യുഎസ് സൈനിക ജയിലായ ഗ്വാണ്ടനാമോ അടച്ചുപൂട്ടാനുള്ള പദ്ധതി നടപ്പിലാക്കാനൊരുങ്ങി പ്രസിഡന്റ് ജോ ബൈഡന്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നിലെ സൂത്രധാരനായ ഖാലിദ് ഷെയ്ക്ക് മുഹമ്മദ് ഉള്‍പ്പെടെ നാല്‍പതോളം കുപ്രസിദ്ധ തീവ്രവാദികളാണ് നിലവില്‍ ഗ്വാണ്ടനാമോ ജയിലില്‍ കഴിയുന്നത്. 2009 ജനുവരിയില്‍ പ്രസിഡന്റ് ഒബാമ അധികാരമേറ്റപ്പോള്‍ നല്‍കിയ വാഗ്ദാനമാണ് ബൈഡനിപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.

ഒബാമ തന്റെ രണ്ട് പ്രാവശ്യത്തെ ഭരണ കാലയളവിലും ഗ്വാണ്ടനാമോ ജയില്‍ അടച്ചുപൂട്ടാന്‍ ശ്രമിച്ചുവെങ്കിലും രാഷ്ട്രീയപരവും നിയമപരവുമായ പ്രതിസന്ധികളാല്‍ അത് സാധിച്ചിരുന്നില്ല. ഇതിന് വിപരീതമായി പിന്നാലെ വന്ന പ്രസിഡന്റ് ട്രംപ് ഗ്വാണ്ടനാമോ ജയില്‍ ഓപ്പണാക്കി നിലനിര്‍ത്താനാണ് ഉത്തരവിട്ടത്. ജയില്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ബൈഡന്‍ കൃത്യമായൊരു സമയം പറഞ്ഞിട്ടില്ലെങ്കിലും കൃത്യമായ അവലോകനം നടത്തിയ ശേഷം പദ്ധതി നടപ്പിലാക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു.

അല്‍ ക്വൊയ്ദയുമായും താലിബാനുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നവരെ തടവിലാക്കുന്നതിനായി 2002 ജനുവരിയിലാണ് ഗ്വാണ്ടനാമോ ജയില്‍ തുറക്കുന്നത്. എന്നാല്‍ തടവുകാരോടുള്ള മോശമായ പെരുമാറ്റം സംബന്ധിച്ചും കുറ്റം ചുമത്താതെ ആളുകളെ ദീര്‍ഘകാലം തടവിലാക്കുന്നത് സംബന്ധിച്ചും ഗ്വാണ്ടനാമോ ജയിലിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here