കൊച്ചി: ഐശ്വര്യ കേരളയാത്രയുമായി കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് നേതാവിന് ഷാളിടുകയും ഫോട്ടോക്ക് പോസു ചെയ്യുകയും ചെയ്ത അഞ്ച് പോലീസുകാര്‍ക്ക് പണി കിട്ടി. സിറ്റി പോലീസിലെയും റൂറലിലെയും മുന്‍ പോലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളാണിവര്‍. എറണാകുളം റൂറലിലെ കല്ലൂര്‍ക്കാട് സ്റ്റേഷന്‍ എഎസ്‌ഐ ബിജു മണി, എച്ച്ക്യൂ ക്യാമ്പിലെ ഡോഗ് സ്‌ക്വാഡ് വിഭാഗം സിപിഒ സില്‍ജന്‍, സിറ്റി പോലീസിലെ എഎസ്‌ഐ ജോസ് ആന്റണി, സിറ്റി കണ്‍ട്രോള്‍ റൂം എഎസ്‌ഐ ഷിബു ചെറിയാന്‍, സിറ്റി എച്ച്ക്യൂ ക്യാമ്പിലെ സിപിഒ ദിലീപ് സദാനന്ദന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തതിനാണ് നടപടി.

മറ്റു അസോസിയേഷന്‍ ഭാരവാഹികളെ ഒഴിവാക്കി ഇവര്‍ നേതാക്കളെ സ്വീകരിച്ചതാണ് വിനയായത്. നേതാക്കളോടൊപ്പംനിന്നെടുത്ത ഫോട്ടോ പോലീസുകാരുടെ സ്വകാര്യ വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. ഇത് പുറത്തായതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു അന്വേഷണത്തിനുത്തരവിടുകയായിരുന്നു. സംഭവത്തില്‍ ഇരുവരും ചട്ടലംഘനം നടത്തിയതായി സിറ്റി പോലീസ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
സസ്‌പെന്‍ഷനിലായ ബിജു മണി കല്ലൂര്‍ക്കാട് സ്റ്റേഷനിലെ പിആര്‍ഒ കൂടിയാണ്. ഡ്യൂട്ടി സമയത്താണ് നേതാക്കളെ കാണാന്‍ പോയതെന്നും സൂചനയുണ്ട്. എന്നാല്‍, ഇവര്‍ നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന നിലപാടിലാണ് പോലീസ് സേനയിലെ യുഡിഎഫ് അനുകൂലികളുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here