജറ്റിൽ പെട്രോളിന് 2.50 രൂപയും ഡീസലിന് നാലു രൂപയും എക്സൈസ് നികുതി കുറച്ചെങ്കിലും അത്രതന്നെ കാർഷിക ക്ഷേമ സെസ് ചുമത്തി.

LEAVE A REPLY

Please enter your comment!
Please enter your name here