കഴക്കൂട്ടം : ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍നിന്ന് ഇന്ധന എണ്ണ കടലിലേക്ക് ഒഴുകിയ സംഭവത്തിനുശേഷം തിരുവനന്തപുരം ജില്ലയുടെ തീരത്തുനിന്നു കിട്ടുന്ന മത്സ്യം കഴിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു.


മത്സ്യത്തിലൂടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുള്ള ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ല. എണ്ണ കലര്‍ന്ന ഭാഗത്തുനിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധിക്കുന്നുണ്ട്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. എണ്ണ കലര്‍ന്ന മേഖലയില്‍മാത്രം മീന്‍പിടിക്കാന്‍ തത്കാലം പോകരുതെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
മീന്‍പിടിത്ത വള്ളങ്ങളിലും വല അടക്കമുള്ള ഉപകരണങ്ങളിലും എണ്ണ കലരാന്‍ സാധ്യതയുള്ളതിനാലാണ് ഈ മുന്‍കരുതല്‍ നിര്‍ദേശം.
കടലില്‍ മറ്റു ഭാഗങ്ങളിലേക്ക് എണ്ണ വ്യാപിച്ചിട്ടില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. എണ്ണച്ചോര്‍ച്ചയുണ്ടായ ഭാഗത്ത് കടലില്‍ മീനുകള്‍ ചത്തുപൊങ്ങുന്നുവെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനമില്ലാത്തതാണെന്നു മലിനീകരണനിയന്ത്രണ ബോര്‍ഡും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here