രാജേഷ് തില്ലങ്കേരി

 രാഷ്ട്രീയ പാർട്ടികൾ ഭയന്നത് ഒടുവിൽ സംഭവിക്കുന്നു. ട്വന്റി 20 വളരുകയാണ്, കിഴക്കമ്പത്ത് മാത്രം ഒതുങ്ങിയിരുന്ന ട്വന്റി 20 എറണാകുളം ജില്ലയിലാകമാനം പടരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി.
എറണാകുളം ജില്ല വ്യവസായകരുടെയും പ്രൊഫഷണൽസിന്റെയും ജില്ലയാണ്. ഐ ടി രംഗത്ത് വൻ മുന്നേറ്റം നടത്തിക്കഴിഞ്ഞ ജില്ലകൂടിയാണിത്.
പരമ്പരാഗതമായ രാഷ്ട്രീയ പ്രവർത്തനത്തിന് വലിയ സാധ്യതയില്ലാത്ത ജില്ലയായി എറണാകുളം മാറുന്നുണ്ട്. പ്രകടനങ്ങളും പൊതുയോഗങ്ങളും പ്രതിഷേധവും എല്ലാം പഴഞ്ചൻ പരിപാടിയായി മാറുന്ന പുതിയുഗത്തിലേക്കാണ് എറണാകുളം മാറുന്നത്. യുവതയുടെ മനസറിഞ്ഞ് മുന്നേറാൻ രാഷ്ട്രീയ പാർട്ടികൾക്ക് മാറാൻ കഴിയുന്നില്ല. അതാണ് ട്വന്റി 20 പോലുള്ള സംഘടനകൾക്ക് ലഭിക്കുന്ന സ്വീകാര്യത.  

 ഏറ്റവും കൂടുതൽ ടെക്‌നോക്രാറ്റുകളും, ഐ ടി സംഭകരും മറ്റും പ്രവർത്തിക്കുന്ന ജില്ലയെന്ന നിലയിൽ എറണാകുളം ഘട്ടംഘട്ടമായി കീഴടക്കുകയെന്ന ലക്ഷ്യമാണ് ട്വന്റി 20 നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് എറണാകുളത്ത് ട്വന്റി 20 സംഘടനാ പ്രവർത്തനം ശക്തമാക്കാനുള്ള പദ്ധതികൾ ആരംഭിച്ചത്. ഇതിന്റെ ആദ്യ പടിയായി ട്വന്റി 20 അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു. ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല കേരളം ഇനി മുന്നോട്ട്, ട്വന്റി 20 ക്കൊപ്പം മുന്നോട്ട്, ആധുനിക കേരളത്തിനായി അണിചേരുക ട്വന്റി 20 യിൽ അംഗമാവുക. എന്നായിരുന്നു ക്യാമ്പയിനിന്റെഭാഗമായി നൽകിയ പത്ര പരസ്യത്തിലെ പ്രസക്തമായ വാക്കുകൾ. ‘ശക്തമായ നേതൃത്വം, ഉറച്ച നിലപാട് ‘  എന്നാണ് സംഘടന മുന്നോട്ടു വയ്ക്കുന്ന പ്രധാന വാക്യം. ക്യൂ ആർ കോഡ് ഉപയോഗിച്ച് ട്വന്റി 20 യുടെ സൈറ്റിൽ പ്രവേശിച്ച് അംഗത്വം നേടാനുള്ള പദ്ധതിയാണ് ട്വന്റി 20 ആരംഭിച്ചത്. ഫീസില്ല, വരിസംഖ്യയില്ല. ആർക്കും സൈറ്റിൽ ലോഗിൻ ചെയ്ത്

 കിഴക്കമ്പലം പഞ്ചായത്തിൽ രാഷ്ട്രീയക്കാരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആരംഭിച്ച സംഘടനയാണ് ട്വന്റി -20. അഞ്ച് വർഷം പിന്നിട്ടപ്പോൾ ട്വന്റി-20 സമീപത്തെ മൂന്ന് പഞ്ചായത്തുകളിലേക്കുകൂടി വ്യാപിച്ചു. നിലവിൽ നാല് ഗ്രാമപഞ്ചായത്തുകളിൽ ഭരണം നേടി ട്വന്റി 20 മികച്ച ഫോമിലാണ്.
ജില്ലാ പഞ്ചായത്തിൽ രണ്ട് അംഗബലവും ട്വന്റി 20 നേടിയിരുന്നു.
ട്വന്റി 20 അംഗത്വ ക്യാമ്പയിൻ ആരംഭിച്ചതോടെയാണ് നിരവധി പേർ സംഘടനയുടെ ഭാഗമാവാൻ താല്പര്യം പ്രകടിപ്പിച്ചത്. പത്രങ്ങളിൽ പരസ്യം നൽകിയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. ഡിജിറ്റലായാണ് അംഗത്വം നൽകുന്നതെന്നതാണ് ഏറ്റവും ആകർഷകം. എറണാകുളം ജില്ലയിലാണ് ക്യാമ്പയിൻ നടക്കുന്നത്. പെരുമ്പാവൂരിലും കുന്നത്തുനാടിലും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്താൻ നേരത്തെ തന്നെ ട്വന്റി 20 തീരുമാനിച്ചിരുന്നു. ഘട്ടം ഘട്ടമായുള്ള മുന്നേറ്റമാണ് സംഘടന ലക്ഷ്യമിടുന്നത്.  

രാഷ്ട്രീയക്കാരെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ഒരു സംഘടനാ സംവിധാനമാണ് ട്വന്റി-20. 2020 വർഷത്തോടെ കിഴക്കമ്പലം പഞ്ചായത്തിനെ ലോക നിലവാരത്തിലേക്ക് മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്വന്റി 20 എന്ന സംഘടനയ്ക്ക് രൂപം നൽകുന്നത്. കിഴക്കമ്പലത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ കിറ്റക്‌സ് മാനേജിംഗ് ഡയറക്ടർ സാബു എം ജേക്കബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംഘടന ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഒരുപോലെ ഭീഷണിയുർത്തി മുന്നേറുകയാണ്.

ഭക്ഷ്യസുരക്ഷാ മാർക്കറ്റിൽ വിലക്കുറവിൽ ഭക്ഷ്യവസ്തുക്കളും മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കുന്നതാണ് മറ്റ് ദേശത്തേക്കും ട്വന്റി 20 യെ വളർത്തുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ റോഡ് വികസനവും മറ്റു ദേശക്കാരെ ആകർഷിക്കുന്നതാണ്. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലെ കൃത്യത, അഴിമതി രഹിതമായ ഭരണം എന്നിവയും ട്വന്റി 20 യെ ജനപ്രിയമാക്കുന്നു.

അംഗത്വ ക്യാമ്പയിന് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. രണ്ട് ദിവസം കൊണ്ട് 20 ലക്ഷം പേർ സംഘടനയിൽ അംഗത്വമെടുത്തുകഴിഞ്ഞു. യുവാക്കളാണ് സംഘടനടയിൽ അംഗമായവരിൽ ഏറിയ പങ്കും. ഇത് ട്വന്റി 20 മുന്നോട്ടുവയ്ക്കുന്ന വികസന അജണ്ടയ്ക്ക് ലഭിക്കുന്ന പൊതു സ്വീകാര്യതയാണ്.

കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാർക്കറ്റ് കൂടുതൽ പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തീരുമാനവും ട്വന്റി 20 എടുത്തിരിക്കയാണ്. മഴുവന്നൂർ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം നടന്ന വികസന സമിതി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ട്വന്റി-20 ചീഫ് കോ-ഓഡിനേറ്റർ സാബു എം ജേക്കബ്ബിനെ കയ്യേറ്റം ചെയ്യാൻ കോൺഗ്രസ്, സി പി എം പ്രവർത്തകർ ഒരുമിച്ചിരുന്നു.  കാലിനടിയിലെ മണ്ണ് ഒലിച്ചുപോവുന്നതിന്റെ ആശങ്കയിലാണ് എല്ലാ പാർട്ടികളും പ്രകടിപ്പിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള തീരുമാനത്തിന് കൂടുതൽ ശക്തി പകരുന്നതാണ് അംഗത്വ ക്യാമ്പയിന് ലഭിച്ച മികച്ച സ്വീകാര്യത.

ട്വന്റി 20 യെ അനുനയിപ്പിക്കാനുള്ള ശ്രമിങ്ങളിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിൽ വിള്ളൽ വീഴുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്. കുന്നത്തുനാടും, പെരുമ്പാവൂരും ട്വന്റി 20 മൽസരിച്ചാൽ അത് ഇരു മുന്നണികളെയും അത് പ്രതികൂലമായി ബാധിക്കും. കുന്നത്തു നാട് മണ്ഡലത്തിൽ ട്വന്റി 20 ക്ക് നിലവിൽ വലിയ വിജയസാധ്യതയുമുണ്ട്.

വരും ദിവസങ്ങളിൽ ട്വന്റി 20 നിർണ്ണായകമായ നീക്കങ്ങളാണ് നടത്താനിരിക്കുന്നത്.

ഒരു രാഷ്ട്രീയ ബദൽ ആഗ്രഹിക്കുന്നവർക്കിടയിൽ ട്വന്റി 20 വലിയ സ്വീകാര്യതയുണ്ടാവുന്നുവെന്നാണ് പ്രകടമാവുന്നത്.


നിയമന വിവാദങ്ങളിൽ ചെന്നിത്തല


ചെന്നിത്തല യാത്രയിലാണ്, ഐശ്വര്യകേരള നിർമ്മിത്തിക്കായുള്ള യാത്ര. അതിനിടയിലാണ് കാലടി സംസ്‌കൃത സർവ്വകലാശാലയിൽ പിൻവാതിലിലൂടെ ഒരു സി പി എം നേതാവിന്റെ ഭാര്യ അസി.പ്രൊഫസറായതിന്റെ വാർത്തകൾ വരുന്നത്.

 

ചെന്നിത്തല പ്രതിപക്ഷനേതാവാണ്, ഒത്താൽ അടുത്ത മുഖ്യമന്ത്രിയാവാൻ ആശിച്ചു നടക്കുന്നയാളുമാണ്. അതിനാൽ ശക്തമായ പ്രഖ്യാപനങ്ങളാണ് ചെന്നിത്തല നടത്തുന്നത്. കേരളത്തിൽ നിയമന കുംഭകോണമാണ് നടത്തുന്നതെന്നായിരുന്നു ചെന്നിത്തലയുടെ പ്രധാന ആരോപണം. പിണറായി സർക്കാർ മൂന്ന് ലക്ഷം പിൻവാതിൽ നിയമനം നടത്തിയെന്നാണ് ചെന്നിത്തലയുടെ പ്രധാന ആരോപണം. ഏറെ വിവാദമുണ്ടാക്കിയ കിഫ്ബിയെ തള്ളിപ്പറയുമെന്നാണ് കേരളം കരുതിയിരിക്കുന്നത്. എന്നാൽ തള്ളിപ്പറയില്ലെന്ന് മാത്രമല്ല കിഫ്ബിയെ കുറച്ചുകൂടി പരിശുദ്ധമാക്കുമെന്നാണ് ചെന്നിത്തലയുടെ പ്രഖ്യാപനം.

സരിതയുടെ തട്ടിപ്പുകൾ സർക്കാർ അറിഞ്ഞുതന്നെയോ ?

സരിതാ നായർ കേരളത്തിൽ എന്നും വാർത്തയാണ്. സോളാർ വിവാദം മുതൽ സരിതയ്ക്ക് ഒരു മിനിമം മീഡിയാ കവറേജ് എന്നും ലഭിച്ചുപോന്നിരുന്നു. ഇടത് മുന്നണിയെ ഭരണത്തിൽ കയറ്റിയിരുത്തിയതും, കോൺഗ്രസിനെ വിവാദങ്ങളുടെ കയത്തിൽ മുക്കിയതുമൊക്കെ സരതയായിരുന്നുവല്ലോ.


സരിതയ്ക്ക് ഇടത് ഭരണത്തിൽ വലിയ സ്വാധീനമുണ്ടെന്നതിൽ ആർക്കും സംശയമില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നിയമന തട്ടിപ്പ് വിവാദം. താൽക്കാലികമായി സതിര ജോലി വാങ്ങിച്ചു നൽകും, പിന്നീട് സർക്കാർ അയാളെ സ്ഥിരപ്പെടുത്തിയും കൊടുക്കും. ഇതാണ് പുതിയ പരിപാടി. സൂര്യന്റെ വെളിച്ചം ഉപയോഗിച്ച് വൈദ്യുതിയുണ്ടാക്കി വിൽക്കുന്നതിലും എത്രയോ നല്ല ഏർപ്പാണ് നിയമനം വാങ്ങിച്ചുകൊടുക്കതെന്ന് ഇനിയെങ്കിലും മലയാളികൾ തിരിച്ചറിയണം.
നിയമന തട്ടിപ്പിൽ അകപ്പെട്ട് പണം പോയയാൾ പരാതിയുമായി വന്നപ്പോഴാണ് ജനം ഇതൊക്കെ അറിയുന്നത്. നാല് പേർക്ക് സർക്കാർ സർവ്വീസിൽ ജോലി വാങ്ങിച്ചുകൊടുത്തതായുള്ള സരിതാ നായരുടെ വോയിസ് ക്ലിപ്പ് ഇന്ന് ടി വി ചാനലുകാർ ആഘോഷപൂർവ്വം കൊണ്ടാടുന്നുണ്ട്.
വരട്ടെ എന്തെല്ലാം ക്ലിപ്പുകൾ ഇനിയും പുറത്തു വരുമെന്ന് കാത്തിരുന്നു കാണാം.

ഹെലികോപ്റ്ററിൽ ഒടുവിൽ വീണ്ടുവിചാരം, ധൂർത്താണെന്ന് പാർട്ടിക്കും ബോധ്യപ്പെട്ടു

കോടികൾ തുലച്ചതിനു ശേഷമാണ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റ ധൂർത്തായിരുന്നു വെന്ന് സി പി എമ്മിനും മനസിലായത്. കോൺഗ്രസ് നേതാവ് കെ സുധാകരൻ പറഞ്ഞതും അതുതന്നെയായിരുന്നല്ലോ. ചെത്തുകാരൻ പ്രയോഗത്തിന് കാരണക്കാരനായതും ഇതേ ഹെലികോപ്റ്ററാണ്. അനാവശ്യമായി പണം ചിലവഴിക്കുന്നതിനെ കുറിച്ചായിരുന്നു കെ സുധാകരൻ എം പി പ്രതികരിച്ചത്. എന്നാൽ വിവാദമായതോടെ കെ സുധാകരനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നു. അപ്പോഴും ഹെലികോപ്റ്റർ ധൂർത്ത് ആരും ചർച്ച ചെയ്തില്ല. രണ്ടു തവണമാത്രമാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്. പൊലീസിന് നിർണായക ഘട്ടത്തിൽ യാത്ര ചെയ്യുന്നതിനാണ് ഹെലി കോപ്റ്റർ വാടകയ്ക്ക് എടുത്തിരുന്നത്.

19 കോടി രൂപയാണ് ഹെലികോപ്റ്ററിന് വേണ്ടി പൊടിച്ചത്. മാർച്ച് മാസത്തോടെ ഹെലികോപ്റ്ററിന്റെ വാടക കരാർ പുതുക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. സി പി എം സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ ധൂർത്താണെന്ന് കണ്ടെത്തിയതോടെയാണ് സർക്കാരിനും വീണ്ടുവിചാരമുണ്ടായത്.

പുരട്ച്ചിതലൈവിയ്ക്ക് പകരമാവാൻ ചിന്നമ്മയ്ക്ക് ആവുമോ ?

ജയലളിത തമിഴ് നാട്ടിന്റെ അമ്മയായിരുന്നു. അതുകൊണ്ടു തന്നെ ജയലളിതയുടെ തോഴി ശശികല ചിന്നമ്മയും. അമ്മയും ചിന്നമ്മയും ആഘോഷിച്ച് ജീവിക്കുന്നതിനിടയിലാണ്  സ്വർണവും ഭൂമിയുമൊക്കെ കണക്കില്ലാതെ വാങ്ങിക്കൂട്ടിയത്. ഒരു ഭാഗത്ത് ജനങ്ങൾക്ക് നിരവധി സൗജന്യങ്ങൾ പ്രഖ്യാപിക്കുക. മറുഭാഗത്ത് വൻ അവിമതി. ഇതായിരുന്നു തമിഴ് സ്റ്റൈൽ.

എല്ലാറ്റിനും തമിഴ് മക്കൾക്ക് സ്റ്റൈലുണ്ടാവും. അതുകൊണ്ടാണ് സ്റ്റൈൽ മന്നൻ സാക്ഷാൽ രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചപ്പോൾ  വലിയ സ്വീകാര്യത ലഭിച്ചത്. ഒരു സിനിമാ സ്റ്റൈൽ രാഷ്ട്രീയത്തിലുണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് തമിഴ് ജനത.
എ ഐ ഡി എം കെയുടെ ജന.സെക്രട്ടറിയായി വന്ന് ഭരണം കൈവെള്ളയിൽ അടക്കിപ്പിടിക്കാനുള്ള ശ്രമങ്ങൾ നടക്കവെയാണ് അഴിമതിക്കേസിൽ ചിന്നമ്മ അഴികൾക്കുള്ളിലാവുന്നത്.

അല്ലായിരുന്നുവെങ്കിൽ തമിഴകം ശശികലയ്ക്കു പിന്നിൽ നിന്നേനെ. നാല് വർഷം കഴിഞ്ഞ് ചിന്നമ്മ ഇന്ന് തമിഴ് നാട്ടിൽ കാൽകുത്തുകയാണ്. നാല് വർഷങ്ങൾക്ക് മുൻപ് മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിൽ കയ്യടിച്ച് ശശികല ജയിലിലേക്കുള്ള യാത്രക്കുമുന്നോടിയായി എടുത്ത കടുത്ത തീരുമാനം  എന്താണെന്ന് ആർക്കും അറിയില്ല.
എന്താലായും കടുത്ത നിലപാടുമായാണ് ചിന്നമ്മ തമിഴകത്ത് തിരികെയത്തിയത്. നഷ്ടപ്പെട്ട പ്രതാപം പണം ഉപയോഗിച്ച് തിരികെ പിടിക്കുകയാണ് അവരുടെ ലക്ഷ്യം. ടി ടി വി ദിനകരനും ശശികലയും ഒരുമിച്ച് നടത്തുന്ന നീക്കം പനീർ ശെൽവത്തെയും, എടപ്പാടിയെയും പിഴുതെറിയാനും എ ഐ ഡി എം കെയെ പിടിച്ചെടുക്കാനുമള്ളതാണ്. അതാണ് അവർ പാർട്ടിയുടെ പതാകവച്ച കാറിൽ ചെന്നൈയിലേക്ക് വന്നിറങ്ങിയത്. തെരഞ്ഞെടുപ്പിൽ ശശികലയ്ക്ക് മൽസരിക്കാനാവില്ല. എന്നാൽ ഒരു പനീർ ശെൽവത്തെയുണ്ടാക്കി അവർ ഭരണം പിടിക്കാനുള്ള ശ്രമമാണ് ഇനി തമിഴകം കാണേണ്ടിവരിക. ചിന്നമ്മ വാഴുമോ, അതോ വീഴുമോ, പാക്കലാം.

LEAVE A REPLY

Please enter your comment!
Please enter your name here